അതിവേഗ റെയില്‍പാത; തിരുവനന്തപുരം -കണ്ണൂര്‍ 2.10 മണിക്കൂര്‍

തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്ക് 2.10 മണിക്കൂര്‍ കൊണ്ട് എത്തിച്ചേരാവുന്ന നിര്‍ദിഷ്ട അതിവേഗ റെയില്‍വേ പദ്ധതിയുടെ വിശദ റിപ്പോര്‍ട്ട് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ (ഡി.എം.ആര്‍.സി) സംസ്ഥാന സര്‍ക്കാറിന് സമര്‍പ്പിച്ചു. ഉയര്‍ന്ന തൂണുകളില്‍ കൂടിയും ഭൂഗര്‍ഭ ടണല്‍ വഴിയും കടന്നുപോകുന്ന പാതയുടെ പ്രാഥമിക പ്രവൃത്തികള്‍ക്ക് 77,000 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നികുതി അടക്കം 90,000 കോടിയാകും. ഒമ്പതുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുമ്പോള്‍ ചെലവ് 1.20 ലക്ഷം കോടിയായി ഉയരാമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന രീതിയില്‍ 430 കിലോമീറ്റര്‍ ദൂരപരിധിയിലാണ് പദ്ധതിയുടെ രൂപകല്‍പന.

ഇതില്‍ 130 കിലോമീറ്ററിലെ പാത ഭൂഗര്‍ഭ തുരങ്കങ്ങളിലൂടെയും 180 കിലോമീറ്ററിലേത് ഉയര്‍ന്നുനില്‍ക്കുന്ന തൂണുകളിലൂടെയും (എലിവേറ്റഡ്) 120 കിലോമീറ്ററിലേത് സാധാരണ ഉപരിതലത്തിലുമാണ് വിഭാവനംചെയ്യുന്നത്. 15 -16 മീറ്റര്‍ വരെ ഉയരത്തിലാണ് എലിവേറ്റഡ് പാത ക്രമീകരിക്കുക. ഭൂമിക്കടിയില്‍ 15 മുതല്‍ 20 മീറ്റര്‍ വഴെ ആഴത്തിലാണ് പാതയുടെ രൂപകല്‍പന. ഉപരിതല പാതയില്‍ കട്ട് ആന്‍ഡ് ബാങ്ക് പ്രകാരവും (ഒരു വശം മാത്രം വെട്ടിനിരത്തി വശങ്ങള്‍ കോണ്‍ക്രീറ്റ് ചെയ്യുന്ന രീതി)  കട്ട് ആന്‍ഡ് കവര്‍ പ്രകാരവുമാണ് (ഉയര്‍ന്ന മേഖല വെട്ടി ‘വി’ ആകൃതിയിലാക്കി മുകള്‍ഭാഗം കവര്‍ ചെയ്യുന്ന രീതി) നിര്‍മാണം.

ജനവാസകേന്ദ്രങ്ങള്‍, കൃഷിഭൂമി എന്നിവ ഒഴിവാക്കി പദ്ധതി നടപ്പാക്കാനാണ് ഭൂഗര്‍ഭ-എലിവേറ്റഡ് പാതകള്‍ നിര്‍മിക്കുന്നത്. ജനസാന്ദ്രതയുള്ള സ്ഥലങ്ങളില്‍ ഭൂഗര്‍ഭ കോണ്‍ക്രീറ്റ് ടണലുകളില്‍കൂടിയാകും പാത കടന്നുപോകുക. അതിനാല്‍ അധികം ജനത്തെ കുടിയൊഴിപ്പിക്കേണ്ടിവരില്ളെന്നാണ് ഡി.എം.ആര്‍.സിയുടെ കണക്കുകൂട്ടല്‍. സ്വാഭാവിക ആവാസവ്യവസ്ഥക്ക് കോട്ടംവരാത്തവിധവും ഭൂകമ്പത്തെ അതിജീവിക്കാന്‍ കഴിയുന്നതരത്തിലുമായിരിക്കും നിര്‍മാണം. പാതക്ക് ഇരുവശത്തുമായി പത്ത് മീറ്റര്‍ സ്ഥലം വീതമാണ് ഏറ്റെടുക്കേണ്ടിവരിക. 2,500 ഏക്കര്‍ ഭൂമി പദ്ധതിക്കായി ഏറ്റെടുക്കണം. റെയില്‍പാത കടന്നുപോകുന്ന പ്രദേശങ്ങളിലുള്ള 3863 കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റണം. 36,923 വൃക്ഷങ്ങള്‍ വെട്ടിമാറ്റണം.

മരങ്ങള്‍ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് പിഴുതുമാറ്റി മറ്റൊരിടത്ത് നടാനാണ് ലക്ഷ്യമിടുന്നത്. വെട്ടിമാറ്റുന്നവക്ക് പകരം മരങ്ങള്‍ നട്ടുവളര്‍ത്തും. നിലവിലെ റെയില്‍പാതയോടും ദേശീയപാതയോടും ചേര്‍ന്നാണ് അതിവേഗപാത വിഭാവനംചെയ്തിരിക്കുന്നത്. അതിവേഗ ട്രെയിനിന് എട്ട് കോച്ചുകള്‍ വീതമാണുണ്ടാവുക. 3.4 മീറ്റര്‍ വീതിയില്‍ ശീതീകരണ സംവിധാനത്തോടെയുള്ള കോച്ചുകള്‍ രണ്ടായി തരംതിരിക്കും. വൈദ്യുതി ഉപയോഗിച്ച് ഓടുന്ന ട്രെയിനില്‍ 817 യാത്രക്കാര്‍ക്കാണ് സഞ്ചരിക്കാനാവുക. സാധാരണയില്‍നിന്ന് വ്യത്യസ്തമായി സ്റ്റാന്‍ഡേര്‍ഡ് ഗേജായിരിക്കും പാളങ്ങള്‍ക്കുള്ളത്. 

റിപ്പോര്‍ട്ട് സര്‍ക്കാര്‍ ചര്‍ച്ചചെയ്തശേഷം തീരുമാനം അനുകൂലമെങ്കില്‍ സംസ്ഥാനത്തിന്‍െറ ശിപാര്‍ശയോടെ കേന്ദ്രത്തിനയക്കും. കേന്ദ്ര സര്‍ക്കാറാണ് അന്തിമഅനുമതി നല്‍കേണ്ടത്. നേരത്തെ കാസര്‍കോടുവരെ പദ്ധതി നടപ്പാക്കാനാണ് ആലോചിച്ചിരുന്നത്. പദ്ധതി സംബന്ധിച്ച പഠനം നടത്താന്‍ 2010ലാണ് ഡി.എം.ആര്‍.സിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്. തുടര്‍ന്ന്, 2011ല്‍ ഡി.എം.ആര്‍.സി സാധ്യതാപഠനം പൂര്‍ത്തിയാക്കി. കഴിഞ്ഞവര്‍ഷം കരട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

സ്റ്റോപ്പുകള്‍: തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം, തൃശൂര്‍, വളാഞ്ചേരി, കോഴിക്കോട്, കണ്ണൂര്‍. ഭാവിയില്‍ നെടുമ്പാശ്ശേരി
പരിഗണിക്കും.
വിവിധ സ്റ്റേഷനിലേക്ക് വേണ്ടുന്ന സമയം: തിരുവനന്തപുരം -കൊല്ലം: 20 മിനിറ്റ്, തിരുവനന്തപുരം -കൊച്ചി: 45 മിനിറ്റ്, തിരുവനന്തപുരം -കോഴിക്കോട്: 90 മിനിറ്റ്, തിരുവനന്തപുരം -കണ്ണൂര്‍: 2.10 മണിക്കൂര്‍

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.