ജില്ല, ബ്ലോക് തലങ്ങളില്‍ ഇക്കുറി കുടുംബശ്രീ ഓണച്ചന്തകളില്ല

കല്‍പറ്റ: സംസ്ഥാനത്ത് ജില്ല, ബ്ളോക്, താലൂക്ക് തലങ്ങളില്‍ ഇക്കുറി കുടുംബശ്രീയുടെ ഓണച്ചന്തകളില്ല. വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിനൊപ്പം സാധാരണക്കാരായ സ്ത്രീകളുടെ സ്വയംപര്യാപ്തതക്കും കൂട്ടായ്മക്കും വഴിയൊരുക്കുന്ന ഓണച്ചന്തകള്‍ക്കുനേരെ സര്‍ക്കാര്‍ മുഖംതിരിച്ചുനിന്നത് കുടുംബശ്രീ വൃത്തങ്ങളില്‍ ഏറെ നിരാശയുളവാക്കിയിട്ടുണ്ട്. ഗ്രാമപഞ്ചായത്ത്, മുനിസിപ്പല്‍ തലങ്ങളില്‍ ഓണച്ചന്തകള്‍ നടത്താന്‍ അനുമതിയുണ്ടെങ്കിലും ഇവക്കുള്ള തുക ഗണ്യമായ തോതില്‍ വെട്ടിക്കുറച്ചു.

ജില്ലാതലത്തിലടക്കം കുടുംബശ്രീ ഓണച്ചന്തകള്‍ നടത്തേണ്ടെന്ന തീരുമാനം കഴിഞ്ഞ ദിവസമാണ് ജില്ലാ കേന്ദ്രങ്ങളിലത്തെിയത്. ഓണച്ചന്ത ലക്ഷ്യമിട്ട് കൂടുതല്‍ ഉല്‍പന്നങ്ങള്‍ തയാറാക്കി ഒരുങ്ങിനിന്ന കുടുംബശ്രീ സംരംഭകര്‍ക്ക് കനത്ത തിരിച്ചടിയായി ഈ തീരുമാനം. സ്ത്രീശാക്തീകരണത്തെക്കുറിച്ച് ഘോഷിക്കുന്ന കാലത്ത്, വര്‍ഷത്തിലെ തങ്ങളുടെ മികച്ച കൂട്ടായ്മകളിലൊന്നുകൂടിയാണ് ഈ തീരുമാനത്താല്‍ നഷ്ടമാകുന്നതെന്ന് സി.ഡി.എസ് ചെയര്‍പേഴ്സന്മാരില്‍ പലരും പരിഭവിക്കുന്നു.

മായംചേര്‍ക്കാത്ത തനതു ഗ്രാമീണ വിഭവങ്ങള്‍ ഓണത്തിന് ഇത്തരം ചന്തകളില്‍നിന്ന് ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുമായിരുന്നു. ജില്ലാ ഓണച്ചന്തകളോടനുബന്ധിച്ച് ഭക്ഷ്യമേളയടക്കം സംഘടിപ്പിച്ചിരുന്നത് കുടുംബശ്രീ കേറ്ററിങ് യൂനിറ്റുകള്‍ക്കും ഏറെ ഗുണകരമായിരുന്നു. ഇക്കുറി ഗ്രാമവികസന വകുപ്പ് നടത്തുന്ന ഐ.ആര്‍.ഡി.പി മേളകളുമായി സഹകരിച്ചു പ്രവര്‍ത്തിക്കാമെന്നാണ് കുടുംബശ്രീ അധികൃതര്‍ക്കുള്ള നിര്‍ദേശം. കഴിഞ്ഞ തവണ മിക്ക ജില്ലകളിലും കുടുംബശ്രീ ഓണച്ചന്തകള്‍ വന്‍ വിജയമായിരുന്നു. പഞ്ചായത്ത് തലത്തില്‍ കഴിഞ്ഞ തവണ 15,000 രൂപ ഇത്തരം ചന്തകള്‍ക്ക് അനുവദിച്ചിരുന്ന സ്ഥാനത്ത് ഇക്കുറി 10,000 രൂപയാണുള്ളത്.

മുനിസിപ്പല്‍ തലത്തില്‍ 25,000 രൂപയുണ്ടായിരുന്നത് 20,000 ആയി കുറഞ്ഞു. അതേസമയം, കൃഷിഭവനുകള്‍ക്ക് ഓണച്ചന്ത നടത്താന്‍ 60,000 രൂപയാണ് അനുവദിച്ചിട്ടുള്ളത്്. കൃഷിഭവനുകള്‍ക്ക് ഓണച്ചന്തകള്‍ വിജയിപ്പിക്കാന്‍ കുടുംബശ്രീയെ ആശ്രയിക്കേണ്ടിവരും. എന്നാല്‍, കുടുംബശ്രീ സംരംഭകര്‍ക്ക് സാമ്പത്തികമായി വലിയ മെച്ചമൊന്നും ഇതുവഴിയുണ്ടാകാനും സാധ്യതയില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.