കെ.സി.എക്കെതിരായ ആരോപണം: അന്വേഷണത്തിന് നിര്‍ദേശിച്ചത് പ്രധാനമന്ത്രിയുടെ ഓഫിസെന്ന് സൂചന

കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷനെതിരായ (കെ.സി.എ) ആരോപണങ്ങളില്‍ സി.ബി.ഐ അന്വേഷണം ഏറ്റെടുത്തത് പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെട്ടതിനത്തെുടര്‍ന്നെന്ന് സൂചന. കെ.സി.എയിലെ അഴിമതി സംബന്ധിച്ച് നിരവധി പരാതികള്‍ നല്‍കിയെങ്കിലും ബി.സി.സി.ഐ നടപടിയെടുത്തിരുന്നില്ല. തുടര്‍ന്നാണ് പ്രധാനമന്ത്രിയുടെ ഓഫിസിന് പരാതി നല്‍കിയത്.
അന്വേഷണത്തിന്‍െറ ഭാഗമായി സി.ബി.ഐ ഉദ്യോസ്ഥര്‍ ചോദ്യാവലി നല്‍കിയെങ്കിലും കെ.സി.എ മറുപടി നല്‍കാന്‍ ഒരാഴ്ചത്തെ സമയം ആവശ്യപ്പെട്ടിരിക്കുകയാണ്. അസോസിയേഷന്‍ ജനറല്‍ബോഡിയുടെ അനുമതി തേടാതെയും രേഖകള്‍ തയാറാക്കാതെയും നാലു കോടി ചെലവഴിച്ചെന്നാണ് പ്രധാന പരാതി.
ഇടക്കൊച്ചി സ്റ്റേഡിയം നിര്‍മാണവുമായി ബന്ധപ്പെട്ടാണ് പ്രധാനമായും പരാതികള്‍ ലഭിച്ചിരിക്കുന്നത്. ചതുപ്പുനിലത്ത് സ്റ്റേഡിയം നിര്‍മാണം സാധ്യമല്ളെന്ന് ബോധ്യമായിട്ടും വന്‍തുക ഇതുമായി ബന്ധപ്പെട്ട് ചെലവാക്കിയിട്ടുണ്ടെന്ന് പരാതിക്കാര്‍ ആരോപിക്കുന്നു.
വിവാദ കമ്പനിയായ ‘ലിസി’ന്‍െറ ഉടമകളില്‍ നിന്നാണ് ഭൂമി വാങ്ങിയത്. 23 ഏക്കര്‍ ഭൂമി 26 കോടി രൂപക്കാണ് അന്ന് കെ.സി.എ ഏറ്റെടുത്തത്. ഭൂമിയേറ്റെടുത്തിട്ട് ആറു വര്‍ഷമായെങ്കിലും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഒന്നും നടന്നിട്ടില്ല. ആലുവയിലും മുളന്തുരുത്തിയിലും സ്റ്റേഡിയം നിര്‍മാണത്തിനായി സ്ഥലം നോക്കിയിരുന്നു. മുളന്തുരുത്തിയിലെ സ്ഥലം ബി.സി.സി.ഐ പ്രതിനിധി സന്ദര്‍ശിച്ച് അനുയോജ്യമാണെന്ന് അറിയിച്ച പ്രകാരം ഏറ്റെടുക്കലിന് പ്രാരംഭ നടപടികള്‍ ആരംഭിച്ചതാണ്.
എന്നാല്‍, കെ.സി.എ തീരുമാനം മാറ്റി ഇടക്കൊച്ചി തെരഞ്ഞെടുക്കുകയായിരുന്നു. കെ.സി.എയുടെ ഓഡിറ്റിങ് വിഭാഗത്തെ ഓഡിറ്റിങ് ചുമതലയില്‍നിന്നൊഴിവാക്കി അന്താരാഷ്ട്ര ഏജന്‍സിയായ ഡിലോയ്റ്റിനെ ഏല്‍പിച്ചതിലും പരാതിക്കാര്‍ ദുരൂഹതയാരോപിക്കുന്നു. ബില്‍, വൗച്ചര്‍ എന്നിവയിലും വന്‍ ക്രമക്കേടുകള്‍ നടന്നിട്ടുള്ളതായും 2007 ഒക്ടോബര്‍ രണ്ടിന് കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന ഏകദിന മത്സരത്തിലെ ടിക്കറ്റ് വില്‍പനയിലുള്‍പ്പെടെ അഴിമതി നടന്നിട്ടുണ്ടെന്ന് വിജിലന്‍സ് കണ്ടത്തെിയിരുന്നതായും പരാതികളില്‍ പറഞ്ഞിട്ടുണ്ട്. വിവിധ ജില്ലകളില്‍ നിന്നായി ഒമ്പതോളം പരാതികളാണ് കെ.സി.എക്കെതിരെയുള്ളത്.   

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.