വിജിലന്‍സ് ചമഞ്ഞ് പട്ടാപ്പകല്‍ വന്‍കവര്‍ച്ച: ബിസിനസുകാരന്‍െറ വീട്ടില്‍ നിന്ന് 60 പവനും പണവും കവര്‍ന്നു

പെരുമ്പാവൂര്‍: വിജിലന്‍സ് ഉദ്യോഗസ്ഥരായി ചമഞ്ഞ് പട്ടാപ്പകല്‍ ബിസിനസുകാരന്‍െറ വീട്ടില്‍ വന്‍ കവര്‍ച്ച. പാറപ്പുറം ഗ്രീന്‍ ലാന്‍റിന് സമീപം പാളി സിദ്ദീഖിന്‍െറ വീട്ടിലാണ് വെള്ളിയാഴ്ച ഉച്ചക്ക് കവര്‍ച്ച നടന്നത്. 60 പവന്‍ ആഭരണം, 25000 രൂപ, രണ്ട് മൊബൈല്‍ ഫോണ്‍, ഐപാഡ്, ബൈക്കിന്‍െറ താക്കോല്‍ എന്നിവയാണ് കവര്‍ന്നത്.

ഏകദേശം 1.45ന് എട്ടോളം പേരടങ്ങിയ സംഘം വാഹനത്തില്‍ എത്തി വിജിലന്‍സ് ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തി വീടിനകത്ത് പ്രവേശിക്കുകയായിരുന്നു. ഒരാള്‍ പൊലീസ് വേഷത്തിലായിരുന്നു. ഈ സമയത്ത് സിദ്ദീഖിന്‍െറ ഭാര്യയും മകളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ജുമുഅ നമസ്കാരത്തിന് പോയ സിദ്ദീഖ് അല്‍പസമയം കഴിഞ്ഞ് എത്തി. കാര്യം അന്വേഷിച്ചപ്പോള്‍ അവിഹിത സ്വത്തിന്‍െറ ഉറവിടം തേടിയുള്ള പരിശോധനക്കത്തെിയതാണെന്ന് അറിയിച്ച് മൂവരെയും പുറത്തിരുത്തി പരിശോധന തുടരുകയായിരുന്നു.

പരിശോധന കഴിഞ്ഞ് പുറത്തിറങ്ങി വാഹനത്തില്‍ കയറുന്നതിനിടെയാണ് സ്വര്‍ണം സൂക്ഷിച്ച ബാഗ് സംഘത്തിലൊരാളുടെ കൈവശമിരിക്കുന്നത് വീട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. കബളിപ്പിക്കപ്പെട്ടെന്ന് മനസ്സിലാക്കി പിന്തുടര്‍ന്നെങ്കിലും സംഘം സ്ഥലംവിടുകയായിരുന്നു. പിന്നീടുള്ള പരിശോധനയിലാണ് മറ്റ് സാധനങ്ങള്‍ അപഹരിക്കപ്പെട്ടത് അറിയുന്നത്.

വീട്ടിലുണ്ടായിരുന്ന രണ്ട് മൊബൈലും മോഷ്ടാക്കള്‍ കൊണ്ടുപോയതിനാല്‍ പൊലീസിനെ വിവരം അറിയിക്കാന്‍ വൈകി. പിന്നീട് അയല്‍വാസിയുടെ ഫോണില്‍ നിന്നാണ് പൊലീസിനെ അറിയിച്ചത്. ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും ഫോറന്‍സിക് വിദഗ്ധരും വീട്ടിലത്തെി പരിശോധന നടത്തി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.