മന്ത്രി കെ.ബാബുവിന് ഒരു കോടി രൂപ നല്‍കിയെന്ന് ബിജു രമേശ്

തിരുവനന്തപുരം: ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് എക്സൈസ് മന്ത്രി കെ.ബാബുവിന് രണ്ട് തവണ 50 ലക്ഷം രൂപ വീതം നല്‍കിയെന്ന് ബാര്‍ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്‍റ് ബിജു രമേശ്. രണ്ട് തവണയും സെക്രട്ടറിയേറ്റില്‍ കൊണ്ടുപോയാണ് പണം നല്‍കിയതെന്നും ബിജു രമേശ് പറഞ്ഞു.

താന്‍ നല്‍കിയ മാനനഷ്ട കേസ് ഒത്തു തീര്‍ക്കാനായി ബിജു രമേശ് ദൂതന്മാരെ അയച്ചിരുന്നെന്ന് ഇന്ന്  രാവിലെ മന്ത്രി കെ.ബാബു പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കെ. ബാബുവിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി ബിജു രമേശ് രംഗത്തുവന്നത്.

മന്ത്രി ബാബുവിനെതിരെ താന്‍ നല്‍കിയ മൊഴി രേഖപ്പെടുത്താന്‍ വിജിലന്‍സ് തയാറായില്ല. ബാബുവിനെതിരായ മൊഴി രേഖപ്പെടുത്തരുതെന്ന് വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം. പോള്‍ ഡിവൈ.എസ്.പി  രമേശിന് നിര്‍ദേശം നല്‍കി. ബാബുവിനെ തുടക്കം മുതല്‍ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ കൈക്കൊണ്ടത്. പത്തുകോടി രൂപയാണ് ബാബു ആവശ്യപ്പെട്ടത്. ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ബാര്‍ ഉടമകള്‍ക്കുവേണ്ടി പോളക്കുളം ഗ്രൂപ്പിന്‍െറ കൃഷ്ണദാസ് വേറെയും പണം നല്‍കി. മന്ത്രി ബാബുവിന്‍െറ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതും മുഖ്യസ്പോണ്‍സറായി പ്രവര്‍ത്തിക്കുന്നതും പോളക്കുളം ഗ്രൂപ്പാണെന്നും ബിജു രമേശ് ആരോപിച്ചു. ബിയര്‍ വൈന്‍ പാര്‍ലറുകള്‍ അനുവദിച്ചവരില്‍ നിന്ന് 20 ലക്ഷം രൂപ മന്ത്രി കെ. ബാബു കോഴവാങ്ങി. എലഗന്‍സ് ബിനോയിക്കും കൃഷ്ണദാസിനും ഇക്കാര്യങ്ങള്‍ അറിയാം അവര്‍ ഇത് വെളിപ്പെടുത്തണം. തന്‍െറ ആരോപണങ്ങള്‍ തെളിയിക്കാന്‍ നാര്‍കോ അനാലിസിസിന് തയാറാണ് മന്ത്രി ബാബു അതിന് തയാറുണ്ടോ എന്നും ബിജു രമേശ് വെല്ലുവിളിച്ചു.

ബാബുവിനെതിരെ ഈയാഴ്ച തന്നെ കേസ് ഫയല്‍ ചെയ്യും. ബാബുവിന്‍െറ ആസ്തി പരിശോധിക്കണം. രാഷ്ട്രീയ രംഗത്തു വന്നശേഷം കോടികളുടെ ആസ്തിയാണ് ബാബുവിന് ഉണ്ടായത്. ബാബു നല്‍കിയ മാനനഷ്ടക്കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചിട്ടില്ല. അതിനായി താന്‍ ദൂതനെ അയച്ചു എന്ന ബാബുവിന്‍െറ ആരോപണം തെറ്റാണെന്നും ബിജു രമേശ് പറഞ്ഞു. ബാബുവിനെ ഉപദ്രവിക്കരുതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആവശ്യപ്പെട്ടു. മാണിക്കെതിരായ ആരോപണങ്ങള്‍ ബാബുവിനെതിരെയും നിലനില്‍ക്കുന്നുണ്ട്. ഭയന്നിട്ടാണ് ബാബു രാവിലെ കെ.എം മാണിയെചെന്നു കണ്ടതെന്നും ബിജു രമേശ് പറഞ്ഞു.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.