അഭി വീണ്ടും ജയിലിലേക്ക്; നെഞ്ചുപൊട്ടി ചിമ്മി

കല്‍പറ്റ: കോടതിവരാന്തയില്‍ അവര്‍ നിര്‍ത്താതെ കരഞ്ഞുകൊണ്ടിരുന്നു. തന്‍െറ കണ്ണീരിന്, എഴുതിവെച്ച നിയമപുസ്തകങ്ങളില്‍ ഒരു വിലയുമില്ളെന്ന് ആ ആദിവാസി വയോധികക്കറിയില്ലായിരുന്നു. ‘സാറന്മാരെ...എന്‍െറ മോനെ ജയിലില്‍ കൊണ്ടുപോകരുത്. എനിക്ക് ആകെയുള്ളത് അവനാണ്. മൂന്നു മക്കളെ പെറ്റ എനിക്ക് താങ്ങായി ഇപ്പോള്‍ അവരൊന്നുമില്ല. ഉള്ളത് ഈ പേരക്കുട്ടി മാത്രമാണ്. എനിക്കെന്‍െറ മോനെ തിരിച്ചുതന്നേക്ക് സാറേ’ -ചേംബറിലേക്ക് നോക്കി ചിമ്മി വിങ്ങിപ്പൊട്ടിയത് കോടതി വരാന്തയിലുള്ളവരുടെയെല്ലാം മനസ്സലിയിപ്പിച്ചു. കോടതിയില്‍ ഹാജരായില്ളെന്ന കുറ്റത്തിന് പേരമകന്‍ അഭിയുടെ ജാമ്യം റദ്ദാക്കി പോക്സോ കോടതി അവനെ വീണ്ടും അറസ്റ്റ് ചെയ്ത് ജയിലിലടക്കാന്‍ ഉത്തരവിട്ടപ്പോഴാണ് അമ്മൂമ്മ ചിമ്മി കോടതിവരാന്തയില്‍ നെഞ്ചുപൊട്ടിക്കരഞ്ഞത്.
ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ ആചാരപ്രകാരം വിവാഹം കഴിച്ചതിന് പോക്സോ പ്രകാരം അറസ്റ്റിലായി ഏറെ നാള്‍ ജയിലില്‍ കഴിഞ്ഞ അഭി കഴിഞ്ഞ മാര്‍ച്ചിലാണ് ജാമ്യത്തിലിറങ്ങിയത്.

ജൂണ്‍ 17ന് കോടതിയില്‍ ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ട് അഭി എത്തിയെങ്കിലും വക്കീല്‍ ഇല്ലായിരുന്നു. വക്കീലില്ല എന്ന് സത്യവാങ്മൂലം എഴുതിക്കൊടുക്കാന്‍ ആവശ്യപ്പെട്ടെങ്കിലും എഴുത്തും വായനയും അറിയാത്തതിനാല്‍ കോടതി പിരിയുംവരെ അവിടെ നിന്നു. വക്കീല്‍ ഓഫിസില്‍ ചെന്നപ്പോള്‍ പണമുണ്ടെങ്കിലേ വക്കീലിനെ ഏര്‍പ്പാടാക്കാനാവൂ എന്ന് ഗുമസ്തന്‍െറ കര്‍ശന നിര്‍ദേശം. തുടര്‍ന്ന് വീട്ടിലേക്ക് തിരിച്ചുപോന്ന അഭിക്ക് അടുത്ത ദിവസം കോടതിയില്‍ ഹാജരാകാന്‍ കഴിയാതെ വന്നതോടെയാണ് ജാമ്യം റദ്ദാക്കി റിമാന്‍ഡ് ചെയ്യാന്‍ വെള്ളിയാഴ്ച പോക്സോ ജഡ്ജി എസ്.എച്ച്. പഞ്ചാപകേശന്‍ ഉത്തരവിട്ടത്. ഇതോടെ, പൊളിഞ്ഞുവീഴാറായ കൂരയില്‍ അമ്മൂമ്മയെ തനിച്ചാക്കി അഭി വീണ്ടും തടവറയിലേക്ക്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ പരമ്പരാഗത ആചാരപ്രകാരം വിവാഹം കഴിക്കുന്ന ആദിവാസി യുവാക്കളെ കുട്ടികള്‍ക്കെതിരെ ലൈംഗികാതിക്രമം തടയല്‍ നിയമം പ്രകാരം കേസെടുക്കുന്നത് ജില്ലാ ഭരണകൂടം ഇടപെട്ട് നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍, ഇതിനകം പോക്സോയില്‍ കുടുങ്ങിയവരുടെ കാര്യത്തില്‍ അധികൃതര്‍ക്ക് മിണ്ടാട്ടമില്ല.

തോമാട്ടുചാല്‍ ചൂരിമൂല പണിയ കോളനിയിലെ അഭിയുടെ ജീവിതം തുടങ്ങിയതേ ദുരന്തങ്ങള്‍ക്കൊപ്പമായിരുന്നു. 20കാരനായ അഭിക്ക് പിതാവിനെയും മാതാവിനെയും കണ്ട ഓര്‍മയില്ല. ജനിച്ച് ഒരാഴ്ചകഴിയും മുമ്പേ മാതാവ് മരിച്ചു. അതുകഴിഞ്ഞ് ഒരാഴ്ചക്കുശേഷം പിതാവ് ആ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച് എങ്ങോട്ടോ പോയി. ചിമ്മിയാണ് പിന്നീട് കൂലിപ്പണിയെടുത്ത് അവനെ വളര്‍ത്തി വലുതാക്കിയത്. ഈച്ചമാനിക്കുന്ന് കോളനിയിലെ 16കാരിയെ കല്യാണം കഴിച്ചതോടെയാണ് പോക്സോ പ്രകാരം അഭി ജയിലിലായത്. റിമാന്‍ഡിലായ അഭിയെ കൂട്ടി പൊലീസുകാരത്തെിയപ്പോള്‍ ചിമ്മിക്ക് നിയന്ത്രണം വിട്ടു. ‘എന്നെ കൊന്നുകള മോനേ. നീ പോയാല്‍ എനിക്കാരാ ഉള്ളത്’ എന്നു പറഞ്ഞ് പേരക്കുട്ടിയെ കെട്ടിപ്പുണര്‍ന്ന് ചിമ്മി വിതുമ്പി. കരച്ചിലടക്കാന്‍ അഭിയും പാടുപെട്ടു. പൊലീസ് അഭിയെ കൂട്ടി പോകുമ്പോള്‍ ‘ഞാനെന്തെങ്കിലും ചെയ്തു കളയും. എനിക്കിനി ജീവിക്കേണ്ടാ’ എന്നു പറഞ്ഞായി കരച്ചില്‍. വിവാഹം കഴിച്ചതിന് ആദിവാസി യുവാക്കളെ പോക്സോ ചുമത്തി തടവറയിലടക്കുന്നതിനെതിരായ സമരസമിതി കണ്‍വീനര്‍ പി.ജി. ഹരിയാണ് കല്‍പറ്റ നഗരത്തില്‍ ഒറ്റക്കായിപ്പോയ ചിമ്മിയെ കോളനിയില്‍ കൊണ്ടുചെന്നാക്കിയത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.