തിരുവനന്തപുരം: കേന്ദ്രാവിഷ്കൃതപദ്ധതികളിൽ മതിയായ വിഹിതം കണ്ടെത്താനാവാതെ സംസ്ഥാനം കടുത്ത പ്രതിസന്ധിയിലേക്ക്. നേരത്തേ തയാറാക്കിയ പദ്ധതിപ്രകാരം കേന്ദ്രവിഹിതം ലഭിക്കാൻ സംസ്ഥാനം കൂടുതൽ പണം കണ്ടെത്തണം. അതിനുകഴിയാതെവന്നാൽ പദ്ധതി വെട്ടിക്കുറക്കേണ്ടിവരും. ഇക്കൊല്ലം 3000 കോടിരൂപയുടെ അധികഭാരം വരുമെന്നാണ് കണക്കാക്കുന്നത്. ഇത് താങ്ങാനുള്ള സാമ്പത്തികശേഷി സംസ്ഥാനത്തിനില്ല. കേന്ദ്രം പൊതുവേ നൽകുന്ന നികുതിവിഹിതം നേരിയതോതിൽ വർധിക്കുമെങ്കിലും അതിെൻറപേരിൽ കേന്ദ്രപദ്ധതികളുടെ വിഹിതം കുറക്കുന്നത് വലിയ നഷ്ടമാണ് സംസ്ഥാനത്തിന് സൃഷ്ടിക്കുക.
ആസൂത്രണകമീഷനുപകരം നിതി ആയോഗ് വന്നതോടെയാണ് കടുത്തബാധ്യത സംസ്ഥാനത്തിനുണ്ടായത്. ഇപ്പോൾ പത്ത് ശതമാനംവരെ മാത്രം സംസ്ഥാന വിഹിതമുണ്ടായിരുന്ന കേന്ദ്ര പദ്ധതികളിൽ ഭൂരിഭാഗത്തിനും 40 ശതമാനം വിഹിതം ഇനി നൽകണം. ഇപ്പോൾ 90 ശതമാനം വരെ നൽകിയ കേന്ദ്രസർക്കാർ ഇനി 60 ശതമാനം മാത്രമേ നൽകുകയുള്ളൂ. ചില പദ്ധതികൾക്ക് പകുതി പണവും സംസ്ഥാനംതന്നെ കണ്ടെത്തണം. തൊഴിലുറപ്പുപദ്ധതി പോലെ ചുരുക്കം ചിലത് മാത്രമേ പഴയപോലെ നിലനിൽക്കൂ. സംസ്ഥാന സാഹചര്യമനുസരിച്ച പദ്ധതികളല്ലാത്തതിനാൽ ഇവ കൂടുതൽ ഉപയോഗപ്പെടുത്താനും പ്രയാസമാണ്.
മൊത്തം പദ്ധതികൾ 66ൽ നിന്ന് 30 ആയി കുറയുന്നതോടെ അനുയോജ്യമായ പല പദ്ധതികളും നഷ്ടമാവുകയും ചെയ്യും. സംസ്ഥാന സാഹചര്യമനുസരിച്ച് 25 ശതമാനം മാറ്റംവരുത്താമെന്ന വ്യവസ്ഥ പുതുതായി കൊണ്ടുവരാൻ കേന്ദ്രം ഉദ്ദേശിക്കുന്നുണ്ട്. സർവശിക്ഷാ അഭിയാൻ, സ്കൂളുകളിലെ ഉച്ചഭക്ഷണപദ്ധതി, ഗ്രാമീണ റോഡ് വികസന പദ്ധതി (പി.എം.ജി.എസ്.വൈ), ദേശീയ ആരോഗ്യമിഷൻ തുടങ്ങിയ 12 കേന്ദ്രാവിഷ്കൃതപദ്ധതികളിൽ വൻ നഷ്ടമാണ് സംസ്ഥാനത്തിന് വരാൻപോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.