യോഗയും പ്രാര്‍ഥനയും മതേതരമാകണം –പി.കെ. കുഞ്ഞാലിക്കുട്ടി

മലപ്പുറം: യോഗയും അതോടനുബന്ധിച്ച പ്രാര്‍ഥനയുമെല്ലാം മതേതരമാകണമെന്ന് മുസ്ലിം ലീഗ് ദേശീയ ട്രഷററും പ്രതിപക്ഷ ഉപനേതാവുമായ പി.കെ. കുഞ്ഞാലിക്കുട്ടി. യോഗക്ക് വര്‍ഷങ്ങളുടെ ചരിത്രമുണ്ടെങ്കിലും ഇപ്പോള്‍ അത് രാഷ്ട്രീയവത്കരിക്കുന്നതില്‍ ബി.ജെ.പിയുടെ ചില അജണ്ടകളാണെന്ന് ആശങ്കയുണ്ടെന്നും അദ്ദേഹം മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിദ്യാലയങ്ങളിലെ പ്രാര്‍ഥനയും മതേതരമാകണമെന്നതാണ് ലീഗിന്‍െറ നിലപാട്. യോഗയെ വര്‍ഗീയവത്കരിക്കുന്നതിനെ ശക്തമായി എതിര്‍ക്കും. യോഗയുടെ കാര്യമാണെങ്കിലും നിലവിളക്കിന്‍േറതാണെങ്കിലും ആരെയും നിര്‍ബന്ധിക്കാന്‍ പാടില്ളെന്നും അദ്ദേഹം വ്യക്തമാക്കി. യോഗയോട് ആര്‍ക്കും എതിര്‍പ്പില്ല. കഴിഞ്ഞ 25 വര്‍ഷമായി താന്‍ പ്രഭാത പ്രാര്‍ഥനക്കുശേഷം വീട്ടുവളപ്പിലെ ചില്ലറ കൃഷിപ്പണി കഴിഞ്ഞ് യോഗ നടത്താറുണ്ട്. യോഗയെ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനെയാണ് എതിര്‍ക്കുന്നത്.

കണ്ണൂരില്‍ ദലിത് യുവതികള്‍ക്കെതിരായ പൊലീസ് അതിക്രമം അങ്ങേയറ്റം അപലപനീയമാണ്. പൊലീസിനെ ഇങ്ങനെ കയറൂരിവിട്ടാകരുത് സര്‍ക്കാറിന്‍െറ പോക്ക്. ദേശീയപാത, കരിപ്പൂര്‍ വിമാനത്താവള വികസന വിഷയത്തിലും ഗെയില്‍ വാതക പൈപ്പ്ലൈന്‍ പ്രശ്നത്തിലും സര്‍ക്കാറിന്‍െറ അജണ്ടകള്‍ക്കനുസരിച്ച് ലീഗ് നിലപാട് സ്വീകരിക്കും. വികസന വിഷയത്തില്‍ നിഷേധാത്മക സമീപനം സ്വീകരിക്കുകയോ രാഷ്ട്രീയമായി ഉപയോഗിക്കുകയോ ചെയ്യില്ല. അതേസമയം, ഇരകളെ കേള്‍ക്കുകയും അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുകയും വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുസ്ലിം ലീഗ് സംസ്ഥാന ജന. സെക്രട്ടറി കെ.പി.എ. മജീദും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.