വിഷ്ണുപ്രിയക്കുവേണ്ടി അവർ സർവിസ്​ നടത്തി; നാട് കൂടെ ചേർന്നു

പേരാമ്പ്ര:  കുറ്റ്യാടി–കോഴിക്കോട് റൂട്ടിലെ 15 ബസുടമകളും ജീവനക്കാരും ജീവകാരുണ്യ പ്രവർത്തനത്തിന് പുതിയ മാതൃക തീർത്തു. ഇവരുടെ ഉദ്യമം യാത്രക്കാർകൂടി ഏറ്റെടുത്തതോടെ അത് ജീവകാരുണ്യ പ്രവർത്തനത്തിെൻറ പുതിയൊരേടായി. പേരാമ്പ്ര ഈത്രോത്ത്മീത്തൽ സുരേന്ദ്രെൻറ മകൾ വിഷ്ണുപ്രിയയുടെ (23) വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് തുക സമാഹരിക്കാനാണ് കുറ്റ്യാടി–കോഴിക്കോട് റൂട്ടിലെ 15 ബസുകൾ തിങ്കളാഴ്ച സർവിസ് നടത്തിയത്. വിഷ്ണുപ്രിയ ചികിത്സ സഹായ കമ്മിറ്റിയും യാത്രക്കാരും ബസുകളുടെ പ്രവർത്തനത്തിന് അകമഴിഞ്ഞ സഹായം നൽകി. ഒരു ബസ് ഒരു ട്രിപ് കോഴിക്കോട് പോയി തിരിച്ചുവന്നപ്പോൾ കലക്ഷൻ 10,000 രൂപയോളം ലഭിച്ചു. പല യാത്രക്കാരും ടിക്കറ്റിെൻറ തുകയേക്കാൾ കൂടുതൽ നൽകി. യാത്രക്കാർ നൽകുന്ന തുകക്കനുസരിച്ച് ജീവനക്കാർ ടിക്കറ്റും നൽകി.

ബസിൽ കയറാത്തവരും സന്നദ്ധ സംഘടനകളും ചികിത്സാ ചെലവിലേക്കുള്ള ഈ ഓട്ടത്തിൽ പണം നൽകി ടിക്കറ്റ് വാങ്ങി. വെള്ളിയൂർ കൂട്ടായ്മയുടെ നേതൃത്വത്തിൽ സിൽവർ സ്റ്റോൺ ബസിന് ചികിത്സാ സഹായ ഫണ്ട് കൈമാറി. കുറ്റ്യാടി, പേരാമ്പ്ര, ഉള്ള്യേരി, കോഴിക്കോട് ടൗണുകളിൽ കമ്മിറ്റി ഭാരവാഹികളുടെ നേതൃത്വത്തിൽ പ്രചാരണം നടത്തി യാത്രക്കാരെ ബസിൽ കയറ്റി. ശ്രീഗോകുലത്തിെൻറ രണ്ട്, സിഗ്മ രണ്ട്, ദിയ മിർഷ രണ്ട്, പനായി, ഒമേഗ, അഭിരാമി, ബി.ടി.സി സിൽവർ സ്റ്റോൺ, പുലരി, അനന്തു, അജ്വ, വൈറ്റ്റോസ്, ദുൾദുൾ ബസുകളാണ് ഒരു ജീവൻ രക്ഷിക്കാൻ നിരത്തിലിറങ്ങിയത്. പ്രത്യേക ബാനറുകൾ ബസിൽ സ്ഥാപിക്കുകയും ഓരോ ടൗണുകളിൽനിന്നും കണ്ടക്ടർമാർ ഉച്ചഭാഷിണിയിലൂടെ യാത്രക്കാരെ വിവരമറിയിക്കുകയും ചെയ്തു. ബസ് ജീവനക്കാരുടെ വാട്സ്ആപ് ഗ്രൂപ്പാണ് 15 ബസുകളുടെയും ഇന്ധനചാർജ് വഹിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.