ചക്കിട്ടപാറ വീണ്ടും വിവാദത്തിലേക്ക്

കോഴിക്കോട്: സംസ്ഥാനത്തെ പ്രധാന ഇരുമ്പയിര് നിക്ഷേപ കേന്ദ്രങ്ങളിലൊന്നും പരിസ്ഥിതി ലോലപ്രദേശവുമായ കോഴിക്കോട് ജില്ലയിലെ ചക്കിട്ടപാറയിലെ ആലമ്പാറ മേഖലയില്‍ ഖനനത്തിന് കര്‍ണാടകയിലെ എം.എസ്.പി.എല്‍ കമ്പനിയുടെ നീക്കം നിയമക്കുരുക്കിലേക്കും രാഷ്ട്രീയ വിവാദത്തിലേക്കും നീങ്ങുന്നു. അനുമതി നല്‍കേണ്ടെന്ന് ഗ്രാമപഞ്ചായത്ത് തീരുമാനമെടുത്തെങ്കിലും ഇതിനെതിരെ കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് കമ്പനി. ഇതോടെ പ്രശ്നത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് നിര്‍ണായകമാവും.

പ്രശ്നത്തില്‍ കഴിഞ്ഞ ദിവസം കമ്പനിയുമായി ഹിയറിങ് കഴിഞ്ഞതായും ഉത്തരവ് ഉടന്‍ ഇറങ്ങുമെന്നും വ്യവസായ വകുപ്പ് ഓഫിസ് അറിയിച്ചു. എന്നാല്‍, ഗ്രാമപഞ്ചായത്ത് ഖനനത്തിന് എതിരായി നിലപാടെടുത്ത കാര്യം അറിഞ്ഞിട്ടില്ളെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യന്‍ പറഞ്ഞു. നയപരമായ കാര്യമായതിനാല്‍ സംസ്ഥാന വനം വകുപ്പ്, പരിസ്ഥിതി ആഘാത അതോറിറ്റി എന്നിവ നിലപാട് വ്യക്തമാക്കിയിട്ടില്ല. കേന്ദ്ര മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പില്‍നിന്ന് കമ്പനിക്ക് ഇതിനകം ഖനനാനുമതി ലഭിച്ചതായാണ് വിവരം. പാരിസ്ഥിതിക അനുമതി തേടി കഴിഞ്ഞ മാര്‍ച്ചില്‍ കമ്പനിയുടെ കത്ത് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്‍െറ പരിഗണനയിലാണ്. ഇതിന്‍െറ തുടര്‍ച്ചയായാണ് കമ്പനി സംസ്ഥാന വ്യവസായ വകുപ്പിനെ സമീപിച്ചത്.

എന്നാല്‍, ഗ്രാമപഞ്ചായത്തിന്‍െറ അനുമതി തേടാനായിരുന്നു വ്യവസായ വകുപ്പിന്‍െറ നിര്‍ദേശം.  ജൂണില്‍ കമ്പനി പഞ്ചായത്തിന് കത്ത് നല്‍കിയിരുന്നെങ്കിലും ജൂലൈ 25നാണ് ഭരണസമിതി ചര്‍ച്ചക്കെടുത്ത് ഖനന അനുമതി നിഷേധിച്ചത്. 2014ല്‍ ചക്കിട്ടപാറ പഞ്ചായത്തിലെ ഖനനത്തിന് കേന്ദ്ര പരിസ്ഥിതി വകുപ്പിന്‍െറ അനുമതിക്ക് വേണ്ടി കമ്പനി ശ്രമിച്ചിരുന്നു. മാവൂര്‍ വില്ളേജിലെ ചെറൂപ്പയിലെ 53.93 ഹെക്ടറിലും കാക്കൂര്‍ വില്ളേജിലെ മുതുവല്ലൂരില്‍ 282 ഹെക്ടറിലും ഖനനത്തിന് കമ്പനിക്ക് താത്വിക അനുമതി ലഭിക്കുകയും ചെയ്തു.

എന്നാല്‍, വനസംരക്ഷണ നിയമം, പരിസ്ഥിതി സംരക്ഷണ നിയമം എന്നിവ അനുസരിച്ചുള്ള അനുമതിയും ഇന്ത്യന്‍ ബ്യൂറോ ഓഫ് മൈനിങ്ങിന്‍െറ അംഗീകാരവും ലഭ്യമായിരുന്നില്ല.  2006ല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഖനനത്തിന് നല്‍കിയ എന്‍.ഒ.സി ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ 2013ല്‍ റദ്ദാക്കുകയായിരുന്നു. എന്നാല്‍, ഖനനത്തിനുവേണ്ടി പാട്ടത്തിനെടുത്ത സ്ഥലങ്ങളുടെ പട്ടികയില്‍ ആലംപാറ, ചെറൂപ്പ, മുതുവല്ലൂര്‍ തുടങ്ങിയ സ്ഥലങ്ങള്‍ ഇപ്പോഴും കമ്പനി വെബ്സൈറ്റില്‍ ഉണ്ട്. ചക്കിട്ടപാറയിലെ 402 ഹെക്ടര്‍ മേഖലയിലാണ് കമ്പനി ഖനനത്തിന് അനുമതി തേടിയത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.