കൊച്ചി: കരിമണല്‍ ഖനനത്തിന് സ്വകാര്യ കമ്പനികള്‍ക്ക് അനുമതി നല്‍കിയ സുപ്രീംകോടതി ഉദാസീനമായാണ് വിധി പറഞ്ഞതെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. നീതിന്യായ സംവിധാനങ്ങള്‍ തീവ്ര മുതലാളിത്ത സാമ്പത്തിക നയങ്ങളുടെ സ്വാധീനത്തിന് വഴങ്ങണമെന്ന കാഴ്ചപ്പാടിന് അനുയോജ്യമായ വിധികളാണുണ്ടാവുന്നതെന്നും ആണവോര്‍ജവുമായി ബന്ധമുള്ള പദാര്‍ഥങ്ങള്‍ അടങ്ങിയ കരിമണല്‍ ഖനനം പൊതുമേഖലയില്‍ ആവണമെന്നത് രാഷ്ട്ര സുരക്ഷയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം പ്രസ് ക്ളബില്‍ നടത്തിയ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ബേബി.
മദ്യനയത്തിന്‍െറ കാര്യത്തില്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരിയുടെയും കേരളത്തിലെ നേതാക്കളുടെയും അഭിപ്രായങ്ങളില്‍ ഭിന്നതയുണ്ടെന്ന പ്രചാരണം ശരിയല്ല. അവര്‍ ഉപയോഗിച്ച വാക്കുകളില്‍ മാത്രമാണ് വ്യത്യാസമുള്ളത്. സഭകളുടെ സ്വാധീനം മദ്യത്തിനെതിരായ നിലപാടില്‍ സ്വാധീനിച്ചിട്ടില്ല. മദ്യനയവുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പമുണ്ടായ സാഹചര്യത്തിലാണ് സീതാറാം യെച്ചൂരി വ്യക്തത വരുത്തിയത്. എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ പ്രവര്‍ത്തനങ്ങളിലൂടെ കേരളം സമ്പൂര്‍ണ സാക്ഷരത കൈവരിച്ചതുപോലെ മദ്യവര്‍ജനത്തിലൂടെ മദ്യനിരോധം സാക്ഷാത്കരിക്കുമെന്നും ബേബി പറഞ്ഞു.
സരിതയാണോ മുഖ്യമന്ത്രിയാണോ സത്യം പറയുന്നതെന്ന് സംശയിക്കേണ്ട സാഹചര്യമുണ്ടായത് കേരളത്തിന് അപമാനമാണ്. എന്ത് അപമാനവും സഹിച്ച് മുഖ്യമന്ത്രിയായി തുടരുമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇപ്പോള്‍ അപകീര്‍ത്തികേസ് കൊടുക്കാന്‍ തയാറായിരിക്കുകയാണ്. സി.പി.എമ്മില്‍ മലബാര്‍ നേതാക്കള്‍ക്ക് പ്രത്യേക പരിഗണനയുണ്ടെന്ന പ്രചാരണം മാധ്യമസൃഷ്ടിയാണ്. തൃപ്പൂണിത്തുറയില്‍ സ്വരാജിനെ സ്ഥാനാര്‍ഥിയാക്കിയത് എല്‍.ഡി.എഫിന്‍െറയും സി.പി.എമ്മിന്‍െറയും ഉചിതമായ തീരുമാനമാണെന്ന് തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ വ്യക്തമാകും. തെരഞ്ഞെടുപ്പില്‍ ജെ.എസ്.എസ് മത്സരിക്കുമെന്ന ഗൗരിയമ്മയുടെ തീരുമാനം വേദനാജനകമാണെന്നും ബി.ജെ.പി അക്കൗണ്ട് തുറക്കില്ളെന്നും എം.എ. ബേബി പ്രതികരിച്ചു.
പാലക്കാട് വിക്ടോറിയ കോളജിലെ വിദ്യാര്‍ഥികളുടെ പ്രതിഷേധ രീതിയെ ന്യായീകരിക്കുന്നില്ല. എന്നാല്‍, ഇവിടെ വിദ്യാര്‍ഥികളുടെ പ്രതിഷേധ നിര്‍മിതിയെ ഒരു കലാസൃഷ്ടിയായി കാണണമെന്ന അഭിപ്രായം പൊതുസമൂഹത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.