ക്ഷേമനിധി പെന്‍ഷന്‍ വിതരണത്തില്‍ ഇരട്ടിപ്പ്, തുക തിരികെ പിടിക്കാന്‍ നടപടി

തിരുവനന്തപുരം: കെട്ടിടനിര്‍മാണത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നുള്ള പെന്‍ഷന്‍ വിതരണത്തില്‍ ഇരട്ടിപ്പ് നടന്നതായി കണ്ടത്തെല്‍. ഒരേ ഗുണഭോക്താവിന് തന്നെ ഒരേ കാലയളവില്‍ മണി ഓര്‍ഡറായും ബാങ്ക് അക്കൗണ്ട് വഴിയും രണ്ടുവട്ടം പണം നിക്ഷേപിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ മാത്രം നടത്തിയ പരിശോധനയില്‍  ഇരട്ടിപ്പ് മൂലം 32 ലക്ഷം രൂപ അധികമായി ചെലവായെന്നാണ് കണ്ടത്തെിയത്. അടുത്ത കാലയളവില്‍ നല്‍കേണ്ട പെന്‍ഷന്‍ തടസ്സപ്പെടുത്തി അധികമായി പെന്‍ഷന്‍ ലഭിച്ചവരില്‍ നിന്ന് തുക തിരികെ വസൂലാക്കാനാണ്  അ    ധികൃതരുടെ തീരുമാനം. മറ്റ് ജില്ലകളിലും  ഇത്തരം അപാകത നടന്നിട്ടുണ്ടോ എന്നറിയാന്‍ പ്രത്യേക സംഘം രൂപവത്കരിച്ച് പരിശോധനകള്‍ പുരോഗമിക്കുകയാണ്. കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളിലെ പരിശോധനയാണ് നിലവില്‍ നടക്കുന്നത്.2014 മേയ് 23നും 28നുമാണ് തിരുവനന്തപുരം ജില്ലാ ഓഫിസില്‍ നിന്ന് പെന്‍ഷന്‍ വിതരണം ചെയ്ത വകയില്‍ 2327812 രൂപ അധികമായി ചെലവായത്. കൊല്ലം ജില്ലാ ഓഫിസില്‍ 2013 ജൂലൈ മുതല്‍ 2015 മാര്‍ച്ച് വരെയുള്ള കാലയളവില്‍ ഇരട്ടിപ്പുണ്ടായതിനെതുടര്‍ന്ന് 923280 രൂപ അധികമായി ചെലവായി എന്നാണ് കണ്ടത്തെല്‍.

നേരത്തേ കേന്ദ്ര ഓഫിസില്‍ നിന്ന് നേരിട്ടാണ് പെന്‍ഷന്‍ വിതരണം നടന്നിരുന്നത്. കഴിഞ്ഞ സര്‍ക്കാര്‍ ഗുണഭോക്താക്കള്‍ക്ക് ബാങ്ക് അക്കൗണ്ട് വഴി പെന്‍ഷന്‍ നേരിട്ട് എത്തിക്കാനുള്ള നടപടി സ്വീകരിച്ചശേഷമാണ് വികേന്ദ്രീകൃത സംവിധാനം ഏര്‍പ്പെടുത്തുകയും ജില്ലാ ഓഫിസുകള്‍ക്ക് ചുമതല നല്‍കുകയും ചെയ്തത്.  ബില്ലുകള്‍ ലഭിക്കുന്ന മുറക്ക് കേന്ദ്ര ഓഫിസില്‍ നിന്ന് തുക ജില്ലാ ഓഫിസുകളിലേക്ക് നല്‍കുകയാണ് ചെയ്യുന്നത്. എന്നാല്‍, ഇതിനായി ക്ഷേമനിധി ബോര്‍ഡിന്‍െറ ജില്ലാ ഓഫിസുകളില്‍ പ്രത്യേകം സോഫ്റ്റ്വെയര്‍ തയാറാക്കുകയോ ജീവനക്കാര്‍ക്ക് ഇത് സംബന്ധിച്ച് മതിയായ പരിശീലനം നല്‍കുകയോ ചെയ്തിരുന്നില്ല.  

ഇതാണ് പെന്‍ഷന്‍ വിതരണത്തിലെ അപാകതക്കിടയാക്കിയതെന്നാണ് വിവരം. സോഫ്റ്റ്വെയറില്ലാത്തതിനാല്‍ എക്സല്‍ ഷീറ്റിലാണ് പെന്‍ഷന്‍ വിതരണത്തിനുള്ള നടപടികള്‍ ചെയ്തത്. അതേസമയം, ഇരട്ടിപ്പും അധികചെലവുണ്ടായതും ഗൗരവത്തോടെയാണ് അധികൃതര്‍ കാണുന്നത്. സെക്രട്ടേറിയറ്റിലെ സാമ്പത്തികപരിശോധനാവിഭാഗവും അപാകത സ്ഥിരീകരിച്ചിട്ടുണ്ട്.വിശദ പരിശോധനകള്‍ക്കായി സാമ്പത്തികപരിശോധനാവിഭാഗം വിജിലന്‍സിന് ശിപാര്‍ശ നല്‍കിയെന്നാണ് വിവരം. മൂന്നുമാസം കൂടുമ്പോള്‍ ഒന്നിച്ച് പെന്‍ഷന്‍ നല്‍കുന്ന രീതിയാണ് ബോര്‍ഡിലുള്ളത്. സംസ്ഥാനത്തെ മൂന്ന് ലക്ഷം ഗുണഭോക്താക്കള്‍ക്ക് ഒരു വട്ടം പെന്‍ഷന്‍ നല്‍കുന്നതിന് 40 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. 15 ലക്ഷം പേരാണ് ക്ഷേമനിധിയിലെ അംഗങ്ങള്‍.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.