മന്ത്രിസഭാ തീരുമാനങ്ങള്‍ വെളിപ്പെടുത്തല്‍: ചെന്നിത്തല ഹൈകോടതിയില്‍

കൊച്ചി: മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്തേണ്ടതില്ളെന്ന സര്‍ക്കാര്‍ വാദം ഇരുമ്പുമറക്കുള്ളിലിരുന്ന് ഭരണം നടത്താനുള്ള ഗൂഢലക്ഷ്യത്തിന്‍െറ ഭാഗമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഹൈകോടതിയില്‍. മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ പത്ത് ദിവസത്തിനകം നല്‍കണമെന്ന മുഖ്യ വിവരാവകാശ കമീഷണറുടെ ഉത്തരവ് ചോദ്യം ചെയ്ത് സര്‍ക്കാര്‍ നല്‍കിയ ഹരജിയില്‍ കക്ഷിചേരാനുള്ള അപേക്ഷയിലാണ് ഈ ആരോപണം.

വിവരാവകാശ നിയമം ദുര്‍വ്യാഖ്യാനം ചെയ്ത് മന്ത്രിസഭാ തീരുമാനം അടക്കമുള്ള വിവരങ്ങള്‍ പൊതുജനത്തിന് ലഭ്യമാക്കുന്നത് തടയലാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ഹരജിയില്‍ പറയുന്നു. കോടതിവിധികള്‍ വ്യക്തമായി മനസ്സിലാക്കാതെയാണ് കമീഷണറുടെ ഉത്തരവെന്നും കൂടുതല്‍ വ്യക്തതക്ക്  കോടതിയെ സമീപിക്കുമെന്നുമാണ് നിയമസഭയില്‍ മുഖ്യമന്ത്രി മറുപടി നല്‍കിയത്. എന്നാല്‍, പൊതുജനത്തിന് വിവരം നിഷേധിക്കലാണ് സര്‍ക്കാറിന്‍െറ ലക്ഷ്യമെന്നും കമീഷണറുടെ ഉത്തരവ് ചോദ്യം ചെയ്താകും ഹരജി നല്‍കുകയെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. ഈ ആരോപണം ശരിവെക്കുന്ന വാദങ്ങളാണ് സര്‍ക്കാറിന്‍െറ ഹരജിയില്‍ ഉന്നയിച്ചിരിക്കുന്നത്.

മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്നും ചെന്നിത്തല നല്‍കിയ കക്ഷിചേരല്‍ ഹരജിയില്‍ പറയുന്നു.
മന്ത്രിസഭാ തീരുമാനങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം നല്‍കുന്നത് തടയണമെന്നും ഇവ പുറത്തുവിടാന്‍ കഴിയില്ളെന്ന് ഹൈകോടതി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ ഹരജി നല്‍കിയിട്ടുള്ളത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.