കുടിശ്ശികയുള്ളപ്പോള്‍ പുതിയ വൈദ്യുതി കണക്ഷന്‍ നല്‍കാന്‍ ബാധ്യതയില്ല –ഹൈകോടതി

കൊച്ചി: കുടിശ്ശികയെ തുടര്‍ന്ന് കണക്ഷന്‍ വിച്ഛേദിച്ച പുരയിടത്തില്‍ നിര്‍മിച്ച പുതിയ കെട്ടിടത്തിന് കണക്ഷന്‍ നല്‍കാന്‍ വൈദ്യുതി ബോര്‍ഡിന് ബാധ്യതയില്ളെന്ന് ഹൈകോടതി. കുടിശ്ശിക തീര്‍ക്കാതെ പഴയ കണക്ഷന്‍ നിലനിന്നിടത്തേക്ക് പുതിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണെങ്കില്‍ പോലും കണക്ഷന്‍ നല്‍കാന്‍ വൈദ്യുതി ബോര്‍ഡിനെ നിര്‍ബന്ധിക്കാനാവില്ല. അതേസമയം, കുടിശ്ശിക മുഴുവന്‍ തീര്‍പ്പാക്കിയാല്‍ പുതിയ കണക്ഷന്‍ നല്‍കുന്ന കാര്യത്തില്‍ ബോര്‍ഡിന് ഉചിത തീരുമാനമെടുക്കാമെന്നും സിംഗ്ള്‍ബെഞ്ച് വ്യക്തമാക്കി. കായംകുളം സ്വദേശി കൊച്ചുമോന്‍ നല്‍കിയ ഹരജി തള്ളിയാണ് ഉത്തരവ്.

വൈദ്യുതി മോഷണവിരുദ്ധ സ്ക്വാഡ് നടത്തിയ പരിശോധനയില്‍ ഹരജിക്കാരന്‍െറ നിലവിലെ കണക്ഷനില്‍നിന്ന് പുതുതായി നിര്‍മിക്കുന്ന കെട്ടിടത്തിലേക്ക് നിയമവിരുദ്ധമായി ലൈന്‍ വലിച്ചിരുന്നതായി കണ്ടത്തെിയിരുന്നു. വൈദ്യുതി ഉപയോഗത്തിലെ ക്രമക്കേട് കണ്ടത്തെിയതിനെ തുടര്‍ന്ന് കുടിശ്ശികയും പിഴയും ചേര്‍ത്ത് 3.80 ലക്ഷം രൂപ അടക്കാന്‍ നിര്‍ദേശിച്ച് താല്‍ക്കാലിക ബില്‍ നല്‍കി. ഈ തുക അടക്കാനുള്ള നിര്‍ദേശം സ്ഥിരപ്പെടുത്തിയതോടെ ഹരജിക്കാരന്‍ കോടതിയെ സമീപിച്ചു. ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാന്‍ ഇടക്കാല ഉത്തരവിലൂടെ ഹൈകോടതി അവസരം നല്‍കി. എന്നാല്‍, അപ്പീല്‍ നല്‍കുമ്പോള്‍ പകുതി തുക കെട്ടിവെക്കണമെന്ന വ്യവസ്ഥ പാലിക്കാതിരുന്നതിനാല്‍ അപ്പീല്‍ നിരസിച്ചു.

തുടര്‍ന്നാണ് കേസ് വീണ്ടും കോടതി പരിഗണിച്ചത്. കുടിശ്ശിക പിടിച്ചെടുക്കല്‍ നടപടികള്‍ നടന്നുവരുമ്പോള്‍ അതേ ഉടമസ്ഥരുടെയോ അവകാശിയുടെയോ പേരില്‍ അതേ വളപ്പില്‍പുതിയ കണക്ഷന്‍ നല്‍കാന്‍ കഴിയില്ളെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഉദ്യോഗസ്ഥരുടെ വാദം അംഗീകരിച്ച കോടതി ശരിയായ വിധത്തില്‍ അപ്പീല്‍ സൗകര്യം വിനിയോഗിക്കാതിരുന്നതുകൂടി പരിഗണിച്ച് ഹരജി തള്ളുകയായിരുന്നു. ബോര്‍ഡിന് നല്‍കേണ്ട കുടിശ്ശിക തീര്‍ത്താല്‍ പുതിയ കണക്ഷന്‍ നല്‍കുന്ന കാര്യം പരിഗണിക്കണമെന്നും കോടതി വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.