ന്യൂഡൽഹി: കേരള കോൺഗ്രസ് എമ്മിൽ പ്രശ്നങ്ങളുണ്ടെന്ന വാർത്തകൾ നിഷേധിച്ച് പാർട്ടി ചെയർമാൻ കെ.എം മാണിയും മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും. എന്നാൽ, ചെറിയ പ്രശ്നങ്ങളുണ്ടെന്നും പരിഹരിക്കാനുള്ള ചർച്ചകൾ തുടരുകയാണെന്നും മുതിർന്ന നേതാവും മന്ത്രിയുമായ പി.ജെ ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചു.
പ്രത്യേക ബ്ലോക്ക് ആവശ്യപ്പെട്ടെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് പി.ജെ ജോസഫ് പറഞ്ഞു. കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുക സ്വഭാവിക കാര്യമാണ്. കേരള കോൺഗ്രസിന് കൂടുതൽ സീറ്റ് വേണമെന്ന കാര്യത്തിൽ തർക്കമില്ല. സ്ഥാനാർഥി പട്ടികയിൽ ഫ്രാൻസിസ് ജോർജ് അടക്കമുള്ളവരെ ഉൾപ്പെടുത്തണം. പ്രശ്നപരിഹാരത്തിനുള്ള ചർച്ച തുടരുമെന്നും ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. മാണി വിഭാഗം അവഗണിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അക്കാര്യത്തിലേക്ക് കടക്കുന്നില്ലെന്നും ജോസഫ് കൂട്ടിച്ചേർത്തു.
ജോസഫിന് അതൃപ്തിയില്ലെന്നും കേരള കോൺഗ്രസ് ഒരുമയോടെയാണ് പോകുന്നതെന്നും കെ.എം മാണി ഡൽഹിയിൽ പ്രതികരിച്ചു. ജോസഫ് വിഭാഗം കഴിഞ്ഞ തവണ മത്സരിച്ച സീറ്റ് പോലും ആവശ്യപ്പെട്ടിട്ടില്ല. താനും ജോസഫും ഒരുമിച്ചാണ് സീറ്റ് വിഭജന ചർച്ചക്കായി മുന്നണി നേതൃത്വത്തെ സമീപിക്കുക. പ്രത്യേക ബ്ലോക്ക് വേണമെന്ന് ജോസഫ് ആവശ്യം ഉന്നയിച്ചിട്ടില്ല. പാർട്ടിയിൽ ജോസഫ്, മാണി എന്ന് രണ്ട് വിഭാഗങ്ങളില്ലെന്നും അതൃപ്തിക്കുള്ള കാര്യങ്ങൾ ഇപ്പോഴില്ലെന്നും മാണി പറഞ്ഞു. പാർട്ടിയിൽ കലഹമുണ്ടെന്ന് വാർത്ത ചില തൽപര കക്ഷികൾ പ്രചരിപ്പിക്കുകയാണെന്നും മാണി ആരോപിച്ചു.
സത്യവുമായി യാതൊരു ബന്ധവുമില്ലാത്ത വാർത്തകളാണ് പ്രചരിക്കുന്നതെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രത്യേക ബ്ലോക്കായി നിൽകണമെന്ന് ജോസഫ് ആവശ്യപ്പെട്ടിരുന്നില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.