ഹൈകോടതി പരിസരത്ത് തെരുവു ഗുണ്ടകളെപ്പോലെ അഭിഭാഷകര്‍

കൊച്ചി: നിയമം ഉയര്‍ത്തിപ്പിടിക്കേണ്ട അഭിഭാഷകര്‍ തെരുവുഗുണ്ടകളായതോടെ അഴിഞ്ഞാടിയപ്പോള്‍ ഹൈകോടതി പരിസരം സംഘര്‍ഷഭരിതമായി. കോടതി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ അനുവദിച്ച മീഡിയ റൂം തുറന്നതിനെച്ചൊല്ലി പ്രകോപനമുണ്ടാക്കിയാണ് ബുധനാഴ്ച ആക്രമണങ്ങള്‍ക്ക് അഭിഭാഷകര്‍ തുടക്കംകുറിച്ചത്. ചൊവ്വാഴ്ചയും അഭിഭാഷകര്‍ ഈ വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്തിരുന്നു. പൊലീസ് ഇടപെട്ടാണ് സ്ഥിതി ശാന്തമാക്കിയത്.

ചൊവ്വാഴ്ചത്തെ സംഭവങ്ങള്‍ക്കുശേഷം രാത്രിയോടെതന്നെ അഭിഭാഷകര്‍ വീണ്ടും അക്രമത്തിന് വട്ടംകൂട്ടിയിരുന്നു. മാധ്യമപ്രവര്‍ത്തകരെ ൈ ഹൈകാടതിയിലേക്ക് കയറ്റില്ളെന്നും മിഡീയ റൂം അടച്ചുപൂട്ടുമെന്നും ചൊവ്വാഴ്ച രാത്രിതന്നെ പലരും സ്വന്തം നിലക്ക് പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാറിനെ സമ്മര്‍ദത്തിലാക്കുന്നതിന്‍െറ ഭാഗമായി ബുധാനാഴ് രാവിലെ യോഗം ചേര്‍ന്ന് ഹൈകോടതി ബഹിഷ്കരണത്തിനും വട്ടംകൂട്ടി. എന്നാല്‍, മുതിര്‍ന്ന ചില അഭിഭാഷകരാണ് ഇത് നിരുത്സാഹപ്പെടുത്തിയത്. ഉച്ചക്ക് വീണ്ടും യോഗം ചേര്‍ന്നപ്പോള്‍ കോടതി ബഹിഷ്കരിക്കണമെന്ന് വാദമുന്നയിച്ച അഭിഭാഷകര്‍ മുദ്രാവാക്യം വിളികളുമായി പുറത്തിറങ്ങി. മീഡിയ റൂം തുറന്നത് കണ്ടതോടെ പ്രകോപിതരായ ഇവര്‍ അങ്ങോട്ടേക്ക് പാഞ്ഞടുത്തു.

സമരക്കാരുടെ കണ്ണുവെട്ടിച്ചാണ് വനിതാ മാധ്യമപ്രവര്‍ത്തകര്‍ രജ്രിസ്ട്രാറുടെ ഓഫിസിലത്തെിയത്.  പിന്നീട് ഇവരും കോടതിക്കകത്ത് പെട്ടുപോയ മറ്റ് രണ്ട് ലേഖകരും രജിസ്ട്രാറുടെ മുറിയിലത്തെി.  സംഘര്‍ഷം കുറക്കാന്‍ മീഡിയ റൂം താല്‍ക്കാലികമായി പൂട്ടി ഹൈകോടതിയുടെ കസ്റ്റഡിയില്‍ വെക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു. എന്നാല്‍, കോടതി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് തടയാനാകില്ളെന്നും ആവശ്യമായ സുരക്ഷ ഒരുക്കുമെന്നും രജിസ്ട്രാര്‍ ഉറപ്പുനല്‍കി. പിന്നീട് കോടതിക്കകത്തുതന്നെ ഇവര്‍ പൊലീസ് സംരക്ഷണത്തിലായിരുന്നു. കോടതിയില്‍നിന്ന് ഈ മാധ്യമ പ്രവര്‍ത്തകര്‍ ഇറങ്ങുന്നത് കാത്ത് അഭിഭാഷകര്‍ പുറത്ത് നിലയുറപ്പിച്ചിരുന്നു. മീഡിയ റൂമില്‍ മാധ്യമ പ്രവര്‍ത്തകരെ കണ്ടത്തൊതായതോടെ വാതിലുകളിലും ജനലുകളിലും ആഞ്ഞടിച്ചും ചവിട്ടിയുമാണ്  ഇവര്‍ രോഷം തീര്‍ത്തത്.

ഇതിനിടെ, വിവരമറിഞ്ഞ് നഗരത്തിലെ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധവുമായി ഹൈകോടതിക്കുമുന്നില്‍ കുത്തിയിരിപ്പ് ആരംഭിച്ചു. ഇതോടെ ഹൈകോടതി മന്ദിരത്തില്‍നിന്ന് അഭിഭാഷകര്‍ കൂക്കിവിളിച്ച് പ്രകോപനം സൃഷ്ടിക്കാന്‍ ശ്രമിച്ചു. ഇത് ഫലിക്കുന്നില്ളെന്ന് കണ്ടതോടെ, കുത്തിയിരിക്കുന്ന മാധ്യമപ്രവര്‍ത്തകരെ യാചകരായി പരിഹസിച്ച് അവര്‍ക്കുമുന്നിലേക്ക് ചില്ലറത്തുട്ടുകള്‍ എറിയാന്‍ തുടങ്ങി. എന്നിട്ടും മാധ്യമപ്രവര്‍ത്തകര്‍ സംയമനം പാലിച്ചതോടെ കേട്ടാലറക്കുന്ന അസഭ്യവാക്കുകള്‍ വിളിച്ചുപറഞ്ഞു. ഇത് പകര്‍ത്തുകയായിരുന്ന കാമറകളെ നോക്കിയും ചില അഭിഭാഷകര്‍ അസഭ്യവര്‍ഷം നടത്തി.

കുത്തിയിരിപ്പ് നടത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കിടയിലേക്ക് ഒരു അഭിഭാഷകന്‍ ഇരുചക്രവാഹനം ഓടിച്ചുകയറ്റിതോടെയാണ് സ്ഥിതി നിയന്ത്രണാതീതമായത്. ഇതോടെ പൊലീസിന് പലവട്ടം ലാത്തിവീശേണ്ടിവന്നു. ഹൈകോടതിയില്‍ സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തിയവരും വഴിയാത്രക്കാരും വലഞ്ഞു. ഗതാഗതതടസ്സവുമുണ്ടായി.
ഡല്‍ഹി, ചെന്നൈ തുടങ്ങിയ ഹൈകോടതികളില്‍ നേരത്തേ ഇത്തരം സംഭവം ആവര്‍ത്തിച്ചിട്ടുണ്ടെങ്കിലും കേരള ഹൈകോടതിയില്‍ ആദ്യ സംഭവമാണിത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.