സുതാര്യത പറഞ്ഞ് ഓഫിസില്‍ കാമറ വെക്കുന്നത് ചെപ്പടിവിദ്യ –ജേക്കബ് തോമസ്

കൊച്ചി: മുഖ്യമന്ത്രിക്കെതിരെ ഒളിയമ്പെയ്ത് വീണ്ടും ഡി.ജി.പി ഡോ.ജേക്കബ് തോമസ്. ഓഫിസില്‍ കാമറ വെച്ചതുകൊണ്ട് സുതാര്യത ഉണ്ടാകില്ളെന്നും സുതാര്യകേരളം പറഞ്ഞ് കാമറ വെക്കുന്നതും ഫോണ്‍ നമ്പര്‍ നല്‍കുന്നതും ചെപ്പടിവിദ്യയാണെന്നും അദ്ദേഹം പറഞ്ഞു. അഴിമതിയാണ് പ്രധാന പ്രശ്നം. അധികാരം ഏല്‍പിക്കപ്പെട്ടയാള്‍ അയാള്‍ക്കുവേണ്ടിയോ ഒപ്പമുള്ളവര്‍ക്കായോ പദവി ദുര്‍വിനിയോഗം ചെയ്യുന്നെങ്കില്‍ അത് അഴിമതിയാണ്. നീതി നടപ്പാക്കാന്‍ ഒരുമ്പെടുന്നയാളെ തടയുന്നതും അഴിമതിയാണ്.  ‘അഴിമതിയും മാധ്യമ ജാഗ്രതയും’ വിഷയത്തില്‍  പ്രസ് ക്ളബ് സംഘടിപ്പിച്ച ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡി.ജി.പി.
ഇപ്പോഴത്തെ സാഹചര്യത്തില്‍ വെബ് കാമറ സംസ്ഥാനത്തൊട്ടാകെ വെക്കേണ്ട സ്ഥിതിയാണ്. കൈക്കൂലി എവിടെവെച്ചും കൈമാറാമെന്നിരിക്കെ കാമറയല്ല, അഴിമതിക്കെതിരെ യുദ്ധമാണ് വേണ്ടത്. ഉദ്യോഗസ്ഥര്‍  രാഷ്ട്രീയക്കാരുടെ കളിപ്പാവയല്ല. പൗരാവകാശം അവര്‍ക്കുമുണ്ട്. നിയമവിധേയമല്ലാത്ത കാര്യങ്ങള്‍ ജനപ്രതിനിധികള്‍ ഒന്നല്ല, നൂറുപ്രാവശ്യം പറഞ്ഞാലും അനുസരിക്കേണ്ട ബാധ്യത ഉദ്യോഗസ്ഥര്‍ക്കില്ല. കേരളത്തില്‍ സത്യസന്ധതയും കാര്യക്ഷമതയുമുള്ള ഉദ്യോഗസ്ഥര്‍ പത്ത് ശതമാനം മാത്രമാണ്. ജനാധിപത്യത്തിന്‍െറ സംരക്ഷകര്‍ തങ്ങള്‍ മാത്രമെന്ന ജനപ്രതിനിധികളുടെ നിലപാട് ശരിയല്ല. പരാതിക്കാരനിലേക്കല്ല ആരോപണ വിധേയരിലേക്കാണ് മാധ്യമങ്ങള്‍ കാമറ വെക്കേണ്ടത്. എന്നാല്‍, പരാതിക്കാരന്‍െറ സ്വഭാവവും മുന്‍കാല ചരിത്രവും തേടിപ്പോകുന്ന പ്രവണത കൂടിവരുകയാണ്.
അഴിമതിക്കെതിരെ പത്രപ്ര വര്‍ത്തനം എളുപ്പമല്ല. എന്നാല്‍, ഇത് സാധ്യമായാലെ മാധ്യമസാന്നിധ്യം അനിവാര്യത മാത്രമല്ല എമര്‍ജന്‍സിയുമെന്ന് വരൂ. ബിസിനസ്, രാഷ്ട്രീയ താല്‍പര്യങ്ങളിലില്ലാത്ത മാധ്യമങ്ങള്‍ ഇല്ളെന്നായെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങളുടെ മത്സരം അഴിമതി കുറച്ചുകൊണ്ടുവരുന്നതില്‍ പങ്കുവഹിക്കും. അഴിമതിക്കേസുകള്‍ പിടികൂടുകയും കാര്യക്ഷമമായ നടപടി ഉണ്ടാവുകയും ചെയ്യുമ്പോഴാണ് സമൂഹത്തില്‍ മാറ്റം വരുക. അതേസമയം, ഇതേനടപടി തന്നെ സര്‍വത്ര അഴിമതിയെന്ന ചിന്തക്കും പ്രചാരണത്തിനും വഴിതുറക്കുകയും ചെയ്യുന്നു. സമീപകാല പ്രതിഭാസമാണ് അഴിമതിയെന്ന ചിന്തക്ക് അടിസ്ഥാനമില്ളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വ്യക്തമായ അന്വേഷണം നടത്താതെ അഴിമതി വാര്‍ത്തകള്‍ പുറത്തുവിട്ടാല്‍ അത് നിക്ഷേപകരെ അകറ്റുകവഴി സംസ്ഥാനത്തിന്‍െറ സമ്പദ് വളര്‍ച്ചയെയും ബാധിക്കും. എം.എസ്. സ്വാമിനാഥനും വി. കുര്യനുമൊക്കെ ഒരേ മേഖലയിലെ ദീര്‍ഘകാല സേവനത്തിലൂടെ അവരുടെ പ്രവര്‍ത്തനങ്ങളില്‍ വിപ്ളവം സൃഷ്ടിച്ചവരാണ്. എന്നാല്‍, കേരളത്തില്‍ സ്ഥിതി മറിച്ചാണ്. ഉദ്യോഗസ്ഥരെ തുടരെ മാറ്റിയാണ് പരീക്ഷണം.
താന്‍ ഫയര്‍ ഫോഴ്സില്‍ സേവനം അനുഷ്ഠിച്ചകാലത്ത് ഒരു വര്‍ഷത്തിനിടെ അഞ്ചുപേരാണ് ആ പോസ്റ്റിലത്തെിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.