ന്യൂഡല്‍ഹി: ഗുരുതരമായ ക്രമക്കേടുകളും ഫണ്ട് തിരിമറിയും നടത്തിയെന്ന പരാതിയില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെ.സി.എ) ഭാരവാഹികള്‍ക്കെതിരെ സി.ബി.ഐ പ്രാഥമികാന്വേഷണം തുടങ്ങി. കൃത്യമായ നടപടിക്രമങ്ങള്‍ പാലിക്കാതെ വന്‍തുക പല പദ്ധതിക്കുമായി ചെലവഴിച്ചെന്നും പരാതിയില്‍ പറഞ്ഞിരുന്നു. തിരിച്ചറിയാത്ത ഭാരവാഹികള്‍ക്കെതിരെയാണ് അന്വേഷണമെന്നാണ് സി.ബി.ഐ അറിയിച്ചത്. അസോസിയേഷന്‍െറ ജനറല്‍ ബോഡി യോഗത്തിന്‍െറ അനുമതിയില്ലാതെയും വ്യക്തമായ എസ്റ്റിമേറ്റില്ലാതെയും നാലു കോടി രൂപയോളം അടിസ്ഥാന സൗകര്യ വികസനത്തിന് ചെലവാക്കിയെന്നും പരാതിയിലുണ്ട്. കണ്‍സല്‍ട്ടന്‍സി സ്ഥാപനത്തിനായാണ് പണം ചെലവഴിച്ചതെന്നും ടെന്‍ഡര്‍ വിളിക്കാതെയായിരുന്നു ഈ നടപടിയെന്നും ആരോപണമുണ്ട്.
കേരള ക്രിക്കറ്റ് അസോസിയേഷന് ക്രിക്കറ്റിന്‍െറ പുരോഗതിക്കായി ലഭിക്കുന്ന ഗ്രാന്‍റുകള്‍ ഭാരവാഹികള്‍ വ്യക്തിപരമായ നേട്ടങ്ങള്‍ക്കുപയോഗിക്കുകയാണെന്ന ഗുരുതരമായ കാര്യവും സി.ബി.ഐയുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. വിവിധ സ്റ്റേഡിയങ്ങള്‍ നിര്‍മിക്കാനായി നടത്തിയ സംശയാസ്പദമായ ഭൂമിക്കച്ചവടത്തെക്കുറിച്ചും സി.ബി.ഐ അന്വേഷിക്കും. മുമ്പ് പലതരം ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും കെ.സി.എ ഭാരവാഹികള്‍ സി.ബി.ഐയുടെ നിരീക്ഷണത്തില്‍ വരുന്നത് ആദ്യമായാണ്. സി.ബി.ഐ നടപടിയെക്കുറിച്ച് അസോസിയേഷന്‍െറ പ്രതികരണം വന്നിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.