കുട്ടിക്കാലത്തെ നോമ്പനുഭവങ്ങള്‍ സ്നേഹനിര്‍ഭരമായ ഓര്‍മകളിലേക്കാണ് എന്നെ കൊണ്ടുപോകുന്നത്. ഞാന്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയത് കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പ് നരവൂര്‍ എല്‍.പി സ്കൂളിലാണ്. പഴയ കൂത്തുപറമ്പ്... ഇന്ന് ഒരുപാട് മാറിയിരിക്കുന്നു. സ്കൂള്‍ വിട്ട് ഇടവഴികളിലൂടെയും മറ്റും നടക്കുമ്പോള്‍ നോമ്പ് വിഭവങ്ങളുടെ ഗന്ധം മൂക്കിലേക്ക് അടിച്ചുകയറും. പക്ഷേ, അതിലൊന്നും മയങ്ങില്ല. കാരണം, എനിക്കുള്ളത് വീട്ടിലുണ്ടാവും. തൊട്ടടുത്ത് ഉളിവീട്ടില്‍ എന്ന മുസ്ലിം കുടുംബമുണ്ടായിരുന്നു. അവിടെ എനിക്ക് പ്രിയപ്പെട്ട ഉമ്മയും... ഐസുത്താത്ത. ഉമ്മ നോമ്പുകാലമാകുമ്പോള്‍ എന്നും വൈകുന്നേരം താലത്തില്‍നിറയെ പലഹാരങ്ങളുമായി വരും. അതിന്‍െറ രുചി പറഞ്ഞറിയിക്കാന്‍ പറ്റില്ല. ഐസുത്താത്തയുടെ സ്നേഹത്തില്‍ ചാലിച്ച പെരുമാറ്റം മാത്രം മതി, രുചികരമായ ഭക്ഷണം കഴിക്കാതെ തന്നെ വയറ് നിറയാന്‍.
ചെറിയവയസ്സില്‍ ഹാരിസ് മാസ്റ്ററുടെ കീഴില്‍ സംഗീതം പഠിച്ചിട്ടുണ്ട്. അയല്‍വീടായിരുന്നു അദ്ദേഹത്തിന്‍േറത്. പല ഖത്തുകളും ഞാനദ്ദേഹത്തില്‍നിന്ന് പഠിച്ചു. അദ്ദേഹം സംഗീതം പഠിക്കാന്‍ എന്‍െറ വീട്ടിലും വരുമായിരുന്നു. സംഗീത കുടുംബമായിരുന്നു ഞങ്ങളുടേത്. അച്ഛന്‍ നാരായണ ഭാഗവതര്‍, അമ്മ നാരായണി. ഇവരായിരുന്നു എന്‍െറ ഗുരുനാഥന്മാര്‍. ആഴത്തിലുള്ള ബന്ധമായിരുന്നു ഹാരിസ് മാസ്റ്ററുമായി ഞങ്ങള്‍ക്കുള്ളത്്. റമദാന്‍ മാസത്തിലൊക്കെ എന്നെ ക്ഷണിക്കാറുണ്ടായിരുന്നു. ഓണത്തിന് ഞങ്ങളും. കൂത്തുപറമ്പിലെ മറക്കാന്‍പറ്റാത്ത സുഹൃത്താണ് ജലീല്‍. അവന്‍െറ വീട്ടില്‍ നോമ്പുകാല വൈകുന്നേരങ്ങളില്‍ പ്രത്യേക ക്ഷണിതാവായി ഞാനത്തെും.
ചേട്ടന്‍െറകൂടെ പിന്നീട് മുംബൈയിലേക്ക് വണ്ടികയറി. അവിടെ ഖാന്‍ സാഹിബ് മുഹമ്മദ് ഹുസൈന്‍െറ കൂടെ രണ്ടുവര്‍ഷത്തോളം പഠിച്ചു. അദ്ദേഹം നല്ളൊരു സാരംഗി വിദഗ്ധനായിരുന്നു. മറ്റുപല രാഗങ്ങളും പഠിച്ചു. അവിടെയുള്ളപ്പോള്‍ ഗുരുവിന്‍െറ കൂടെയും മറ്റും നിരവധി ഇഫ്താര്‍ വിരുന്നുകളില്‍ പങ്കെടുക്കാനുള്ള ഭാഗ്യമുണ്ടായി. ഓണം നമ്മള്‍ കേരളീയരെല്ലാവരും ആഘോഷിക്കുന്നു. അവിടെ മതത്തിന് സ്ഥാനമില്ല. അതുപോലെ നോമ്പ് ഹിന്ദുക്കളും ക്രിസ്ത്യാനികളും എടുക്കണം. നല്ലതിനെ നമ്മള്‍ എപ്പോഴും സ്വീകരിക്കണമെന്നാണ് എന്‍െറ അഭിപ്രായം. ഹിന്ദുക്കളും ക്രിസ്ത്യാനികളും നോമ്പെടുക്കുന്നില്ല എന്നല്ല, പക്ഷേ, ഇത്രയും ആത്മനിയന്ത്രണത്തില്‍ ത്യാഗനിര്‍ഭരമായിട്ടുള്ള നോമ്പ്... അതാണ് നമ്മളും അനുഷ്ഠിക്കേണ്ടത്. എന്‍െറ അറിവില്‍തന്നെ എന്‍െറ ഹിന്ദുസുഹൃത്തുക്കള്‍ നോമ്പനുഷ്ഠിക്കുന്നത് കണ്ടിട്ടുണ്ട്. ശബരിമലക്ക് പോകുന്ന മുസ്ലിം സുഹൃത്തുക്കളുമുണ്ട്. നമ്മുടേത് മതേതരരാഷ്ട്രമാണ്. ആര്‍ക്കും എന്തും വിശ്വസിക്കാം. എവിടെയും ആരാധന നടത്താം. അതിന് ഏറ്റവും വലിയ ഉദാഹരണമാണല്ളോ ശബരിമലയിലുള്ളത്. അവിടെ വാവര് സ്വാമിയെ പള്ളിയില്‍ കണ്ടിട്ടാണ് അയ്യപ്പനടുത്തേക്ക് പോകുന്നത്.
ആ ബന്ധം അതവിടെ മാത്രം പോരാ. സമൂഹത്തിലൊന്നാകെ ഉണ്ടാകണം. അതുപോലെ ഗുരുവായൂരില്‍ നമുക്ക് കയറാന്‍ പറ്റില്ലല്ളോ എന്ന് പരിതപിക്കുന്ന മുസ്ലിം സുഹൃത്തുക്കളെനിക്കുണ്ട്. ഗാനഗന്ധര്‍വന്‍ യേശുദാസിനെ ഇവിടെ ഒരുകൂട്ടര്‍ ഗുരുവായൂരില്‍ കയറ്റുന്നില്ല. പക്ഷേ, അദ്ദേഹം പാടിയ പാട്ടുകളോ? എത്ര സ്നേഹത്തോടെയാണ് എന്ത് ആരാധനയോടെയാണ് എത്ര ഭക്തിയോടുകൂടിയാണ് ഭക്തിഗാനങ്ങള്‍ ആലപിച്ചിട്ടുള്ളത്. കൃഷ്ണ ഭക്തിഗാനങ്ങള്‍ പാടിയ അതേ യേശുദാസാണ് ‘ആയിരം കാതമകലെയാണെങ്കിലും മായാതെ മക്ക’... എന്നതും പാടിയത്. ഉസ്താദ് ബിസ്മില്ലാഖാന്‍ എന്നും വായിച്ചിരുന്നത് കാശി വിശ്വനാഥിന് വേണ്ടിയായിരുന്നു. പക്ഷേ, ഇതൊന്നും ആരും മനസ്സിലാക്കുന്നില്ല. ഞാന്‍ പറയുന്നത് എല്ലാറ്റിനും മാറ്റം വരണം എന്നാണ്. അമ്പലങ്ങളും പള്ളികളും എല്ലാവര്‍ക്കും കയറിച്ചെല്ലാനുള്ള ഇടമാകണം. മതങ്ങളുടെ വേലിക്കെട്ടുകള്‍ പൊളിച്ചുനീക്കണം.
മനുഷ്യമനസ്സില്‍നിന്ന് മാലിന്യം തുടച്ചുനീക്കാന്‍ നോമ്പുകളും വ്രതങ്ങളും വഹിക്കുന്ന പങ്ക് ചെറുതല്ല. അവിടെയാണ് നോമ്പെടുക്കലിന്‍െറ പ്രസക്തി. മുസ്ലിം സഹോദരന്മാര്‍ ഇവിടെ നമുക്ക് മാതൃകയാണ്. അത് നമ്മളും പിന്തുടരണം. നല്ലതെന്തും സ്വീകരിക്കണം. അല്ലാതെ അവന്‍ മുസ്ലിം, അവന് അവന്‍െറ വിശ്വാസം, അത് നമ്മള്‍ ചെയ്യുന്നത് ശരിയല്ല എന്ന നിലപാട് ഒരിക്കലും നല്ലതല്ല. ഗസല്‍ സംഗീതവിസ്മയം ഗുലാം അലിയെ ഇവിടെ ബഹിഷ്കരിക്കുന്ന സമീപനമുണ്ടായതില്‍ വളരെയധികം വേദനിച്ചു. എന്തിനാണ് അങ്ങനെയൊരു നീക്കം. അദ്ദേഹം പാകിസ്താനി എന്നതുകൊണ്ടാണോ? അദ്ദേഹം പാകിസ്താനേക്കാള്‍ ഇഷ്ടപ്പെടുന്നത് ഇന്ത്യയാണ്. ഗുലാം അലി കൃഷ്ണന്‍െറ ഭജന പാടിയിട്ടുണ്ട്. കൂടെതന്നെ അല്ലാഹുവിനെയും സ്തുതിക്കുന്നു. പക്ഷേ, ഇതാര് മനസ്സിലാക്കുന്നു. എല്ലാം രാഷ്ട്രീയവത്കരിക്കുന്നു. സംഗീതത്തെ സ്നേഹിക്കുന്ന ഒരാള്‍ക്കും ഗുലാം അലിയെപോലെ ഒരാളെ തടയാനാവില്ല.
സംഗീതത്തിന് അതിര്‍വരമ്പുകളില്ല. അത് അനന്തമാണ്. അവിടെ ഹിന്ദുവില്ല. മുസല്‍മാനില്ല, ക്രൈസ്തവനില്ല. ഒന്നുമാത്രം സ്നേഹം... അതാണ് നമുക്ക് നോമ്പിലും പ്രകടമാകുന്നത്. എന്‍െറ വിശ്വാസത്തിനെ തടുക്കാന്‍ നിങ്ങള്‍ക്ക് അവകാശമില്ല. എനിക്ക് പള്ളിയില്‍ കയറണമെന്നുണ്ടെങ്കില്‍ ഞാന്‍ കയറും. പ്രാര്‍ഥിക്കും. അമ്പലത്തിലാണെങ്കിലും അങ്ങനെതന്നെ. അതിലൊന്നും ആര്‍ക്കും ഇടപെടാന്‍ അവകാശമില്ല. ഞാനിവിടെ തിരുവനന്തപുരത്ത് ബീമാപള്ളിയില്‍ പോകാറുണ്ട്. എന്നെ അവിടെ നിങ്ങള്‍ ഹിന്ദുവാണല്ളോ എന്ന് പറഞ്ഞ് തടയാറില്ല.
ഞാനോര്‍ക്കുന്നു 1993ല്‍ പി.ടി. കുഞ്ഞഹമ്മദിന്‍െറ ‘മഗ്രിബ്’ സംഗീതസംവിധാനം നിര്‍വഹിച്ചാണ് ഞാന്‍ സിനിമാ രംഗത്തേക്ക് കടന്നുവന്നത്. അന്നൊരു നോമ്പുകാലത്താണ് പി.ടി. സാറിന്‍െറ ‘വീരപുത്രന്‍’ ചെയ്യുന്നത്. ഒരു വൈകുന്നേരത്തില്‍ സിനിമയുടെ പ്രൊഡ്യൂസര്‍ ഞങ്ങളെയെല്ലാവരെയും അദ്ദേഹത്തിന്‍െറ വീട്ടിലേക്ക് ഇഫ്താര്‍ പാര്‍ട്ടിക്ക് ക്ഷണിച്ചു. അന്നത് നമ്മള്‍ നന്നായി എന്‍ജോയ് ചെയ്തു. ഇപ്പോഴും പല സുഹൃത്തുക്കളും എന്നെയും കുടുംബത്തേയും ഇഫ്താര്‍ പാര്‍ട്ടിക്ക് ക്ഷണിക്കാറുണ്ട്. അതുപോലെ നോമ്പുകാലങ്ങളില്‍ റെക്കോഡിങ് ഉണ്ടാകുമ്പോള്‍ നോമ്പുതുറക്കുന്ന സമയം എല്ലാം ഓഫ് ചെയ്ത് ഞാനും അതില്‍ പങ്കുചേരാറുണ്ട്. ഇന്ന് പല കാര്യങ്ങളിലും മാറ്റങ്ങള്‍ വന്നിട്ടുണ്ട്. എല്ലാം യാന്ത്രികമായാണ് നടക്കുന്നത്. ഞാന്‍ ഹിന്ദു, നീ മുസ്ലിം, അവന്‍ ക്രിസ്ത്യന്‍ എന്ന ചിന്ത സമൂഹത്തില്‍ വര്‍ധിച്ചുവരുന്നുണ്ട്. എന്താണതിന് കാരണമെന്നറിയില്ല. മലീമസമായിക്കൊണ്ടിരിക്കുന്ന സമൂഹത്തിന്‍െറ നോമ്പുകാലം പുത്തനുണര്‍വിന്‍െറ, ആത്മസമര്‍പ്പണത്തിന്‍െറ, സ്നേഹനിര്‍ഭരതയുടെ വിത്തുകള്‍ പാകുമെന്നതില്‍ സംശയമില്ല.
എനിക്ക് ഏറ്റവും കൂടുതല്‍ എനര്‍ജിയുണ്ടാകുന്നത് അല്ലാഹുവിനെ പറ്റി പാടുമ്പോഴാണ്. ‘യാ... മേരീ മൗലാ... യാലീ റസൂലല്ലാ കിംചുലിയാ അപ്നാ പല്ലാ...’ ഇതെന്‍െറ ഗുരുജി പറഞ്ഞുതന്നതാണ് ‘മേരോ അല്ലാ മെഹര്‍ബാന്‍’... അത് വളരെ അര്‍ഥപൂര്‍ണമാണ്. അല്ലാഹുവിനെ പറ്റി പാടുമ്പോള്‍ നേരത്തേ പറഞ്ഞതുപോലെ ഒരനുഭൂതി ഉണ്ടാകുന്നു. അതുപോലെ ശിവനെ പ്രാര്‍ഥിക്കുമ്പോഴും. അതുകൊണ്ടുതന്നെ അല്ലാഹു, ശിവന്‍ എന്ന വേര്‍തിരിവില്‍ ഞാന്‍ പാടിയിട്ടില്ല. ഞാന്‍ ശിവനില്‍ ഒരു രൂപവും കാണുന്നില്ല. അതൊരു ശക്തിയാണ്. അതുതന്നെയല്ളേ അല്ലാഹുവും അതൊരു ശക്തിയാണ്... പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന ശക്തി.. രൂപം നമ്മളുണ്ടാക്കുന്നതല്ളേ... അതാണ് നമ്മള്‍ മനസ്സിലാക്കേണ്ടത്. ‘അല്ലാഹൂ’... എന്ന് പാടുന്നതിനേക്കാള്‍ എനിക്കിഷ്ടം ‘അല്ലാ ഹോം’... ‘അല്ലാ ഓം’.. എന്നു പാടുന്നതാണ്. അവിടെ ‘അല്ലാ’ എന്നതിലേക്ക് ‘ഓം’ കൂടിച്ചേരുകയാണ്. എല്ലാം ഒന്നുതന്നെ നമ്മള്‍ എല്ലാറ്റിനും പലരൂപങ്ങള്‍ നല്‍കുന്നു. പലഭാവങ്ങള്‍ നല്‍കുന്നു. പല പേരുകള്‍ നല്‍കി ആരാധിക്കുന്നു. എല്ലാറ്റിലുമുപരി സ്നേഹമാണ് വേണ്ടത്. ഈ റമദാന്‍മാസത്തില്‍ സ്നേഹത്തിന്‍െറ കണികവറ്റാത്ത മനുഷ്യമനസ്സുകളില്‍ നന്മ നിറക്കാന്‍ നമുക്ക് പടച്ചോനോട് പ്രാര്‍ഥിക്കാം.
തയാറാക്കിയത്: ഷബിന്‍ രാജ് മട്ടന്നൂര്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.