തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിലെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുന്നു. പിളര്‍പ്പിന്‍െറ സൂചനകള്‍ ശക്തമായിരിക്കുന്നതിനിടെ വ്യാഴാഴ്ച തലസ്ഥാനത്ത് മന്ത്രി പി.ജെ. ജോസഫ് കെ.എം. മാണിയെ സന്ദര്‍ശിച്ചു. കഴിഞ്ഞതവണത്തെ നാല് സീറ്റുകള്‍ക്ക് പുറമെ രണ്ടെണ്ണംകൂടി ഇത്തവണ തനിക്കൊപ്പമുള്ളവര്‍ക്ക് നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പാര്‍ട്ടിയിലെ ഭിന്നത പരസ്യമായശേഷം ഇരുവരും നടത്തിയ ആദ്യ കൂടിക്കാഴ്ച പത്തുമിനിറ്റോളം നീണ്ടു.
പൂഞ്ഞാര്‍ ഉള്‍പ്പെടെ രണ്ടു സീറ്റാണ് ജോസഫ് കൂടുതലായി ആവശ്യപ്പെടുന്നത്. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ളെന്നും അദ്ദേഹം വ്യക്തമാക്കി. പൂഞ്ഞാര്‍ സീറ്റിന്‍െറ കാര്യത്തില്‍ ഉറപ്പുനല്‍കാനാവില്ളെന്നും മുന്നണിയിലെ സീറ്റ് വിഭജനചര്‍ച്ച കഴിഞ്ഞശേഷം മറുപടി നല്‍കാമെന്നുമാണ് മാണി അറിയിച്ചത്. പൂഞ്ഞാര്‍ സീറ്റ് കഴിഞ്ഞതവണ പി.സി. ജോര്‍ജിന് നല്‍കിയതാണ്. അദ്ദേഹം പാര്‍ട്ടിയില്‍ ഇല്ലാത്തതിനാല്‍ ഇത്തവണ ഈ സീറ്റിന്‍െറ കാര്യം എന്താകുമെന്ന് അറിയില്ല. മുന്നണിയുമായി ചര്‍ച്ച നടത്തി തീരുമാനമുണ്ടായശേഷം സംസാരിക്കാമെന്നും മാണി വ്യക്തമാക്കി.
പാര്‍ട്ടിയില്‍ പ്രശ്നങ്ങളുണ്ടെന്നും അത് പരിഹരിക്കാന്‍ ചര്‍ച്ച തുടരുമെന്നും കൂടിക്കാഴ്ചക്കുശേഷം ജോസഫ് പ്രതികരിച്ചു. കൂടുതല്‍ സീറ്റ് ആവശ്യപ്പെടുക സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയില്‍ പ്രശ്നങ്ങളുണ്ടെന്ന് സമ്മതിച്ച മാണി, അത് പിളര്‍പ്പിന് വഴിവെക്കുന്നതല്ളെന്ന് വിശ്വാസം പ്രകടിപ്പിച്ചു. പാര്‍ട്ടിയുടെ ശക്തി അനുസരിച്ച് മുന്നണിയില്‍ സീറ്റുകള്‍ ചോദിക്കും. ചോദിക്കുന്നതെല്ലാം കിട്ടില്ല. കിട്ടുന്നതിന്‍െറ അടിസ്ഥാനത്തില്‍ വീതിച്ചുനല്‍കുമെന്നും മാണി പറഞ്ഞു.
അതേസമയം, ജോസഫ്പക്ഷത്തെ ചില നേതാക്കള്‍ പാര്‍ട്ടിവിട്ട് ഇടതുമുന്നണിയുമായി സഹകരിച്ച് മത്സരിക്കുമെന്ന പ്രചരണം ശക്തമായിട്ടുണ്ട്. ഫ്രാന്‍സിസ് ജോര്‍ജ്, ഡോ. കെ.സി. ജോസഫ്, പി.സി. ജോസഫ് എന്നിവര്‍ക്ക് സീറ്റ് നല്‍കാമെന്ന് ഇടതുമുന്നണിയില്‍നിന്ന് വാഗ്ദാനം ഉണ്ടെന്നാണ് സൂചന.
അതേസമയം പി.ജെ. ജോസഫ് മുന്നണിബന്ധം ഉപേക്ഷിക്കാന്‍ തയാറല്ല. ഓരോ തെരഞ്ഞെടുപ്പിനുമുമ്പും മുന്നണിമാറുന്നത് ഗുണകരമാവില്ളെന്നാണ് അദ്ദേഹത്തിന്‍െറ പക്ഷം. മോന്‍സ് ജോസഫ്, ടി.യു. കുരുവിള എന്നിവരും ഈ വാദത്തോട് യോജിക്കുന്നു. സ്വന്തം പക്ഷത്തുതന്നെ ഭിന്നിപ്പുണ്ടാകാനുള്ള സാധ്യത മുന്നില്‍കണ്ടാണ് ജോസഫ് പാര്‍ട്ടിക്കുള്ളില്‍ നിലപാട് കടുപ്പിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.