പുതിയ ജഡ്ജി ചുമതലയേറ്റു; പാമൊലിന്‍ കേസില്‍ ഉടന്‍ വാദം തുടങ്ങും

തൃശൂര്‍: വിജിലന്‍സ് കോടതിയില്‍ മാസങ്ങള്‍ക്ക് ശേഷം പുതിയ ജഡ്ജി ചുമതലയേറ്റു. എറണാകുളം ജില്ലാ അഡീഷനല്‍ സെഷന്‍സ് ജഡ്ജ് ആയിരുന്ന എസ്.എസ്. വാസനാണ് തിങ്കളാഴ്ച ചുമതലയേറ്റത്.
മുഖ്യമന്ത്രിയടക്കം പ്രതികളായ സുപ്രധാന കേസുകള്‍ കൈകാര്യം ചെയ്യുന്ന തൃശൂര്‍ വിജിലന്‍സ് കോടതി പ്രവര്‍ത്തനം നിലച്ചിട്ട് മാസങ്ങളായിരുന്നു. സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചുലച്ച പാമൊലിന്‍ കേസും ഇതിലുണ്ട്. വിജിലന്‍സ് കോടതി ജഡ്ജ് ആയിരുന്ന കെ. ഹരിപാല്‍ മേയ് 16നാണ് ആലപ്പുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് ആയി പോയത്. അദ്ദേഹം ഏപ്രില്‍ മുതല്‍ അവധിയിലായിരുന്നു.
അയ്യായിരത്തിലധികം കേസുകളാണ് തൃശൂര്‍ വിജിലന്‍സ് കോടതിയിലുള്ളത്. ഇതില്‍ 10 വര്‍ഷമത്തെിയ മൂവായിരത്തോളം കേസുകളുണ്ട്. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ജഡ്ജിയെ നിയമിക്കേണ്ടത് ഹൈകോടതിയാണ്. ഏപ്രിലില്‍ ജഡ്ജ് പദവിയിലേക്ക് മന്ത്രിസഭ നിര്‍ദേശിച്ച പേര് ഹൈകോടതി തള്ളിയിരുന്നു.
അഴിമതിയാരോപണം നേരിടുന്നയാളെ സര്‍ക്കാര്‍ ശിപാര്‍ശ ചെയ്തെന്ന് ആക്ഷേപവും ഉണ്ടായി. കടുത്ത വിമര്‍ശത്തോടെയാണ് ഹൈകോടതി ശിപാര്‍ശ തള്ളിയത്.
പകരം ആളെ നിര്‍ദേശിക്കാന്‍ ഹൈകോടതി ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ നടപടിയെടുത്തില്ല. മാനേജര്‍, ലീഗല്‍ അഡൈ്വസര്‍, ബെഞ്ച് ക്ളര്‍ക്ക്, മറ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ ഉണ്ടൊയിട്ടും ജഡ്ജി ഇല്ലാത്തതിനാല്‍ കോടതിയുടെ പ്രവര്‍ത്തനം നിലച്ചു. കോഴിക്കോട് വിജിലന്‍സ് കോടതിക്ക് തൃശൂര്‍ കോടതിയിലെ കേസുകളുടെ അധിക ചുമതല നല്‍കിയെങ്കിലും കേസുകളുടെ ആധിക്യം മൂലം ഒന്നും ചെയ്യാനായില്ല.
പാമൊലിന്‍ കേസിന് പുറമെ മലബാര്‍ സിമന്‍റ്സ് കേസ്, ടി.ഒ. സൂരജിനും ടോമിന്‍ തച്ചങ്കരിക്കും എതിരായ അന്വേഷണം, മന്ത്രി സി.എന്‍. ബാലകൃഷ്ണനെതിരായ കണ്‍സ്യൂമര്‍ഫെഡ് അഴിമതി കേസ്, ആരോഗ്യ സര്‍വകലാശാല-കലാമണ്ഡലം കേസുകള്‍, പാട്ടക്കുടിശ്ശിക എഴുതിത്തള്ളി സെന്‍റ് തോമസ് കോളജിന് ഭൂമി നല്‍കിയ കേസ് എന്നിവയുടെ തുടര്‍ നടപടികള്‍ മാസങ്ങളായി നിലച്ചിരിക്കുകയാണ്.
വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ തൃശൂര്‍ യൂനിറ്റില്‍ എത്തുന്ന പരാതികളില്‍ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിടാനും കോടതി ഇടപെടല്‍ വേണം.
പാമൊലിന്‍ കേസില്‍ സര്‍ക്കാരിന്‍െറ വിടുതല്‍ ഹര്‍ജി സുപ്രീം കോടതി തള്ളിയ സാഹചര്യത്തില്‍ തുടര്‍ നടപടിയെടുക്കേണ്ടത് തൃശൂര്‍ വിജിലന്‍സ് കോടതിയാണ്.
 നേരത്തെ മുഖ്യമന്ത്രിക്കെതിരെ പരാമര്‍ശമുണ്ടായപ്പോഴാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ നിന്ന് കേസ് തൃശൂരിലേക്ക് മാറ്റിയത്. സര്‍ക്കാറിനെതിരെ നിരവധി കേസുകളുള്ളതിനാല്‍ നിയമനം വൈകിപ്പിക്കുന്നതായും ആക്ഷേപം ഉയര്‍ന്നിരുന്നു.
വഖഫ് ട്രൈബ്യൂണല്‍ ജഡ്ജ്, തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ് ജഡ്ജ്, കോഴിക്കോട് എന്‍ക്വയറി കമീഷണര്‍ ആന്‍ഡ് സ്പെഷല്‍ ജഡ്ജ് എന്നീ പദവികള്‍ വഹിച്ച എസ്.എസ്. വാസനാണ് കൊച്ചിയില്‍ യുവനടന്‍ ഷൈന്‍ ടോം ഉള്‍പ്പെട്ട കൊക്കെയ്ന്‍ കേസ് പരിഗണിച്ചത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.