?????????? ???????

പടക്ക സാമഗ്രികള്‍ പിടിച്ചെടുത്ത സംഭവം: ആഭ്യന്തര സെക്രട്ടറി റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന് ലോകായുക്ത

തൃശൂര്‍: മുന്‍ എം.എല്‍.എയും സി.എം.പി നേതാവുമായ എം.കെ.കണ്ണനോട് പൊലീസ് അപമര്യാദയായി പെരുമാറുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയില്‍ ആഭ്യന്തര സെക്രട്ടറിയോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ലോകായുക്ത ഉത്തരവിട്ടു. കണ്ണന്‍ പ്രസിഡന്‍റായ തൃശൂര്‍ കോഓപറേറ്റിവ് സൊസൈറ്റിയുടെ പടക്ക വില്‍പന കേന്ദ്രത്തില്‍നിന്നും പടക്ക സാമഗ്രികള്‍ പിടിച്ചെടുക്കുകയും കണ്ണനെ അറസ്റ്റ്് ചെയ്യുകയും ചെയ്തത് അടിസ്ഥാനമാക്കിയാണ് പരാതി. കഴിഞ്ഞ ഏപ്രില്‍ 12നായിരുന്നു കേസിനാസ്പദ സംഭവം.

കൊല്ലം പരവൂര്‍ വെടിക്കെട്ട് ദുരന്തത്തിന്‍െറ പശ്ചാത്തലത്തില്‍ ജില്ലയില്‍ പടക്ക വിപണന കേന്ദ്രങ്ങളിലും മറ്റും പരിശോധന നടത്തിയിരുന്നു.  തൃശൂര്‍ കോഓപറേറ്റിവ് സൊസൈറ്റിയുടെ പാട്ടുരായ്ക്കല്‍ ആസ്ഥാനത്ത് വിഷു ആഘോഷത്തിന് പടക്ക സാമഗ്രികള്‍ വില്‍ക്കാന്‍ തുറന്ന പ്രത്യേക കൗണ്ടര്‍ റെയ്ഡ് ചെയ്ത് പൊലീസ് പടക്കം പിടിച്ചെടുത്തു.

500 കിലോ സൂക്ഷിക്കാന്‍ ലൈസന്‍സുള്ളപ്പോള്‍ 1000 കി. ഗ്രാമിലധികം സൂക്ഷിച്ചുവെന്നും അത് പിടിച്ചെടുത്തുവെന്നുമാണ് പൊലീസ് പുറത്തുവിട്ടത്. കണ്ണനെ പൊലീസ് ജാമ്യത്തില്‍ വിട്ടിരുന്നു. പൊതുപ്രവര്‍ത്തകനായ തന്നോട് പൊലീസ് അപമര്യാദയായി പെരുമാറുകയും അപകീര്‍ത്തിപ്പെടുത്തും വിധത്തില്‍ വാര്‍ത്ത  നല്‍കുകയും ചെയ്തുവെന്ന് കാണിച്ച് അഡ്വ. പി.കെ. സുരേഷ്ബാബു മുഖേന കണ്ണന്‍ ഫയല്‍ ചെയ്ത ഹരജിയിലാണ് ലോകായുക്ത ജസ്റ്റിസ് പയസ് കുര്യാക്കോസും ഉപ ലോകായുക്ത ജസ്റ്റിസ് കെ.പി. ബാലചന്ദ്രനും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്‍െറ നടപടി.
അസി. കമീഷണര്‍ കെ.പി. ജോസ്, തൃശൂര്‍ ഈസ്റ്റ് എസ്.ഐ പി. ലാല്‍കുമാര്‍, അഡീഷനല്‍ എസ്.ഐ മോഹനന്‍, ട്രാഫിക് എസ്.ഐ മഹീന്ദ്രസിംഹന്‍ എന്നിവരെ എതിര്‍കക്ഷി ചേര്‍ത്താണ് ഹരജി. സെപ്റ്റംബര്‍ 29നകം റിപ്പോര്‍ട്ട് നല്‍കാനാണ് ലോകായുക്തയുടെ ഉത്തരവ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.