കൊച്ചി: നടുറോഡില്‍ യുവതിയെ കടന്നുപിടിച്ച ഹൈകോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകന്‍ ധനേഷ് മാത്യു മാഞ്ഞൂരാനെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ദൃക്സാക്ഷികളുടേതടക്കം 35ഓളം പേരുടെ മൊഴികള്‍ രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) മുമ്പാകെ കുറ്റപത്രം സമര്‍പ്പിച്ചത്.
ജൂലൈ 14ന് വൈകീട്ട് ഏഴോടെ എറണാകുളം കോണ്‍വന്‍റ് ജങ്ഷനിലാണ് കേസിനാസ്പദമായ സംഭവം. സ്വകാര്യസ്ഥാപനത്തില്‍നിന്ന് ജോലി കഴിഞ്ഞ് മടങ്ങവെയാണ് യുവതിയെ പ്രതി കടന്നുപിടിച്ചത്. യുവതി ബഹളംവെച്ചതോടെ സമീപത്തെ സ്ഥാപനത്തിലേക്ക് കയറിയ ധനേഷ് മാത്യുവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. തൊട്ടടുത്ത ദിവസം തനിക്ക് ആളുമാറിപ്പോയെന്ന് വ്യക്തമാക്കി യുവതി കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. എന്നാല്‍, നിര്‍ബന്ധത്തിന് വഴങ്ങിയാണ് ഇത്തരത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനിടയായതെന്ന് യുവതി പിന്നീട് പൊലീസിന് മൊഴി നല്‍കി. ധനേഷ് യുവതിയെ കടന്നുപിടിച്ചതായി നേരത്തേ എം.ജി റോഡില്‍ ഹോട്ടല്‍ നടത്തുന്ന ഷാജി പൊലീസിന് മൊഴി നല്‍കിയിരുന്നു.
ഈ കേസ് റിപ്പോര്‍ട്ട് ചെയ്തതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളിലെ കോടതികളില്‍ മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ തടയുകയും ആക്രമിക്കുകയും ചെയ്തിരുന്നു. ധനേഷ് യുവതിയെ കടന്നുപിടിച്ചതായി സാക്ഷിമൊഴികളില്‍നിന്ന് വ്യക്തമായതായി പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, യുവതിയെ നടുറോഡില്‍ കടന്നുപിടിച്ച സംഭവത്തില്‍ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിയും ഗവ. പ്ളീഡറുമായ ധനേഷ് മാത്യു മാഞ്ഞൂരാന്‍ നല്‍കിയ ഹരജി ഹൈകോടതി തീര്‍പ്പാക്കി. കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തിലാണ് സിംഗ്ള്‍ ബെഞ്ച് ഹരജി തീര്‍പ്പാക്കിയത്.
ഹരജി പരിഗണനക്കെടുത്തപ്പോള്‍ ധനേഷ് മാഞ്ഞൂരാനെതിരെ സ്ത്രീത്വത്തെ അപമാനിച്ചതുമായി ബന്ധപ്പെട്ട് ഐ.പി.സി 354 പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചതായി അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയെ അറിയിക്കുകയായിരുന്നു. കോടതി മുഖേനയുള്‍പ്പെടെ ഉചിത പരിഹാരം തേടാന്‍ ഹരജിക്കാരന് അവകാശമുണ്ടെന്ന് സിംഗ്ള്‍ ബെഞ്ച് വ്യക്തമാക്കി. മന$പൂര്‍വം കേസില്‍ കുടുക്കിയതാണെന്ന വാദമുയര്‍ത്തിയാണ് ധനേഷ് മാഞ്ഞൂരാന്‍ കേസ് റദ്ദാക്കാന്‍ ഹരജി നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.