റമദാനില്‍ ഏറ്റവും പുണ്യം കല്‍പിക്കപ്പെടുന്ന രാവാണ് ലൈലതുല്‍ ഖദ്ര്‍. ആ രാവിന്‍െറ മഹത്ത്വം വ്യക്തമാക്കുന്ന ഒരധ്യായംതന്നെയുണ്ട് ഖുര്‍ആനില്‍. ആ രാത്രി എപ്പോഴാണെന്ന കൃത്യമായ വിവരം ആധികാരിക പ്രമാണങ്ങളിലില്ല. റമദാന്‍ ഒന്നാം രാത്രിയാണെന്നും 21, 23, 25, 27 രാവുകളാണെന്നും അഭിപ്രായമുണ്ട്. എങ്കിലും 27ാം രാവിനാണ് കൂടുതല്‍ പ്രാമുഖ്യം. ഖുര്‍ആനിലെ 97ാം അധ്യായത്തില്‍ ‘ലൈലതുല്‍ ഖദ്ര്‍’ എന്ന വാക്ക് മൂന്നുതവണ ആവര്‍ത്തിച്ചിട്ടുണ്ട്. അറബിഭാഷയില്‍ ഒമ്പത് അക്ഷരങ്ങളുള്ള ‘ലൈലതുല്‍ ഖദ്റി’നെ മൂന്നുകൊണ്ട് ഗുണിച്ചാല്‍ 27 കിട്ടും. ഇത് 27ാം രാവിലേക്കുള്ള സൂചനയായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
ലൈലതുല്‍ ഖദ്റിന്‍െറ മഹത്ത്വം അനന്തമാണെന്ന് വ്യക്തമാക്കുന്ന ഖുര്‍ആന്‍ ആയിരം മാസങ്ങളെക്കാള്‍ പുണ്യം ആ രാവിനുണ്ടെന്ന് ഓര്‍മപ്പെടുത്തുന്നു. സൃഷ്ടികളുടെ സത്്കര്‍മങ്ങള്‍ രേഖപ്പെടുത്താനായി അല്ലാഹുവിന്‍െറ പ്രത്യേക മാലാഖമാര്‍ ആ രാവില്‍ ഭൂമിയില്‍ വന്നിറങ്ങുമെന്നും ഖുര്‍ആന്‍ വ്യക്തമാക്കുന്നു. അതുല്യ വേദഗ്രന്ഥമായ ഖുര്‍ആന്‍ ആ രാവിലാണ് ‘ലൗഹുല്‍ മഹ്ഫൂളി’ല്‍നിന്ന് ‘ബൈതുല്‍ ഇസ്സ’യിലേക്ക് അവതരിച്ചത്. പിന്നീട് വിവിധ ഘട്ടങ്ങളില്‍ സന്ദര്‍ഭോചിതമായി ജിബ്രീല്‍ മുഖേന ഓരോരോ സൂക്തങ്ങള്‍ മുഹമ്മദ് നബിക്ക് അവതരിക്കുകയായിരുന്നു.
ലൈലതുല്‍ ഖദ്ര്‍ പ്രതീക്ഷിക്കപ്പെടുന്ന 27ാം രാവിനെ ആരാധനകളാല്‍ കൂടുതല്‍ സജീവമാക്കാന്‍ വിശ്വാസികള്‍ ഏറെ ശ്രദ്ധിക്കാറുണ്ട്. റമദാനിലെ മറ്റു ദിവസങ്ങളെക്കാള്‍ അന്ന് ഖുര്‍ആന്‍ പാരായണവും ഇഅ്തികാഫും ദാനധര്‍മങ്ങളും വര്‍ധിപ്പിക്കും. മസ്ജിദുകളെല്ലാം വിശ്വാസികളുടെ പ്രാര്‍ഥനാമന്ത്രങ്ങളാല്‍ സജീവമാകും. തെറ്റുകളും അരുതായ്മകളുംകൊണ്ട് മലിനമാക്കപ്പെട്ട അകത്തളങ്ങളെശുദ്ധീകരിക്കന്‍ തത്രപ്പെടുന്ന മനസ്സുകള്‍. അനുഗ്രഹദാതാവായ അല്ലാഹുവിന്‍െറ പ്രീതിയും പൊരുത്തവും നേടാനുള്ള അധ്വാനപരിശ്രമങ്ങള്‍. ബന്ധുക്കളെയും അയല്‍ക്കാരെയും അനാഥകളെയും അഗതികളെയും കണ്ടറിഞ്ഞും സഹായ സഹകരണങ്ങള്‍ നല്‍കിയും അല്ലാഹുവിന്‍െറ തിരുനോട്ടത്തിനായി യാചിക്കുന്ന സത്യവിശ്വാസികള്‍. ആത്മവിശുദ്ധി ഏറ്റവും ജ്വലിച്ചുനില്‍ക്കുന്ന പുണ്യരാവ്. നരകാഗ്നിയില്‍നിന്ന് അടിമകള്‍ക്ക് മോചനം നല്‍കുന്ന ദയാനിധിയായ നാഥന്‍െറ പ്രീതിക്കായി സുജൂദ് വര്‍ധിപ്പിക്കുന്ന രാവ്.
റബ്ബിന്‍െറ കരുണാകടാക്ഷങ്ങള്‍ക്കായി ഉറക്കൊഴിച്ചും കണ്ണീര്‍പൊഴിച്ചും അടിമകള്‍ അവരുടെ നിസ്സാരതയും അശക്തിയും ഏറ്റുപറയുന്ന രാവ്. ആത്മവിശുദ്ധിയുടെ സമ്പൂര്‍ണതയാണ് ഇവിടെ വിശ്വാസികള്‍ നേടുന്നത്. നബി പറയുന്നു: ‘ആരെങ്കിലും ലൈലതുല്‍ ഖദ്റില്‍ അല്ലാഹുവിന്‍െറ പ്രതിഫലം മാത്രം ലക്ഷ്യമാക്കി നമസ്കരിച്ചാല്‍ അവരുടെ കഴിഞ്ഞകാല പാപങ്ങള്‍ പൊറുക്കപ്പെടും.’ പ്രവാചകപത്നി ആയിശ ഉദ്ധരിക്കുന്നു: ‘റമദാനിലെ അവസാന പത്തില്‍ നബി ഉറക്കമൊഴിച്ച് രാത്രികളെ ആരാധനകള്‍ക്കു മാത്രം സമര്‍പ്പിച്ചിരുന്നു.’ പ്രവാചകന്‍െറ അനുയായികളില്‍ ചിലരെങ്കിലും ഈ വശം കൃത്യമായും ആത്മാര്‍ഥമായും അനുധാവനം ചെയ്യുന്നതിന്‍െറ നേര്‍ക്കാഴ്ചകള്‍ ആരെയും പുളകംകൊള്ളിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.