സോളാർകേസിൽ വീണ്ടും സർക്കാരിനെതിരെ വിജിലൻസ് കോടതി

തൃശൂര്‍: സോളാര്‍ തട്ടിപ്പ് സംബന്ധിച്ച് സര്‍ക്കാരിനെതിരെ വീണ്ടും തൃശൂര്‍ വിജിലന്‍സ് കോടതിയുടെ വിമര്‍ശം. സരിതയുടെ തട്ടിപ്പിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് രണ്ട് വര്‍ഷമായി. നിയമവും ഭരണ സംവിധാനവുമുള്ള നാട്ടില്‍ ഇത് നടക്കുമ്പോള്‍ എന്തുകൊണ്ടാണ് സര്‍ക്കാര്‍ നടപടി എടുക്കാതിരുന്നതെന്ന് തൃശൂര്‍ വിജിലന്‍സ് കോടതി ജഡ്ജി എസ്.എസ്. വാസന്‍ ചോദിച്ചു. മുഖ്യമന്ത്രിക്കും മന്ത്രി ആര്യാടന്‍ മുഹമ്മദിനുമെതിരെ പി.ഡി. ജോസഫ് നല്‍കിയ ഹര്‍ജി ഗൂഡാലോചനയുടെ ഭാഗമാണെന്ന് കാണിച്ച് അഡ്വ. ശ്യാംകുമാര്‍ നല്‍കിയ ഹരജി ഫയലില്‍ സ്വീകരിക്കുമ്പോഴാണ് ജഡ്ജ് ഈ പരാമര്‍ശങ്ങള്‍ നടത്തിയത്.

സരിത പറയുന്നതൊന്നും ശരിയല്ലെങ്കില്‍ അവര്‍ പൊതു സമൂഹത്തെയാകെ കബളിപ്പിക്കുകയല്ലേ? അതിന് അവര്‍ക്കെതിരെ നടപടി എടുക്കേണ്ടതായിരുന്നില്ലേ? പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുക്കാനാവില്ല എന്നൊരു ചൊല്ലുണ്ട്. നിയമത്തിന്‍റെ അകത്തു നിന്നാണ് പോരാടേണ്ടത്. പുറത്ത്‌നിന്ന് യുദ്ധം ചെയ്താല്‍ നിയമം പുലര്‍ന്നുവെന്ന് വരില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. വിവാദമായ ഉത്തരവുകള്‍ക്ക് ശേഷം തൃശൂര്‍ വിജിലന്‍സ് കോടതി വീണ്ടും ശ്രദ്ധേയമായ നിരീക്ഷണം നടത്തിയിരിക്കുകയാണ്.

സോളാര്‍ കേസില്‍ സി.പി.എം പണം കൊടുത്ത് സരിതയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന പഴയ വെളിപ്പെടുത്തല്‍ കൂടി ചേര്‍ത്താണ് ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചത്. പി.ഡി. ജോസഫ്, സരിത എസ്. നായര്‍, ഇ.പി. ജയരാജന്‍ എന്നിവര്‍ എതിര്‍കക്ഷികളായ ഹരജി ഫയലില്‍ സ്വീകരിച്ച കോടതി ഈ മാസം എട്ടിന് ഹരജിക്കാരന്‍റെ വാദം കേള്‍ക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.