പടക്കലൈസന്‍സ്: അഴിമതി തടയാന്‍ വിജിലന്‍സ് നിരീക്ഷണം ശക്തമാക്കുന്നു

തിരുവനന്തപുരം: ദീപാവലിയോടനുബന്ധിച്ച് താല്‍ക്കാലിക പടക്കലൈസന്‍സ് അനുവദിക്കുന്നതിനുപിന്നിലെ അഴിമതി തടയാന്‍ വിജിലന്‍സ് ആന്‍ഡ് ആന്‍റികറപ്ഷന്‍ ബ്യൂറോ നിരീക്ഷണം ശക്തമാക്കുന്നു. ലൈസന്‍സ് അനുവദിക്കാന്‍ എന്‍.ഒ.സി നല്‍കേണ്ട ഫയര്‍ഫോഴ്സ് അഡീഷനല്‍ ഡിവിഷനല്‍ ഓഫിസുകളിലും ലൈസന്‍സ് അനുവദിക്കുന്ന കലക്ടറേറ്റുകളിലെ സെക്ഷനുകളിലുമാണ് ഇതുമായി ബന്ധപ്പെട്ട് ‘പണപ്പിരിവ്’ നടക്കുന്നത്.

1000 മുതല്‍ 15,000 വരെയാണ് ‘പിരിവുതുക’. കഴിഞ്ഞസീസണില്‍ ഇതുമായി ബന്ധപ്പെട്ട് നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്നെങ്കിലും നടപടി കൈക്കൊണ്ടിരുന്നില്ല. സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്ക് ലൈസന്‍സ് നല്‍കുന്നത് സുരക്ഷാഭീഷണി ഉയര്‍ത്തുമെന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടും അവഗണിക്കപ്പെട്ടു.
പുറ്റിങ്ങല്‍ ദുരന്തത്തിന്‍െറ പശ്ചാത്തലത്തില്‍ സുരക്ഷാമാനദണ്ഡങ്ങള്‍ കര്‍ശനമാക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും നടപടികള്‍ എങ്ങുമത്തെിയില്ല. ലൈസന്‍സിനുള്ള അപേക്ഷ ക്ഷണിച്ചിട്ടും ഇതിനെക്കുറിച്ച് അധികൃതര്‍ മൗനം തുടരുകയാണ്. ഈ സാഹചര്യത്തിലാണ് വിജിലന്‍സ് ഡയറക്ടര്‍ ഡോ. ജേക്കബ് തോമസിന്‍െറ ഇടപെടല്‍.

ഫയര്‍ഫോഴ്സ് ഓഫിസിലും കലക്ടറേറ്റുകളിലും നടക്കുന്ന അഴിമതി ജനങ്ങളുടെ ജീവനു ഭീഷണിയാകുമെന്ന വിലയിരുത്തലിന്‍െറ അടിസ്ഥാനത്തില്‍ നിരീക്ഷണം കര്‍ശനമാക്കാന്‍ അദ്ദേഹം നിര്‍ദേശം നല്‍കി. ചെറുകിട വ്യാപാരികള്‍ ലൈസന്‍സിനായി സബ്കലക്ടര്‍ക്കാണ് അപേക്ഷ നല്‍കുന്നത്. ഇത് ഫയര്‍ഫോഴ്സ് അഡീഷനല്‍ ഡിവിഷനല്‍ ഓഫിസിലും പൊലീസ് സ്റ്റേഷനിലും അയച്ചുകൊടുക്കും. ഇവിടെനിന്ന് ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തത്തെി പരിശോധിച്ച ശേഷമാണ് എന്‍.ഒ.സിക്കായി ശിപാര്‍ശ നല്‍കുന്നത്.
സുരക്ഷാമാനദണ്ഡങ്ങള്‍ ഉറപ്പാക്കാനുള്ള ചോദ്യാവലി പരിശോധിച്ച ശേഷമാകണം ഇത്. തീപിടിത്തത്തിന് സാധ്യതയുള്ള മേല്‍ക്കൂര പാടില്ല, ഇലക്ട്രിക്കല്‍ വയറിങ് സുരക്ഷിതമായിരിക്കണം, ഹോട്ടലുകളില്‍നിന്ന് നിശ്ചിത അകലം പാലിക്കണം തുടങ്ങിയവയെല്ലാം പരിശോധിച്ചിരിക്കണം. എന്നാല്‍, ഉദ്യോഗസ്ഥര്‍ നടപടിക്രമങ്ങളില്‍ വീഴ്ചവരുത്തുന്നത് പതിവാണ്. ഇതിനു തടയിടാനാണ് നീക്കം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.