പി.എസ്.സി വിവരാവകാശത്തിന്‍റെ പരിധിയിലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: കേരള പബ്ലിക് സർവീസ് കമീഷൻ (കെ.പി.എസ്.സി) വിവരാവകാശ നിയമത്തിന്‍റെ പരിധിയിലെന്ന് സുപ്രീംകോടതി. നിയമത്തിന്‍റെ പരിധിയിലല്ലെന്ന് ചൂണ്ടിക്കാട്ടി പി.എസ്.സി സമർപ്പിച്ച അപ്പീൽ തള്ളിയ കോടതി, 2011ലെ ഹൈകോടതി വിധി ശരിവെച്ചു. എന്നാൽ, പി.എസ്.സി നടത്തുന്ന പരീക്ഷയുടെ ഉത്തരകടലാസ് പരിശോധിക്കുന്നവരുടെ പേര് വെളിപ്പെടുത്തരുതെന്ന് ജസ്റ്റിസ് എം.വൈ ഇക്ബാൽ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.

ഭരണഘടനാ സ്ഥാപനമായ പി.എസ്.സിക്ക് കേന്ദ്രസർക്കാർ പാസാക്കിയ വിവരാവകാശ നിയമം ബാധകമാണ്. നിയമം പാലിക്കുന്നതോടെ പി.എസ്.സിയുടെ വിശ്വാസ്യത വർധിക്കുമെന്നും പരീക്ഷകളുടെ സുതാര്യത ഉറപ്പാക്കാൻ സാധിക്കുമെന്നും സുപ്രീംകോടതി വിധിയിൽ വ്യക്തമാക്കി.

2011ലെ ഹൈകോടതി വിധിക്കെതിരെ രണ്ട് പ്രധാന വാദങ്ങളാണ് പി.എസ്.സി സുപ്രീംകോടതിയിൽ ഉന്നയിച്ചത്. വിവിധ തസ്തികകളിലേക്കുള്ള പരീക്ഷകൾ, നിയമനം അടക്കമുള്ള നടത്തിപ്പ് എന്നിവയുടെ രഹസ്യ സ്വഭാവത്തെയും ജീവനക്കാരുടെ ജോലി ഭാരം, പുതിയ തസ്തികൾ രൂപീകരിക്കുന്നതിലെ പണച്ചെലവ് എന്നിവയെയും വിവരാവകാശ നിയമം പ്രതികൂലമായി ബാധിക്കുമെന്നായിരുന്നു പി.എസ്.സി വാദം. എന്നാൽ, ഈ വാദങ്ങൾ സുപ്രീംകോടതി തള്ളി.  

വിവരാവകാശ നിയമ പ്രകാരം അപേക്ഷിക്കുന്നവർക്ക് ഉത്തരകടലാസ് പരിശോധകരുടെ പേരൊഴിച്ച് മുഴുവൻ വിവരങ്ങളും കൈമാറണം. അല്ലെങ്കിൽ സംശയത്തിന് വഴിവെക്കും. ഇത് പി.എസ്.സിയുടെ സുതാര്യതക്ക് ആവശ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഉത്തരകടലാസ് പരിശോധകരുടെ പേര് നിയമത്തിന്‍റെ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്ന പി.എസ്.സിയുടെ ഒരു ആവശ്യം മാത്രമാണ് സുപ്രീംകോടതി അംഗീകരിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.