ബംഗ്ളാദേശി പെണ്‍കുട്ടികളെ ഉടന്‍ നാട്ടിലത്തെിക്കാന്‍ ഹൈകോടതി ഉത്തരവ്

കോഴിക്കോട്: ലൈംഗിക പീഡനത്തിനിരയായി കഴിഞ്ഞ എട്ടുവര്‍ഷമായി കോഴിക്കോട് വെള്ളിമാട്കുന്നിലെ മഹിളാമന്ദിരത്തില്‍ കഴിയുന്ന മൂന്ന് പെണ്‍കുട്ടികളെ ഉടന്‍ മോചിപ്പിക്കണമെന്ന് ഹൈകോടതി ഉത്തരവിട്ടു. പെണ്‍കുട്ടികള്‍ക്കുവേണ്ടി നിയമപരമായി പോരാടുന്ന പുനര്‍ജനി അഭിഭാഷകസംഘടന സമര്‍പ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് സുരേഷ്കുമാറിന്‍െറ സിംഗ്ള്‍ ബെഞ്ച് വിധി പറഞ്ഞത്.
പീഡനക്കേസിലെ ഇരകളെ പിടിച്ചുവെച്ചത് കടുത്ത അനീതിയും മനുഷ്യാവകാശലംഘനവുമാണെന്ന് ബെഞ്ച് നിരീക്ഷിച്ചു. വിഡിയോ കോണ്‍ഫറന്‍സിങ് പോലുള്ള സംവിധാനങ്ങള്‍ ഇത്തരം കേസുകളില്‍  ഉപയോഗപ്പെടുത്തേണ്ടതാണെന്നും കോടതി വിലയിരുത്തി. പെണ്‍കുട്ടികളെ നാട്ടിലേക്ക് തിരിച്ചയക്കുകയാണെങ്കില്‍ അന്വേഷണത്തിനും നിയമനടപടികള്‍ക്കുമായി വിഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം ഒരുക്കാമെന്ന് ആം ഓഫ് ജോയ് മുഖേന ബംഗ്ളാദേശിലെ പെണ്‍കുട്ടികളുടെ സ്വദേശങ്ങളിലെ ജില്ലാ മജിസ്ട്രേറ്റിന്‍െറ ഉറപ്പ് ലഭിച്ചിട്ടുണ്ട്. ഹരജിക്കാരായ, കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പുനര്‍ജനിക്കുവേണ്ടി അഡ്വ.ബി. പ്രേംനാഥും പെണ്‍കുട്ടികള്‍ക്കുവേണ്ടി അഡ്വ. രേഖയും ഇവരുടെ മോചനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയായ ആം ഓഫ് ജോയ്ക്കുവേണ്ടി അഡ്വ.എന്‍.കെ. സുബ്രഹ്മണ്യനും ഹാജരായി.
നീണ്ട എട്ടുവര്‍ഷത്തിനുശേഷം മൂന്ന് പെണ്‍കുട്ടികളും ജന്മനാട് വീണ്ടും സ്വപ്നം കാണുമ്പോള്‍ ബംഗളൂരുവില്‍ സമാന കേസില്‍പെട്ട പെണ്‍കുട്ടിയെ മോചിപ്പിക്കാനുള്ള നടപടിയൊന്നുമായിട്ടില്ല. പെണ്‍കുട്ടികളെ നാട്ടിലേക്ക് തിരിച്ചയക്കുന്ന നടപടികള്‍ അന്തിമഘട്ടത്തിലാണെന്ന് ജില്ലാ ഭരണകൂടവും അറിയിച്ചിട്ടുണ്ട്. ഇവരെ നാട്ടിലേക്കയക്കുന്നതില്‍ തടസ്സമില്ളെന്ന് കാണിച്ച് അഡീഷനല്‍ ജില്ലാ-സെഷന്‍സ് കോടതി ജഡ്ജിയില്‍നിന്നുള്ള കത്ത് ഫോറിനേഴ്സ് റീജ്യനല്‍ രജിസ്ട്രേഷന്‍ ഓഫിസര്‍ക്ക് (എഫ്.ആര്‍.ആര്‍.ഒ) കൈമാറി. ഇതനുസരിച്ചുള്ള തുടര്‍നടപടികള്‍ എഫ്.ആര്‍.ആര്‍.ഒ ഉടന്‍ സ്വീകരിക്കും.
 നാലാമത്തെ പെണ്‍കുട്ടിക്കുകൂടി യാത്രാനുമതി ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങള്‍ ബംഗളൂരു പൊലീസുമായും കര്‍ണാടക ലീഗല്‍ സര്‍വിസസ് അതോറിറ്റിയുമായും ബന്ധപ്പെട്ട് നടത്തുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.