സിനിമ ഹറാമല്ലെന്ന് താൻ പറഞ്ഞിട്ടില്ല -മുനവ്വറലി തങ്ങൾ

കോഴിക്കോട്: ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ സിനിമ ഹറാമല്ലെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ. സിനിമ ഹറാമല്ലെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്താണ് അഭിമുഖത്തിൽ ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു. 'പച്ചക്കുതിര' മാഗസിനാണ് മുനവ്വറലിയുടെ അഭിമുഖം പ്രസിദ്ധീകരിച്ചത്. മതത്തിന്റെ ചട്ടക്കൂടിന് അപ്പുറത്തേക്ക് ഒരു അഭിപ്രായവും താൻ രേഖപ്പെടുത്തിയിട്ടില്ല. വിജ്ഞാന പ്രദമായ ചില ഡോക്യുമെൻററികൾ സമൂഹത്തിൽ നന്നായി സ്വാധീനം ഉറപ്പിക്കുന്നുണ്ടെന്നും അത് നിഷേധിക്കാനാവാത്ത യാഥാർത്ഥ്യമാണെന്നുമുള്ള രീതിയിലാണ് അക്കാര്യം പറഞ്ഞതെന്നും ഫേസ്ബുക്കിൽ അദ്ദേഹം കുറിച്ചു.

സിനിമ ഹറാമാണെന്ന് പറഞ്ഞ് ഒഴിവാക്കാനാവില്ല. അത് വലിയ കലയാണ്. ഏതൊരു മുസ് ല്യാരോട് ചോദിച്ചാലും മമ്മൂട്ടിയെ കുറിച്ച് അറിയാതിരിക്കില്ലെന്നുമാണ് അഭിമുഖത്തിലെ പരാമർശങ്ങൾ. ഇത് വാർത്തയാകുകയും സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായപ്പോഴാണ് ഇക്കാര്യം നിഷേധിച്ച് അദ്ദേഹം രംഗത്തെത്തിയത്.

പർദ അറേബ്യൻ വസ്ത്രധാരണ രീതിയാണ്. കേരളത്തിലെ മുസ്ലിംകൾ ഗൾഫ് സ്വാധീനം കാരണം അറബ് വത്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. വസ്ത്രധാരണത്തിൽ മാത്രമല്ല, ഭക്ഷണ രീതിയിലും ആ സ്വാധീനം പ്രകടമാണെന്നും അദ്ദേഹം അഭിമുഖത്തിൽ സൂചിപ്പിക്കുന്നുണ്ട്. സമൂഹത്തിലെ ലീഡറാണ് സ്ത്രീ. അവരാണ് കുട്ടികൾക്ക് പാരന്‍റിങ് ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ബഹുസ്വര സമൂഹത്തിൽ ജീവിക്കുന്ന നമ്മൾ സ്വാഭാവികമായും അയൽക്കാരുടെ ആഘോഷങ്ങളിൽ പങ്കെടുക്കേണ്ടി വരും. കഴിഞ്ഞ ദിവസം വേങ്ങര തളിക്ഷേത്രപത്തിൽ പോയി താൻ ഭക്ഷണം കഴിച്ചിരുന്നുവെന്നും  ആഘോഷങ്ങളോടുള്ള നവ സലഫികളുടെ നിലപാടിനെ കുറിച്ച ചോദ്യത്തിന് അദ്ദേഹം മറുപടി പറയുന്നുണ്ട്.  

 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം
പച്ചക്കുതിരക്ക് അനുവദിച്ച അഭിമുഖത്തെ തുടർന്ന് ചില പത്രങ്ങളിലും സോഷ്യൽ മീഡിയയിലും ഇനി സിനിമ ഹറാമല്ല എന്ന രീതിയിൽ ഞാൻ പറഞ്ഞതായി പ്രചരിക്കുന്ന വാർത്ത തീർത്തും അടിസ്ഥാന രഹിതവും വാസ്തവ വിരുദ്ധവുമാണ്. മതത്തിന്റെ ചട്ടക്കൂടിന് അപ്പുറത്തേക്ക് ഒരു അഭിപ്രായവും ഞാൻ രേഖപ്പെടുത്തിയിട്ടില്ല. വിജ്ഞാന പ്രദമായ ചില ഡോക്യുമെന്ററീസ് സമൂഹത്തിൽ നന്നായി സ്വാധീനം ഉറപ്പിക്കുന്നുണ്ടെന്നും അത് നിഷേധിക്കാനാവാത്ത യാഥാർത്ഥ്യമാണെന്നുമുള്ള രീതിയിലാണ് അക്കാര്യം പറഞ്ഞത്. നല്ല സന്ദേശങ്ങൾ കൈമാറുന്ന അനവധി ഡോക്യുമെന്ററിസ്‌ ഉണ്ട്. ഉമർ (റ) വിനെ ക്കുറിച്ച് ഇറങ്ങിയ ഡോക്യുമെന്ററി പോലോത്തവ ഈ ഗണത്തിൽ പെടും. ഇത്തരം സിനിമകളിലൂടെ അവരുടെ ജീവിതത്തെക്കുറിച്ച് ഒന്നും അറിയാത്തവർക്ക് പോലും വലിയ സന്ദേശം നൽകാനായി എന്ന രീതിയിലായിരുന്നു അഭിമുഖത്തിലെ തന്റെ പരാമർശങ്ങൾ . വളരെ സുവ്യക്തമായ പരാമർശങ്ങളെ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് മത മൂല്യങ്ങൾക്കെതിരെ വാളോങ്ങാനായി ഇത് അസ്ഥാനത്ത് ഉപയോഗിക്കുന്നത് ഏറെ ഖേദകരമാണ്.

 

 

 

പച്ചക്കുതിരക്ക് അനുവദിച്ച അഭിമുഖത്തെ തുടർന്ന് ചില പത്രങ്ങളിലും സോഷ്യൽ മീഡിയയിലും ഇനി സിനിമ ഹറാമല്ല എന്ന രീതിയിൽ ഞാൻ പറഞ...

Posted by Sayyid Munavvar Ali Shihab Thangal on Thursday, January 7, 2016
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.