കൊച്ചി: അധ്യാപക തസ്തിക നിര്‍ണയം സ്കൂള്‍തലത്തില്‍ വിദ്യാര്‍ഥികളുടെ എണ്ണം നോക്കി വേണമെന്ന വാദത്തില്‍ അപായം ഒളിഞ്ഞിരിക്കുന്നതായി ഹൈകോടതി. ഈ വാദം അംഗീകരിച്ചാല്‍ പരിമിതമായ അധ്യാപകരെമാത്രം നിയമിച്ച് ഒരു സ്കൂള്‍ നടത്തിക്കൊണ്ടുപോകാന്‍വരെ സര്‍ക്കാറിന് സാധ്യത ഒരുക്കുമെന്ന് ഡിവിഷന്‍ബെഞ്ച് വ്യക്തമാക്കി.ക്ളാസ് തലത്തില്‍ വിദ്യാര്‍ഥികളുടെ എണ്ണം നോക്കിയാണ് തസ്തിക നിര്‍ണയിക്കേണ്ടതെന്ന സിംഗ്ള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹരജികള്‍ തള്ളിയാണ് ഉത്തരവ്.
2011ല്‍ കൊണ്ടുവന്ന അധ്യാപക പാക്കേജും വിദ്യാഭ്യാസ ചട്ടത്തിലെ ഭേദഗതികളും ചോദ്യം ചെയ്ത് സ്കൂള്‍ മാനേജ്മെന്‍റുകള്‍ സമര്‍പ്പിച്ച ഹരജികളില്‍ 2015 ഡിസംബറിലുണ്ടായ സിംഗ്ള്‍ ബെഞ്ച് ഉത്തരവിനെതിരെയാണ് സര്‍ക്കാര്‍ അപ്പീല്‍ ഹരജികള്‍ നല്‍കിയിരുന്നത്. നേരത്തെ സര്‍ക്കാര്‍ കൊണ്ടുവന്ന അധ്യാപക പാക്കേജിലെ അധ്യാപക വിദ്യാര്‍ഥി അനുപാതം 1: 45 ആയിരിക്കണമെന്ന വ്യവസ്ഥ സിംഗ്ള്‍ബെഞ്ച് റദ്ദാക്കിയിരുന്നു. ക്ളാസ് അടിസ്ഥാനത്തില്‍ അനുപാതം കണക്കാക്കണമെന്നും പറഞ്ഞിരുന്നു. എന്നാല്‍, സ്കൂളിലെ മുഴുവന്‍ കുട്ടികളുടെയും എണ്ണത്തിന്‍െറ അടിസ്ഥാനത്തിലാണ് അധ്യാപകരുടെ എണ്ണം നിശ്ചയിക്കേണ്ടതെന്ന വാദം ഉന്നയിച്ചാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്. ക്ളാസ് അടിസ്ഥാനത്തില്‍ അനുപാതം നിശ്ചയിച്ചാല്‍ കൂടുതല്‍ അധ്യാപകരെ നിയമിക്കേണ്ടിവരുമെന്നായിരുന്നു സര്‍ക്കാര്‍ വാദം. എന്നാല്‍, സര്‍ക്കാറിന്‍െറ ആവശ്യം കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമത്തിലെ വ്യവസ്ഥകള്‍ക്കു വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈകോടതി ഹരജി തള്ളിയത്. ഒന്നു മുതല്‍ അഞ്ചുവരെ ക്ളാസുകളില്‍ 60 കുട്ടികള്‍ക്ക് രണ്ട് അധ്യാപകര്‍ എന്ന കണക്കു പാലിക്കണമെന്നാണ് കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമത്തിലെ വ്യവസ്ഥ. കുട്ടികളുടെ എണ്ണം 61 മുതല്‍ 90 വരെയായാല്‍ അധ്യാപകരുടെ എണ്ണം മൂന്നാക്കാമെന്നും പറയുന്നുണ്ട്.
ഇതിനു വിരുദ്ധമായി സ്കൂള്‍ അടിസ്ഥാനത്തില്‍ അധ്യാപകരുടെ എണ്ണം കണക്കാക്കണമെന്ന സര്‍ക്കാറിന്‍െറ ആവശ്യം നിയമവിരുദ്ധമാണെന്ന് ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. സര്‍ക്കാറിന്‍െറ ആവശ്യം അംഗീകരിച്ചാല്‍ ഒന്നു മുതല്‍ അഞ്ചുവരെ ക്ളാസുകളിലായി ആകെ 90 കുട്ടികളുള്ള ഒരു സ്കൂള്‍ മൂന്ന് അധ്യാപകരെ വെച്ചും നടത്തിക്കൊണ്ടുപോകാന്‍ സര്‍ക്കാറിന് സാധിക്കും. ഇത് സൗജന്യവും നിര്‍ബന്ധിതവുമായ പ്രാഥമിക വിദ്യാഭ്യാസം ഉറപ്പാക്കണമെന്ന ലക്ഷ്യത്തോടെ കൊണ്ടുവന്ന കേന്ദ്ര വിദ്യാഭ്യാസ നിയമത്തിന്‍െറ ലക്ഷ്യം തന്നെ അട്ടിമറിക്കുമെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.