മുല്ലപ്പെരിയാര്‍ ജലനിരപ്പ് 135 അടിയിലെത്തി; ജനങ്ങൾ ആശങ്കയിൽ

കുമളി: ജനങ്ങളില്‍ ആശങ്ക വര്‍ധിപ്പിച്ച് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 135 അടിയിലെത്തി. വൃഷ്ടി പ്രദേശത്ത് പെയ്യുന്ന ക നത്ത മഴയെ തുടര്‍ന്ന് അണക്കെട്ടിലെ ജലനിരപ്പ് വെള്ളിയാഴ്ച 133. 20 അടിയായി. ഉച്ചക്ക് ശേഷം മഴ കനത്തതോടെ ജലനിരപ്പ് 135 അടിയിലേക്ക് ഉയര്‍ന്നു. പ്രദേശത്ത് മഴ ഇപ്പോഴും തുടരുന്നതിനാൽ ജനങ്ങൾ ആശങ്കയിലാണ്. തേക്കടിയില്‍ 48.4 മില്ലീമീറ്ററും പെരിയാര്‍ വനമേഖലയില്‍ 55.4 മില്ലീമീറ്ററുമാണ് ജലനിരപ്പ് രേഖപ്പെടുത്തിയത്.

കനത്ത മഴയെ തുടര്‍ന്ന് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് സെക്കന്‍ഡില്‍ 4567 ഘന അടിയായാണ് വര്‍ധിച്ചിട്ടുള്ളത്. തമിഴ്നാട്ടിലും മഴ തുടരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ ജലം എടുക്കുന്നതിന്‍െറ അളവ് ഇനിയും കുറക്കാനാണ് സാധ്യത. ഇതോടെ കേരളത്തെ ഭീതിയിലാഴ്ത്തി മുല്ലപ്പെരിയാറിലെ ജലനിരപ്പ് ദിവസങ്ങള്‍ക്കുള്ളില്‍ 142ലേക്ക് ഉയരും. മുല്ലപ്പെരിയാര്‍ ജലം സംഭരിക്കുന്ന തേനി ജില്ലയിലെ വൈഗ അണക്കെട്ടിലും ജലനിരപ്പ് വര്‍ധിച്ചിട്ടുണ്ട്. 72 അടി സംഭരണ ശേഷിയുള്ള വൈഗയില്‍ 60.43 അടി ജലമാണുള്ളത്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് 6102 ഘന അടിയാണ്. തേനി ജില്ലയില്‍ വ്യാഴാഴ്ച 44 മില്ലീമീറ്റര്‍ മഴയാണ് പെയ്തത്.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136ല്‍ നിന്ന് 142 അടിയായി ഉയര്‍ത്താന്‍ സുപ്രീംകോടതി അനുമതി നല്‍കിയതോടെ കഴിഞ്ഞ നവംബറില്‍ ജലനിരപ്പ് 142 അടിയാക്കി ഉയര്‍ത്തിയിരുന്നു. ഈ വര്‍ഷവും ജലനിരപ്പ് 142ലെത്തിക്കുന്നതിനുള്ള ശ്രമത്തിന്‍െറ ഭാഗമായി തമിഴ്നാട്ടിലേക്ക് കൊണ്ടു പോകുന്ന ജലത്തിന്‍െറ അളവ് സെക്കന്‍ഡില്‍ 1200ല്‍ നിന്ന് 511 ഘനഅടിയാക്കി കുറച്ചു. ജലനിരപ്പ് 142 അടിക്ക് മുകളിലേക്ക് പ്രവേശിക്കുന്നതോടെ വെള്ളം കേരളത്തിലേക്ക് ഒഴുകാന്‍ തുടങ്ങും.

ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ ഉന്നതതല സമിതി 30ന് അണക്കെട്ട് സന്ദര്‍ശിക്കും. ഈ വര്‍ഷം ജൂണ്‍ 22നാണ് ഉന്നതതല സമിതി ഏറ്റവും ഒടുവില്‍ അണക്കെട്ട് സന്ദര്‍ശിച്ചത്. ചെയര്‍മാന്‍ അഡ്വ. നാഥന്‍െറ അധ്യക്ഷതയിലുള്ള സമിതി അണക്കെട്ട് സന്ദര്‍ശിച്ച ശേഷം കുമളിയില്‍ യോഗം ചേരും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.