തിരുവനന്തപുരം: ഐ.എച്ച്.ആര്‍.ഡി ഡയറക്ടര്‍ നിയമനം കോടതിയില്‍. ഉദ്യോഗാര്‍ഥിയും കേന്ദ്ര അഡ്മിനിസ്ട്രേറ്റിവ് സര്‍വിസില്‍ ഡെപ്യൂട്ടി ഡയറക്ടറുമായ പ്രമോജ് ശങ്കര്‍ സമര്‍പ്പിച്ച ഹരജി ഫയലില്‍ സ്വീകരിച്ചാണ് ഹൈകോടതി സര്‍ക്കാറിന് നോട്ടീസ് അയക്കാന്‍ ഉത്തരവിട്ടത്. ഐ.എച്ച്.ആര്‍.ഡിയുടെ ചേര്‍ത്തലയിലെ എന്‍ജിനീയറിങ് കോളജ് പ്രിന്‍സിപ്പലായിരുന്ന ഡോ. പി. സുരേഷ്കുമാറിനെ ഡയറക്ടറായി നിയമിച്ച നടപടി നേരത്തേ വിവാദമായിരുന്നു.
ഫെബ്രുവരി 29നാണ് ഇദ്ദേഹത്തെ നിയമിച്ച് ഉന്നത വിദ്യാഭ്യാസ അഡീഷനല്‍ സെക്രട്ടറിയായിരുന്ന എം. ഷെരീഫ് ഉത്തരവിറക്കിയത്. ഐ.എച്ച്.ആര്‍.ഡിയിലെ നിയമനങ്ങളും സ്ഥാനക്കയറ്റവും സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നേരിടുന്നയാളെ ഡയറക്ടറായി നിയമിച്ചെന്നായിരുന്നു ആക്ഷേപം.
ഡയറക്ടര്‍ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ സുരേഷ്കുമാറിന് പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് അനുവദിച്ചിരുന്നില്ല. എന്നാല്‍, ഉന്നത വിദ്യാഭ്യാസ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍െറ ശിപാര്‍ശയനുസരിച്ച് ഐ.എച്ച്.ആര്‍.ഡി ഡയറക്ടറുടെ ചുമതല വഹിച്ചിരുന്ന സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുകയായിരുന്നു.
സര്‍ട്ടിഫിക്കറ്റില്ലാതെ സമര്‍പ്പിച്ച അപേക്ഷ ചട്ടപ്രകാരം തള്ളേണ്ടതായിരുന്നെങ്കിലും പിന്നീട് കൊണ്ടുവന്ന സര്‍ട്ടിഫിക്കറ്റ് അടിസ്ഥാനത്തില്‍ ഇന്‍റര്‍വ്യൂവിന് വിളിക്കുകയും നിയമന ഉത്തരവ് നല്‍കുകയുമായിരുന്നു. സുരേഷ്കുമാറിന് ഐ.എച്ച്.ആര്‍.ഡിയില്‍ നല്‍കിയ സ്ഥാനക്കയറ്റങ്ങളില്‍ ചട്ടലംഘനം നടന്നെന്ന് നിയമസഭാ സമിതി കണ്ടത്തെിയിരുന്നു.
അസോ. പ്രഫസര്‍, പ്രഫസര്‍, എന്‍ജിനീയറിങ് കോളജ് പ്രിന്‍സിപ്പല്‍ തസ്തികകളിലേക്കുള്ള സ്ഥാനക്കയറ്റങ്ങള്‍ ചട്ടവിരുദ്ധമായാണ് നടത്തിയതെന്നാണ് സമിതി റിപ്പോര്‍ട്ട്. മോഡല്‍ എന്‍ജിനീയറിങ് കോളജ് പ്രിന്‍സിപ്പലും അഡീഷനല്‍ ഡയറക്ടറുമായി നിയമിച്ചതിലെ ക്രമക്കേടുകള്‍ സംബന്ധിച്ച പരാതിയിലാണ് വിജിലന്‍സ് അന്വേഷണം.
എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് സി.പി.എം ഒൗദ്യോഗിക പക്ഷം ഡയറക്ടര്‍ സ്ഥാനത്ത് ഇദ്ദേഹത്തെ നിയമിക്കാന്‍ നീക്കം നടത്തിയിരുന്നു. വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ, മകന്‍ വി.എസ്. അരുണ്‍കുമാറിന് ഐ.എച്ച്.ആര്‍.ഡിയില്‍ വഴിവിട്ട് ഉദ്യോഗക്കയറ്റങ്ങള്‍ നല്‍കിയെന്ന പരാതിയില്‍ അന്വേഷണം നടത്തിയ നിയമസഭാ സമിതിയാണ് സുരേഷ്കുമാറിന് അനധികൃതമായി ഉദ്യോഗക്കയറ്റം നല്‍കിയത് കണ്ടത്തെിയത്.
ഐ.എച്ച്.ആര്‍.ഡിയില്‍ അരുണ്‍കുമാറിന്‍െറ പ്രതിയോഗി എന്ന നിലയില്‍ സുരേഷ്കുമാറിനെ ഉയര്‍ത്തിക്കൊണ്ടുവരുകയും വഴിവിട്ട് ഉദ്യോഗക്കയറ്റങ്ങള്‍ നല്‍കുകയുമായിരുന്നെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് യു.ഡി.എഫ് സര്‍ക്കാര്‍ ഇദ്ദേഹത്തെ ഐ.എച്ച്.ആര്‍.ഡിയുടെ തലപ്പത്ത് പ്രതിഷ്ഠിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.