ബസുകള്‍ക്ക് നികുതിയിളവ്: ശ്രീലേഖക്കെതിരായ എഫ്.ഐ.ആര്‍ സമര്‍പ്പിക്കണമെന്ന് വിജിലന്‍സിനോട് ഹൈകോടതി

കൊച്ചി: വിദ്യാഭ്യാസ സ്ഥാപനങ്ങളുടേതെന്നപേരില്‍ ബസുകള്‍ക്ക് നികുതിയിളവ് നല്‍കിയ കേസില്‍ ട്രാന്‍സ്പോര്‍ട്ട് കമീഷണറായിരുന്ന ആര്‍. ശ്രീലേഖക്കെതിരെ വിജിലന്‍സ് നടത്തിയ പ്രാഥമികാന്വേഷണത്തിന്‍െറ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈകോടതി. കേസുമായി ബന്ധപ്പെട്ട് പ്രാഥമികാന്വേഷണം നടന്നിട്ടുണ്ടെങ്കില്‍ ഹാജരാക്കാനും അന്വേഷണം പൂര്‍ത്തിയായിട്ടില്ളെങ്കില്‍ നിലവിലെ പുരോഗതി വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കണമെന്നുമാണ് ജസ്റ്റിസ് പി. ഉബൈദിന്‍െറ ഉത്തരവ്. 2008-13 കാലഘട്ടത്തില്‍ ചാലക്കുടിയില്‍ വിദ്യാഭ്യാസ സ്ഥാപനത്തിന്‍െറ ഉപയോഗത്തിനെന്നപേരില്‍ ബസുകള്‍ക്ക് നികുതിയിളവ് നല്‍കിയെന്നാരോപിച്ച് ആര്‍. ശ്രീലേഖക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ജനുവരി 25ന് ഉത്തരവിട്ടിരുന്നു.

 ഇതിനെതിരെ ശ്രീലേഖ നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. ഇപ്പോള്‍ സ്റ്റേറ്റ് ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ ചുമതലയിലുള്ള ശ്രീലേഖ 2014 -15 കാലത്താണ് ട്രാന്‍സ്പോര്‍ട്ട് കമീഷണറായിരുന്നതെന്ന് ഹരജിയില്‍ പറയുന്നു. താന്‍ കമീഷണറണായിരിക്കെ ഇത്തരമൊരു നികുതിയിളവ് ഉണ്ടായിട്ടില്ല. അനാവശ്യമായാണ് തനിക്കെതിരെ കേസെടുത്തതെന്നും ഹരജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അഴിമതിനടന്നെന്ന് പറയുന്ന കാലയളവില്‍ ശ്രീലേഖയായിരുന്നോ ട്രാന്‍സ്പോര്‍ട്ട് കമീഷണറെന്ന് അന്വേഷിച്ച് വിജിലന്‍സ് ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു.

 വിശദീകരണപത്രിക സമര്‍പ്പിക്കാന്‍ രണ്ടാഴ്ച വിജിലന്‍സിന് സമയം അനുവദിച്ച കോടതി, ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചശേഷം കേസിലെ തുടര്‍ നടപടി സ്റ്റേചെയ്യുന്ന കാര്യം തീരുമാനിക്കാമെന്നും വ്യക്തമാക്കി. ഹരജി ഫെബ്രുവരി 11ന് വീണ്ടും പരിഗണിക്കാനായി മാറ്റി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.