കൊച്ചി: ജലലഭ്യത കുറഞ്ഞ മേഖലകളിൽ വ്യവസായ ആവശ്യത്തിനുള്ള ജലമൂറ്റ് തടയാൻ പ്രദേശത്തെ നിയന്ത്രിത മേഖലയായി വിജ്ഞാപനം ചെയ്യണമെന്ന് ഹൈകോടതി. 2002ലെ ഭൂഗർഭജല നിയമത്തിലെ ഏഴാം വകുപ്പ് പ്രകാരം രൂപവത്കരിക്കുന്ന ഗ്രൗണ്ട് വാട്ടർ അതോറിറ്റിയുടെ അടിസ്ഥാനത്തിൽ സർക്കാറാണ് ജലമൂറ്റ് നിരോധിത മേഖല സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കേണ്ടത്. ജലലഭ്യത വർധിച്ചതായി അതോറിറ്റി ശിപാർശചെയ്താൽ പ്രദേശത്തെ നിയന്ത്രിത മേഖലയെന്ന നിലയിൽനിന്ന് ഒഴിവാക്കാനും സർക്കാറിന് അധികാരമുണ്ടെന്നും ചീഫ് ജസ്റ്റിസ് അശോക് ഭൂഷൺ, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
സൈലൻറ്വാലിയിൽ പ്രവർത്തിച്ചിരുന്ന മിനറൽ വാട്ടർ നിർമാണ യൂനിറ്റ് അടച്ചുപൂട്ടിച്ച ജില്ലാ കലക്ടറുടെ നടപടിക്കെതിരെ ജെ. ആൻഡ് ഐ. മിനറൽ പ്രൈവറ്റ് ലിമിറ്റഡ് നൽകിയ ഹരജി തീർപ്പാക്കിയാണ് ഉത്തരവ്. എന്നാൽ, ജില്ലാ വ്യവസായ കേന്ദ്രത്തിെൻറ ‘ഗ്രീൻ ചാനൽ ക്ലിയറൻസാണ്’ സ്ഥാപനത്തിന് ഉള്ളതെന്നും പ്രവർത്തനത്തിന് പരിസ്ഥിതി ക്ലിയറൻസ് വേണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാർ കോടതിയെ സമീപിച്ചത്. ഭവാനി നദിയോടുചേർന്ന് പ്രവർത്തിക്കുന്ന സ്ഥാപനം വൻതോതിൽ ജലമൂറ്റുന്നതായും മഴ കുറവായതിനാൽ പ്രദേശം ജലദൗർലഭ്യം നേരിടുന്നതായും സർക്കാർ ചൂണ്ടിക്കാട്ടി. ദേശീയോദ്യാനത്തിെൻറയും വന്യജീവി സംരക്ഷണകേന്ദ്രത്തിെൻറയും 30 കിലോമീറ്റർ ചുറ്റളവിൽ വരുന്ന പ്രദേശത്തെ ബഫർ സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. 10 കിലോമീറ്റർ ചുറ്റളവിൽ ഖനനപ്രവർത്തനങ്ങൾക്ക് പരിസ്ഥിതി ക്ലിയറൻസ് ആവശ്യമുണ്ട്. ജലം ഈറ്റുന്നത് ഖനന പ്രവർത്തനമാണെന്നും അതിനാൽ പരിസ്ഥിതി ക്ലിയറൻസ് അനിവാര്യമാണെന്നും സർക്കാർ ചൂണ്ടിക്കാട്ടി. അതേസമയം, പരിസ്ഥിതി ദുർബല പ്രദേശം സംബന്ധിച്ച സംസ്ഥാന സർക്കാറിന് കീഴിലെ ബയോ ഡൈവേഴ്സിറ്റി ബോർഡിെൻറ വെബ്സൈറ്റിലെ സൂചനകൾ പ്രകാരം മിനറൽ വാട്ടർ നിർമാണ യൂനിറ്റുകളുടെ പ്രവർത്തനത്തിന് മേഖലയിൽ നിരോധമില്ലെന്ന ഹരജിക്കാരുടെ വാദം ഹൈകോടതി ശരിവെച്ചു.
‘ചുമപ്പ്’ വിഭാഗത്തിൽ ഉൾപ്പെടുത്തിയ വ്യവസായങ്ങൾക്ക് നിരോധവും ‘ഓറഞ്ച്’ വിഭാഗത്തിലുള്ളവക്ക് നിയന്ത്രണവുമാണ് പരിസ്ഥിതി ദുർബല പ്രദേശങ്ങളിൽ നടപ്പാക്കുന്നത്. എന്നാൽ ‘ഗ്രീൻ’ വിഭാഗത്തിൽ വരുന്നവയുടെ കാര്യത്തിൽ പ്രത്യേകിച്ച് പരാമർശങ്ങളില്ല. ഹരജിക്കാർക്ക് ഗ്രീൻ ചാനൽ ക്ലിയറൻസ് നൽകിയ സാഹചര്യത്തിൽ പരിസ്ഥിതി ക്ലിയറൻസിെൻറ ആവശ്യമില്ലെന്ന അവരുടെ വാദം കോടതി ശരിവെച്ചു. അതേസമയം, ഭൂഗർഭജല നിയമം ഹരജിക്കാർക്ക് ബാധകമാണെന്നും ഇത് പരിഗണിച്ച് പ്രവർത്തനം അനുവദിക്കാനാകില്ലെന്നും ഹരജിയിൽ കക്ഷിചേർന്ന പരിസ്ഥിതി പ്രവർത്തകരും സമീപവാസികളും ചൂണ്ടിക്കാട്ടി.
തുടർന്ന് പരിസ്ഥിതി ക്ലിയറൻസ് ആവശ്യമില്ലെങ്കിലും ഭൂഗർഭ ജല നിയമം ബാധകമാണോയെന്ന് പരിശോധിച്ച് പ്രവർത്തനകാര്യത്തിൽ തീരുമാനമെടുക്കണമെന്ന് കോടതി നിർദേശിച്ചു. സ്വന്തം ഉപയോഗത്തിനോ സാമൂഹികാവശ്യത്തിനോ അല്ലാതെ വ്യവസായ ആവശ്യത്തിനുൾപ്പെടെയുള്ള ജലമൂറ്റ് നിരോധിക്കാനും നിയന്ത്രിക്കാനും സർക്കാറിന് അവകാശമുണ്ട്. ജലമൂറ്റ് നിരോധിച്ച് കലക്ടർ ഉത്തരവിടുന്നതിനുമുമ്പ് അവിടെ പ്രത്യേക വിജ്ഞാപനം നിലവിലുള്ള മേഖലയാണോയെന്ന് പരിശോധിക്കണം. സ്വന്തം ആവശ്യത്തിനോ സാമൂഹികാവശ്യത്തിനോ ആണോ ജലവിനിയോഗം നടക്കുന്നതെന്നും നോക്കണം.
സാധുവായ വിജ്ഞാപനത്തിന് കീഴിൽ വരാത്ത മേഖലയാണതെങ്കിൽ ഭൂഗർഭജല നിയമപ്രകാരം നിരോധമോ നിയന്ത്രണമോ സാധ്യമല്ല. ആദ്യം മേഖലയെ ജലമൂറ്റ് നിയന്ത്രണ മേഖലയാക്കി വിജ്ഞാപനത്തിലൂടെ പ്രഖ്യാപിക്കുന്നതിനുള്ള നടപടികളാണ് വേണ്ടത്. ഹരജിക്കാരുടെ കാര്യത്തിൽ ജലനിയമം ബാധകമായ മേഖലയാണോയെന്ന് കലക്ടർ പരിശോധിക്കാൻ കോടതി നിർദേശിച്ചു. ഭൂഗർഭജല വകുപ്പ്, പഞ്ചായത്ത്, മലിനീകരണ നിയന്ത്രണ, റവന്യൂ ഉദ്യോഗസ്ഥരുടെ യോഗം കലക്ടർ വിളിച്ചുചേർക്കണം. ഹരജിക്കാരും എതിർ കക്ഷികളും കലക്ടർക്ക് നിവേദനം നൽകണം. ഇതിെൻറ അടിസ്ഥാനത്തിൽ അവരിൽനിന്ന് വിശദീകരണം കേൾക്കണം. ആവശ്യമെങ്കിൽ കലക്ടർ പ്രദേശം സന്ദർശിക്കുകയും വേണം. തുടർന്ന് എത്രയും വേഗം ഉചിത തീരുമാനമെടുക്കണമെന്ന് നിർദേശിച്ച കോടതി ഹരജി തീർപ്പാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.