പേരാമ്പ്ര: ഈത്രോത്ത് മീത്തൽ വിഷ്ണുപ്രിയയുടെ ചികിത്സക്ക് വേണ്ടി കുറ്റ്യാടി–കോഴിക്കോട് റൂട്ടിലെ 15 ബസുകളും നാട്ടുകാരും കൂടി ഒറ്റ ദിവസം കൊണ്ട് സ്വരൂപിച്ചത് എട്ടുലക്ഷത്തോളം രൂപ. വിഷ്ണുപ്രിയ ചികിത്സാ സഹായ കമ്മിറ്റി അംഗങ്ങൾ കുറ്റ്യാടി, പേരാമ്പ്ര, ഉള്ള്യേരി, കോഴിക്കോട് നഗരം എന്നിവിടങ്ങളിൽ നടത്തിയ ബക്കറ്റ് പിരിവിലൂടെ ഒരു ലക്ഷത്തി അറുപതിനായിരം രൂപ ലഭിച്ചു. നാലു ബസുകാർ സ്വരൂപിച്ച 82000 രൂപ ഉടമകളും ജീവനക്കാരും ചേർന്ന് വിഷ്ണുപ്രിയയുടെ വീട്ടിൽ എത്തിച്ചുകൊടുത്തു. ശേഷിക്കുന്ന 11 ബസുകളുടേയും ബക്കറ്റ് പിരിവിേൻറയും തുക ഏഴു ലക്ഷം രൂപ ബുധനാഴ്ച വൈകീട്ട് നാല് മണിക്ക് സിൽവർ കോളജിൽ നടക്കുന്ന ചടങ്ങിൽ കമ്മിറ്റിക്ക് കൈമാറുമെന്ന് ചികിത്സാ സഹായ സമിതി ചെയർമാൻ എ.കെ. തറുവൈ ഹാജി അറിയിച്ചു. ബസ് ഓണേഴ്സ് അസോസിയേഷൻ പ്രസിഡൻറ് ബി.ടി.സി ബീരാൻ ചികിത്സാ കമ്മിറ്റി രക്ഷാധികാരി കെ. കുഞ്ഞമ്മദ് എം.എൽ.എക്ക് നൽകും. പേരാമ്പ്ര സി.ഐ കെ.കെ. ബിജു പങ്കെടുക്കും.
വാട്സ്ആപ് കൂട്ടായ്മയുടെ സഹായമില്ലാതെ സർവീസ് നടത്തിയ ശ്രീഗോകുലം (2), പനായി, ദിയ മിർഷ എന്നീ ബസുകളുടെ തിങ്കളാഴ്ചത്തെ മൊത്തം കലക്ഷനിൽ ഡീസൽ ചെലവിെൻറ പണം കുറച്ച് ബാക്കിയുള്ള 82065 രൂപയാണ് ഡി.ഡിയായി ചികിത്സാ സഹായ നിധിയിലേക്ക് കൈമാറിയത്. ജില്ലാ ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡൻറ് എം.കെ. സുരേഷ് ബാബുവിെൻറ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ പേരാമ്പ്ര സി.ഐ. കെ.കെ. ബിജു വിഷ്ണുപ്രിയക്ക് കൈമാറി. പേരാമ്പ്ര എസ്.ഐ. ശശിധരൻ, കെ.ഡി.ബി.ഒ.ഒ ജില്ലാ ജോ. സെക്രട്ടറി എ.സി. ബാബുരാജ്, താലൂക്ക് പ്രസിഡൻറ് പി.കെ. സുനിൽകുമാർ, എ. വിജയൻ പനായി തുടങ്ങിയവർ സന്നിഹിതരായിരുന്നു.
സംസ്ഥാനത്തുതന്നെ ആദ്യമായി നടന്ന ഈ വേറിട്ട ജീവകാരുണ്യ പ്രവർത്തനം പൊതുജനങ്ങൾ ഏറ്റെടുത്തിരുന്നു. യാത്രക്കാർ ടിക്കറ്റ് ചാർജിനേക്കാൾ കൂടുതൽ നൽകിയപ്പോൾ സന്നദ്ധ സംഘടനകൾ തുക ശേഖരിച്ച് ബസ് ജീവനക്കാർക്ക് കൈമാറി. സ്വകാര്യ ബസുകൾ കാണിച്ച ഈ മാതൃക പിന്തുടരാൻ നിരവധി ആളുകളും സംഘടനകളും രംഗത്തുവന്നുകൊണ്ടിരിക്കുകയാണ്.
വിഷ്ണുപ്രിയക്കു വേണ്ടി ഓട്ടോകളും
ഒരു വിദ്യാർഥിനിയുടെ ജീവൻ രക്ഷിക്കാൻ കുറ്റ്യാടി–കോഴിക്കോട് റൂട്ടിലെ 15 ബസുകൾ കാണിച്ച മഹനീയ മാതൃക പേരാമ്പ്രയിലെ ഓട്ടോ തൊഴിലാളികളും പിന്തുടരുന്നു. ചെമ്പ്ര റോഡ് സെക്ഷനിലെ ഓട്ടോ തൊഴിലാളികൾ ബുധനാഴ്ചത്തെ ഓട്ടം വിഷ്ണുപ്രിയക്കുവേണ്ടി മാറ്റിവെച്ചിരിക്കുകയാണ്. ഈ സെക്ഷനിൽ മുപ്പതോളം ഓട്ടോറിക്ഷകളാണ് സർവീസ് നടത്തുന്നത്. അവർക്ക് ഇന്ന് കിട്ടുന്ന കലക്ഷൻ മുഴുവൻ പേരാമ്പ്ര ഈത്രോത്ത് മീത്തൽ സുരേന്ദ്രെൻറ മകൾ വിഷ്ണുപ്രിയയുടെ (23) വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വേണ്ടി കൈമാറും. ബസ്സ്റ്റാൻഡ് സെക്ഷനിലെ ഓട്ടോ തൊഴിലാളികൾ 10000 രൂപ വിഷ്ണുപ്രിയക്ക് വേണ്ടി കൊടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. കോർട്ട് റോഡിലേയും മാർക്കറ്റിലേയും ഓട്ടോ തൊഴിലാളികളും ഈ ജീവകാരുണ്യ പ്രവർത്തനത്തിൽ അവരുടേതായ സംഭാവന നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.