ന്യൂനപക്ഷ സ്കോളര്‍ഷിപ്പ്: അര്‍ഹത മാത്രം പോരാ, അധികൃതര്‍ കനിയുകയും വേണം

പാലക്കാട്: ന്യൂനപക്ഷ വകുപ്പ് സ്കോളര്‍ഷിപ്പ് ലഭിക്കണമെങ്കില്‍ പരീക്ഷയില്‍ മിടുക്ക് കാണിച്ചാല്‍ മാത്രം പോരാ, അധികൃതര്‍ കനിയുകയും വേണം. പ്രീ മെട്രിക് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കേണ്ട അവസാന തീയതി ഈ മാസം 31 ആണെന്നിരിക്കെ നട്ടം തിരിയുകയാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും.
പതിനൊന്ന് രേഖകള്‍ ഉള്‍പ്പെടുത്തി വെബ്സൈറ്റ് വഴിയാണ് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കേണ്ടത്. അപേക്ഷക്കൊപ്പം നല്‍കേണ്ട ഡൊമിസിയല്‍ സര്‍ട്ടിഫിക്കറ്റാണ് (സ്ഥിരതാമസക്കാരനാണെന്നതിനുള്ള രേഖ) പല വിദ്യാര്‍ഥികള്‍ക്കും വഴിമുടക്കിയായി നില്‍ക്കുന്നത്.

പഞ്ചായത്തില്‍ നിന്ന് ലഭിക്കുന്ന താമസ സര്‍ട്ടിഫിക്കറ്റുമായി വില്ളേജ് ഓഫിസില്‍ ചെന്നാലേ ‘ഡൊമിസിയല്‍’ സര്‍ട്ടിഫിക്കറ്റ് ലഭിക്കൂ. സ്വന്തമായി വീടുള്ളവര്‍ക്ക് മാത്രമേ താമസ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നുള്ളൂ. വാടകക്ക് താമസിക്കുന്നവര്‍ക്ക് വീട്ടുടമസ്ഥന്‍െറ ഉറപ്പില്‍ സര്‍ട്ടിഫിക്കറ്റ് കൊടുക്കണമെന്നാണ് നിയമം. എന്നാല്‍, കെട്ടിടം വാടകക്ക് കൊടുക്കുന്നെന്ന് കാണിച്ചാല്‍ കൂടുതല്‍ നികുതി നല്‍കേണ്ടി വരുന്നതിനാല്‍ ഭൂരിഭാഗം വീട്ടുടമസ്ഥരും അതിന് തയാറാകാറില്ല. അപേക്ഷയോടൊപ്പം വിദ്യാര്‍ഥികളുടെ ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ കോപ്പി സമര്‍പ്പിക്കുന്നുണ്ട്. അതില്‍ നിന്നുള്ള വിലാസം സ്വീകരിച്ച് ഡൊമിസിയല്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാതെ തന്നെ സ്കോളര്‍ഷിപ്പ് നല്‍കാന്‍ നടപടി സ്വീകരിക്കണമെന്നാണാവശ്യം. അപേക്ഷിക്കേണ്ട വെബ്സൈറ്റ് ഓപ്പണ്‍ ആകുന്നില്ല എന്നതാണ് മറ്റൊരു പ്രധാന പരാതി. ഇത്രയധികം അപേക്ഷകള്‍ ഉള്‍ക്കൊള്ളാന്‍ ശേഷിയില്ലാത്തതിനാലാണ് വെബ്സൈറ്റ് ഹാങ്ങാകുന്നതെന്ന് പറയുന്നു. അക്ഷയകേന്ദ്രം വഴി ഒരാള്‍ ചുരുങ്ങിയത് 160 രൂപയെങ്കിലും നല്‍കേണ്ടി വരുമെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.