ടി.എന്‍. പ്രതാപന്‍െറ പേരില്‍ കത്ത് വിവാദം

ന്യൂഡല്‍ഹി: യുവാക്കള്‍ക്ക് അവസരം നല്‍കാന്‍ തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറുകയാണെന്ന് പരസ്യപ്രഖ്യാപനം നടത്തിയ ടി.എന്‍. പ്രതാപന്‍ പിന്നീട് സീറ്റ് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കത്തെഴുതിയതായി പ്രചാരണം. ഇത് പ്രതാപന്‍ നിഷേധിച്ചു. കയ്പമംഗലത്ത് മത്സരിക്കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടതായി പ്രതാപന്‍ പറഞ്ഞു.

മത്സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് പ്രതാപന്‍ അയച്ച ഇ-മെയില്‍ സന്ദേശം കേന്ദ്ര തെരഞ്ഞെടുപ്പു സമിതി യോഗത്തില്‍ രാഹുല്‍ ഗാന്ധി വായിച്ചുവെന്ന ചാനല്‍ വാര്‍ത്തകള്‍ ചൂടന്‍ ചര്‍ച്ചക്ക് വഴിയൊരുക്കി. തെരഞ്ഞെടുപ്പു സമിതിയിലെ മലയാളികള്‍ എ.കെ ആന്‍റണി, ഉമ്മന്‍ ചാണ്ടി, വി.എം. സുധീരന്‍, രമേശ് ചെന്നിത്തല എന്നിവരാണ്. ഇവരില്‍ ആരാണ് ഇത്തരമൊരു വിവരം പുറത്തുപറയുകയെന്ന സംശയം അവശേഷിക്കുന്നു. പ്രതാപന്‍ വെള്ളിയാഴ്ച വൈകീട്ട് ഡല്‍ഹിയില്‍ എത്തിയിരുന്നു. മത്സരിക്കണമെന്ന് ആവശ്യപ്പെടാന്‍ രാഹുല്‍ ഗാന്ധി വിളിച്ചു വരുത്തിയതാണെന്ന് മാധ്യമപ്രവര്‍ത്തകരോട് വിശദീകരിക്കുകയും ചെയ്തു. ശനിയാഴ്ച രാവിലെ കൂടിക്കാഴ്ച നടത്തി ഉച്ചയോടെ നാട്ടിലേക്ക് മടങ്ങി. രാഹുല്‍ സ്നേഹപൂര്‍വം നിര്‍ബന്ധിക്കുന്നതുകൊണ്ട് കയ്പമംഗലത്ത് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചായിരുന്നു മടക്കം.

ജയസാധ്യതയുള്ള സ്വന്തം മണ്ഡലം വിട്ട് മത്സരത്തില്‍ നിന്നുതന്നെ മാറിയശേഷം, മറ്റൊരു മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാകാന്‍ പ്രതാപന്‍ പിന്നാമ്പുറ കളി നടത്തുമോ എന്ന ചോദ്യം ബാക്കിയായി. രാഹുല്‍ ഗാന്ധിക്ക് പ്രതാപന്‍ അയച്ചതായി പറയുന്ന ഇ-മെയില്‍ വ്യാജമാണോ എന്ന അന്വേഷണം നടക്കുന്നുണ്ട്. ഇതില്‍ വ്യക്തത വരുത്താനായിട്ടില്ല. പ്രതാപനെതിരായ പ്രചാരണം വ്യാജമാണെന്നും അദ്ദേഹത്തോട് മത്സരിക്കാന്‍ ആവശ്യപ്പെട്ടത് പാര്‍ട്ടിക്കും മണ്ഡലത്തിനും ചെയ്ത സംഭാവന മുന്‍നിര്‍ത്തിയാണെന്നും കേരളത്തിന്‍െറ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.