ഇ–ടെൻഡർ; ഒടുവിൽ പുതിയ തദ്ദേശ ഭരണസമിതികളുടെ തലക്ക് മുട്ടി

കോഴിക്കോട്: ഇലക്ട്രോണിക് ടെൻഡർ സംവിധാനം ഒടുവിൽ പുതിയ തദ്ദേശ സ്വയംഭരണ സ്ഥാപന ഭരണസമിതികളുടെ തലക്ക് മുട്ടി. അഞ്ചു ലക്ഷം രൂപയും അതിന് മുകളിലുമുള്ള എല്ലാ മരാമത്ത് പ്രവൃത്തികളും ഇനി ഇ–ടെൻഡർ വഴി മാത്രമേ നടത്താവൂ എന്നാണ്  ധനവകുപ്പിെൻറ ഉത്തരവ്. മുൻ ഭരണസമിതികൾ തദ്ദേശ വകുപ്പിെൻറ വിവിധ തീരുമാനങ്ങളിലൂടെ തലയൂരിയ സംവിധാനത്തിൽ  ഹൈകോടതി വിധിയുടെ ചുവടുപിടിച്ചാണ് ധനവകുപ്പ് പിടിമുറുക്കിയത്. കഴിഞ്ഞ സെപ്റ്റംബർ 29ന് സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം നിലവിൽ എം.എൽ.എ ഫണ്ട് ഉൾപ്പെടെ 15 ലക്ഷം രൂപ വരെ പ്രവൃത്തികൾ  ഇ–ടെൻഡറിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ജൂൺ മുതൽ തദ്ദേശ മന്ത്രിതല യോഗങ്ങളിൽ ചർച്ച ചെയ്യുന്ന പ്രശ്നമാണ് ഇ–ടെൻഡർ. സർക്കാർ വകുപ്പുകൾ വഴി നടപ്പാക്കുന്ന അഞ്ചു ലക്ഷം രൂപക്ക് മുകളിലുള്ള എല്ലാ പ്രവൃത്തികളും ഇ–ടെൻഡർ വഴിയാക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് ഉത്തരവിറക്കിയിരുന്നു. എന്നാൽ, തദ്ദേശ വകുപ്പിൽ ഇത് നടപ്പായില്ല. കരാർപണിയിലെ ഒത്തുകളി നടക്കില്ലെന്നതിനാൽ ഭരണസമിതികളും ഉദ്യോഗസ്ഥരും ചേർന്ന് ഇ–ടെൻഡർ പൊളിച്ചു. സെക്രട്ടറിമാർക്കും എൻജിനീയർമാർക്കും ഡിജിറ്റൽ ഒപ്പ് നൽകുകയും കമ്പ്യൂട്ടർ പരിജ്ഞാനമുള്ള ജീവനക്കാരെ പ്രത്യേകമായി നിയമിക്കുകയും ചെയ്തിരുന്നെങ്കിലും ഭരണസമിതി–ഉദ്യോഗസ്ഥ ഒത്തുകളിയിൽ ഇതൊന്നും പ്രയോജനപ്പെട്ടില്ല.

ഇ–ടെൻഡറുമായി ബന്ധപ്പെട്ട് 15444,15636,18954,20172,22070 എന്നീ റിട്ട് പെറ്റീഷനുകളിൽ ഒക്ടോബർ അഞ്ചിന് ഹൈകോടതി പുറപ്പെടുവിച്ച വിധിന്യായമാണ് ധനവകുപ്പിെൻറ പുതിയ ഉത്തരവിന് ആധാരം. ഈ റിട്ട് ഹരജിക്കാരെ കൂടി കേട്ട് ഇ–ടെൻഡർ കാര്യത്തിൽ തീരുമാനമെടുക്കണമെന്ന് ഹരജി ഫയലിൽ സ്വീകരിച്ച് ജൂണിൽ ഹൈകോടതി  സർക്കാറിന് നിർദേശം നൽകിയിരുന്നു. ഇതിനായി തദ്ദേശ പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തിയെങ്കിലും നടന്നില്ല.

അഡീ.സെക്രട്ടറിയുടെ നേതൃത്വത്തിൽ മറ്റൊരു സംഘത്തെ നിയമിച്ചിട്ടും ലക്ഷ്യം കണ്ടില്ല. ഒടുവിൽ തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ച ഒക്ടോബറിൽ ഹൈകോടതി പുറപ്പെടുവിച്ച വിധിയാണ് ധനവകുപ്പ് പിടിവള്ളിയാക്കിയത്. പുതിയ ഉത്തരവ് 941 പഞ്ചായത്തുകൾ,152 ബ്ലോക് പഞ്ചായത്തുകൾ,14 ജില്ലാപഞ്ചായത്തുകൾ, 87 നഗരസഭകൾ, ആറ് കോർപറേഷനുകൾ എന്നിവക്ക് ബാധകമാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.