തിരുവനന്തപുരം പ്രസ് ക്ലബിലെ മദ്യശാല ഋഷിരാജ് സിങ് പൂട്ടിച്ചു

തിരുവനന്തപുരം: കാൽ നൂറ്റാണ്ടിലേറെയായി തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന മദ്യശാല എക്സൈസ് അധികൃതർ ഇടപെട്ട് പൂട്ടിച്ചു. എക്സൈസ് കമ്മീഷണർ ഋഷിരാജ്‌സിംഗ് മുൻകൈയെടുത്താണ് സങ്കേതം എന്ന പേരിൽ അറിയപ്പെട്ടിരുന്ന ബാർ പൂട്ടിച്ചത്. ലൈസൻസ് ഇല്ലാതെ ക്ളബ്ബുകളിൽ മദ്യ വിൽപനയോ മദ്യപാനമോ അനുവദിക്കില്ലെന്ന് എക്സൈസ് കമ്മീഷണറുടെ നിർദേശ പ്രകാരം ഉദ്യോഗസ്ഥർ പ്രസ്സ് ക്ലബ് ഭാരവാഹികളെ  അറിയിച്ചിരുന്നു. സർക്കാരിലേക്കും ഈ വിവരം റിപ്പോർട്ട് ചെയ്തു.

യു ഡി എഫ് സർക്കാരിന്റെ കാലത്തു ബാറുകൾ കൂട്ടത്തോടെ പൂട്ടിയപ്പോഴും സെക്രട്ടറിയേറ്റിന്റെ മൂക്കിനു താഴെ അനധികൃത ബാർ പ്രവർത്തിക്കുന്ന കാര്യം മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നു കുറച്ചു നാൾ ബാർ അടച്ചെങ്കിലും പിന്നീട് തുറന്നു പ്രവർത്തിച്ചു വരികയായിരുന്നു. പ്രസ് ക്ലബ് കെട്ടിടത്തിന്റെ ഭൂഗർഭ അറയിൽ പ്രവർത്തിക്കുന്ന ബാർ രണ്ടു വർഷം മുൻപ് സ്റ്റാർ ഹോട്ടലുകളിലെ ബാറുകളോട് കിട പിടിക്കുന്ന രീതിയിൽ പുതുക്കി പണിതിരുന്നു. എൽ ഡി എഫ് സർക്കാർ വന്ന ശേഷം എക്സൈസ് കമ്മീഷണറായി ചാർജെടുത്ത ഋഷിരാജ്‌സിംഗ് പ്രസ്സ് ക്ലബ്ബിനു സമീപത്തെ രണ്ടു ക്ളബ്ബുകളിൽ പരിശോധന നടത്തിയിട്ടും പ്രസ്സ് ക്ലബ് ബാറിനെ വിട്ടു കളഞ്ഞതു വലിയ തോതിൽ വിമർശത്തിന് ഇടയാക്കി. ഇതേക്കുറിച്ചു ഏഷ്യാനെറ്റ് ചാനൽ അവതാരകൻ വിനു വി ജോൺ ട്വിറ്ററിൽ എഴുതിയതാണ് ബാർ അടച്ചു പൂട്ടലിലേക്ക് നയിച്ചത്. ഷെയിം ഓൺ യു സിങ്കം , നിങ്ങൾ വിചാരിച്ചാലും പത്രക്കാരുടെ അനധികൃത മദ്യ വിൽപന നിർത്താൻ കഴിയില്ല എന്നായിരുന്നു വിനുവിന്റെ ട്വീറ്റ്. ഇതിനെ അനുകൂലിച്ചും എതിർത്തും മാധ്യമ പ്രവർത്തകർ രംഗത്തു വന്നു. ഈ സാഹചര്യത്തിലാണ് എക്സൈസ് കേസ് വരുമെന്ന മുന്നറിയിപ്പ് അധികൃതർ നൽകിയത്. ബാർ ലൈസൻസ് ഇല്ലാതെയാണ് മദ്യപാനമെങ്കിൽ നിയമപരമായ നടപടി എടുക്കാം എന്നാണ് സർക്കാരിൽ നിന്നു നിർദേശം ലഭിച്ചത്.

ബാറിന്റെ പ്രവർത്തിസമയം ഉച്ചക്ക് രണ്ടു മണിക്കൂറും രാത്രി മൂന്നു മണിക്കൂറുമായി അടുത്തയിടെ പരിമിതപ്പെടുത്തിയിരുന്നു. യാതൊരു സമയ ക്രമവും ബാധകമല്ലാതെ മുൻ കാലങ്ങളിൽ പാതിരാത്രി കഴിഞ്ഞും  പ്രവർത്തിച്ചിരുന്ന സങ്കേതം തലസ്ഥാനത്തു നിരവധി പത്രപ്രവർത്തകരെ മുഴുക്കുടിയന്മാരും രോഗികളുമാക്കി മാറ്റി. മാനസിക സമ്മർദ്ദം അനുഭവിക്കുന്ന ജോലി ആയതിനാൽ ജോലി കഴിഞ്ഞു നേരെ ബാറിൽ എന്നതു ചിലർ ശീലമാക്കി. കുറഞ്ഞ ചെലവിൽ മദ്യപിക്കാം എന്നതു വരുമാനം കുറഞ്ഞ മാധ്യമ പ്രവർത്തകർ അനുഗ്രഹമായി കണ്ടു. പുതു തലമുറയിലെ ജേർണലിസ്റ്റുകൾ അവിടേക്ക് കൂടുതൽ ആകർഷിക്കപ്പെട്ടു.

എല്ലാ അനീതികളെയും ചോദ്യം ചെയ്യുന്ന മാധ്യമ സമൂഹം പച്ചയായ ഈ നിയമലംഘനം ഭരണഘടനാപരമായ അവകാശം പോലെയാണ് കണ്ടിരുന്നത്. അതിനെ ചോദ്യം ചെയ്യുന്നവരെ കൂട്ടത്തോടെ കടന്നാക്രമിച്ചു. പ്രസ്സ് ക്ലബ്ബ് ബാറിനെതിരെ മുൻപ് എക്സൈസ് കമ്മീഷണർക്ക് പരാതി കൊടുത്ത ചാനൽ ലേഖികയെ സമ്മർദം ചെലുത്തി പരാതി പിൻവലിപ്പിച്ചു. സർക്കാരുകൾ മാറി മാറി വന്നിട്ടും ആരും തൊടാൻ മടിക്കാതിരുന്ന സ്ഥാപനമാണ് അടച്ചു പൂട്ടാൻ നിർബന്ധിതമായത്.  മദ്യവർജനം എന്ന എൽ ഡി എഫ് സർക്കാരിന്റെ നയത്തിന്റെ ഭാഗമായാണ് അനധികൃത ബാറുകൾ അടപ്പിക്കുന്നതെന്നാണ് ഇതേപ്പറ്റി സർക്കാരുമായി  ബന്ധപ്പെട്ട കേന്ദ്രങ്ങളുടെ വിശദീകരണം.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.