കൊച്ചി: ജിഷയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയില്‍ വിശ്വാസമില്ളെന്ന് ജിഷയുടെ പിതാവ് പാപ്പു. ജിഷയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ അസം സ്വദേശിയായ അമീറുല്‍ ഇസ്ലാമിന് ജിഷയോടുള്ള വൈരാഗ്യത്തിന് കാരണമായി പൊലീസ് പറയുന്ന കഥ വിശ്വസിക്കാനാവില്ല. കൊലപാതകത്തിന് പിന്നിലുള്ള മുഴുവന്‍ ആളുകളെയും പിടികൂടാന്‍ സര്‍ക്കാറും പൊലീസും പരാജയപ്പെട്ടതിനാല്‍ കേസ് സി.ബി.ഐക്ക് വിടണമെന്നും ഇക്കാര്യം ഉന്നയിച്ച് കോടതിയെ സമീപിക്കുമെന്നും പാപ്പു കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.കൊലപാതകത്തിന് പിന്നില്‍ വന്‍ശക്തികളുണ്ട്. ഇവരെ പിടിക്കാതെ കൊല ചെയ്തയാളെ മാത്രം പിടിക്കുകയാണ് ചെയ്തത്. സി.പി.എമ്മും കോണ്‍ഗ്രസും ഇക്കാര്യത്തില്‍ ഒത്തുകളിക്കുകയാണെന്നും മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ളെന്നും പാപ്പു ആരോപിച്ചു.
നിയമസഭ തെരഞ്ഞെടുപ്പില്‍ ജിഷ കേസ് പ്രധാന വിഷയമായി ഉയര്‍ത്തിയവര്‍ അധികാരത്തിലേറിയ ശേഷം പേരിന് ഒരു ഇതരസംസ്ഥാന തൊഴിലാളിയെ അറസ്റ്റ് ചെയ്ത് അന്വേഷണം അവസാനിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയെയും വിശ്വാസമില്ലാതായി. ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്-യു.ഡി.എഫ് ബന്ധം വ്യക്തമാണ്. എന്നാല്‍, പണം കണ്ടപ്പോള്‍ ജിഷയുടെ അമ്മ രാജേശ്വരി എല്ലാം മറന്നുവെന്നും പാപ്പു ആരോപിച്ചു. ജിഷയെ അപായപ്പെടുത്താന്‍ ശ്രമിച്ചതിനെക്കുറിച്ച് കുറുപ്പംപടി പൊലീസ് സ്റ്റേഷനില്‍ നിരവധി പരാതികള്‍ നല്‍കിയത് ഏത് ഉന്നതനെ കുറിച്ചായിരുന്നുവെന്നും മകളുടെ മൃതദേഹം ദഹിപ്പിക്കരുതെന്നും മതാചാര പ്രകാരം കര്‍മം നടത്താന്‍ അനുവദിക്കണമെന്നുമുള്ള ആവശ്യം ചെവിക്കൊള്ളാതെ രാത്രി ഒന്‍പത് മണിയോടെ ധിറുതി പിടിച്ച് ദഹിപ്പിച്ചത് പ്രതിയായ അമീറുല്‍ ഇസ്ലാമിന് വേണ്ടിയായിരുന്നോയെന്നും പൊലീസ് മറുപടി പറയണമെന്നും പാപ്പു ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്‍റ് പി.എം. വേലായുധനുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.