അധികൃതര്‍ തിരിഞ്ഞു നോക്കാതെ ചിത്രലേഖയുടെ സമരം

തിരുവനന്തപുരം: ‘അവകാശങ്ങള്‍ക്കായി ഞങ്ങള്‍ ഇന്നും പൊരുതുന്നു. ഇവിടെ സവണര്‍ക്കുവേണ്ടി സംസാരിക്കാന്‍ മാത്രമാണ് എല്ലാവര്‍ക്കും താല്‍പര്യം. അവരുടെ സമരങ്ങള്‍ വേഗത്തില്‍ തീര്‍പ്പാകുന്നു. പാര്‍ശ്വവത്കരിക്കപ്പെട്ട ദലിതര്‍ക്കു വേണ്ടി സംസാരിക്കാന്‍ അവര്‍ മാത്രമേയുള്ളൂ. പക്ഷേ, വിട്ടുകൊടുക്കാന്‍ ഞങ്ങള്‍ തയാറല്ല...’ കണ്ണൂര്‍ പയ്യന്നൂര്‍ എടാട്ട് എരമംഗലത്ത് ചിത്രലേഖയുടെ വാക്കുകളാണിത്.
കയറിക്കിടക്കാന്‍ ഒരുതുണ്ടു ഭൂമി, അതിലൊരു കൊച്ചുകുടില്‍; ഇത്രയും ആവശ്യപ്പെട്ട് ചിത്രലേഖ സെക്രട്ടേറിയറ്റ് പടിക്കലത്തെിയിട്ട് എട്ടുദിവസം പിന്നിട്ടു. ആരും തിരിഞ്ഞുനോക്കിയില്ല. ആവശ്യം തന്‍േറതായതിനാല്‍ എന്നും മുഖ്യമന്ത്രിയുടെ ഓഫിസ് കയറിയിറങ്ങുകയാണെന്ന് ചിത്രലേഖ ‘മാധ്യമ’ത്തോട് പറഞ്ഞു. ‘പുലയ സമുദായത്തില്‍പെട്ട തന്നെ സി.പി.എം പ്രവര്‍ത്തകര്‍ ദ്രോഹിക്കുകയാണ്. സ്വന്തമായി ഓട്ടോ ഓടിച്ചുജീവിക്കാന്‍ അവര്‍ അനുവദിച്ചില്ല. തന്നെയും ഭര്‍ത്താവിനെയും കള്ളക്കേസില്‍ കുടുക്കി. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭ്യമാകാതിരിക്കാന്‍ ഇടതുപക്ഷ ജീവനക്കാര്‍ രംഗത്തത്തെിയതോടെ ജീവിതം വഴിമുട്ടി. ആ സാഹചര്യത്തിലാണ് കണ്ണൂര്‍ കലക്ടറേറ്റിനുമുന്നില്‍ അനിശ്ചിതകാലസമരം ആരംഭിച്ചത്. 122 ദിവസം രാപ്പകല്‍ സമരം ചെയ്തപ്പോള്‍ ലഭിച്ചത് കുറേ വാഗ്ദാനങ്ങള്‍ മാത്രം.
അതുവിശ്വസിച്ചത് അബദ്ധമായെന്ന് കാലം തെളിയിച്ചു. തനിക്ക് ഏക്കറുകണക്കിന് ഭൂമിയുണ്ടെന്നാണ് കണ്ണൂരിലെ റവന്യൂ ഉദ്യോഗസ്ഥര്‍ പറയുന്നത്. അതു സത്യമാണെങ്കില്‍ ഇങ്ങനെ സമരം ചെയ്യേണ്ടിവരുമായിരുന്നില്ല. ഇക്കാര്യം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ധരിപ്പിച്ചു. പക്ഷേ, അദ്ദേഹത്തിന് ഇടതുപക്ഷ ഉദ്യോഗസ്ഥര്‍ എഴുതിനല്‍കിയ തട്ടിക്കൂട്ട് റിപ്പോര്‍ട്ടിലാണ് വിശ്വാസം.
ദലിത് വിഭാഗത്തില്‍പ്പെട്ട തന്നെ ഇല്ലാതാക്കാന്‍ സര്‍ക്കാറും ഇടതുപക്ഷവും ഒത്തുകളിക്കുന്നു. അധികൃതര്‍ തന്ന വാക്കുകളെല്ലാം പാഴായെന്ന് ബോധ്യമായപ്പോഴാണ് സെക്രട്ടേറിയറ്റിലേക്ക് വണ്ടികയറിയത്.
വീടുപണിയാനുള്ള ഭൂമിക്ക് പട്ടയം ലഭിക്കാതെ ഇനി  നാട്ടിലേക്കില്ല’-ചിത്രലേഖ പറയുന്നു. ഭരണഘടന അനുശാസിക്കുന്ന തുല്യത ഉറപ്പാക്കാന്‍ എന്നും സമരമുഖത്തിറങ്ങേണ്ടി വരുന്ന ദലിതര്‍ മാറിചിന്തിക്കേണ്ട കാലമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.