സര്‍ക്കാര്‍ നിലപാട് മാനേജ്മെന്‍റുകള്‍ അംഗീകരിച്ചു; സ്വാശ്രയ എന്‍ജിനീയറിങ് പ്രവേശത്തിന് കരാറായി

തിരുവനന്തപുരം: സ്വാശ്രയ എന്‍ജിനീയറിങ് കോളജ് സീറ്റ് പങ്കിടല്‍ സംബന്ധിച്ച് സര്‍ക്കാറും മാനേജ്മെന്‍റ് അസോസിയേഷനും തമ്മിലുണ്ടായിരുന്ന തര്‍ക്കം പരിഹരിച്ചു. ഇതിനത്തെുടര്‍ന്ന് ചൊവ്വാഴ്ച വൈകീട്ട് സര്‍ക്കാറും അസോസിയേഷനും തമ്മില്‍ കരാറില്‍ ഒപ്പുവെച്ചു. മെറിറ്റ് സീറ്റുകളിലെ പ്രവേശത്തിനായുള്ള ട്രയല്‍ അലോട്ട്മെന്‍റും ഇതിനത്തെുടര്‍ന്ന് പ്രസിദ്ധീകരിച്ചു. പ്രവേശപരീക്ഷാ കമീഷണറുടെ റാങ്ക്പട്ടികയില്‍ നിന്ന് മാത്രമേ മാനേജ്മെന്‍റ് സീറ്റിലേക്ക് പ്രവേശം അനുവദിക്കാനാകൂ എന്ന സര്‍ക്കാര്‍ നിലപാട് ഒടുവില്‍ മാനേജ്മെന്‍റ് അസോസിയേഷന്‍ അംഗീകരിച്ചതോടെയാണ് ഒരാഴ്ചയോളമായി തുടരുന്ന പ്രതിസന്ധിക്ക് പരിഹാരമായത്.

98 കോളജുകളാണ് കരാറിന്‍െറ പരിധിയില്‍ വരുന്നത്. കരാര്‍പ്രകാരം 57 കോളജുകളിലെ മെറിറ്റ് സീറ്റുകളില്‍ കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഫീസ് കുറയും. ഇവിടെ 50,000 രൂപയായിരിക്കും ഏകീകൃത ഫീസ്. എന്നാല്‍, 41 കോളജുകളില്‍ കഴിഞ്ഞവര്‍ഷത്തെ ഫീസ്നിരക്ക് തന്നെയായിരിക്കും ബാധകം. ഇവിടെ മെറിറ്റ് സീറ്റില്‍ 75,000 രൂപയായിരിക്കും ഫീസ്. ഇതില്‍ പകുതി സീറ്റില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് 25,000 രൂപ മാനേജ്മെന്‍റുകള്‍ പിന്നീട് സ്കോളര്‍ഷിപ്പായി തിരിച്ചുനല്‍കും. ഫലത്തില്‍ 41 കോളജുകളില്‍ പ്രവേശം നേടുന്ന സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കും 50,000 രൂപയായിരിക്കും ഫീസ്.

പ്രവേശപരീക്ഷയില്‍ യോഗ്യത നേടാത്തവര്‍ ഉള്‍പ്പെടുന്ന, പ്ളസ് ടു മാര്‍ക്ക് ചേര്‍ത്തുള്ള സമീകരണപ്രക്രിയക്ക് മുമ്പുള്ള (പ്രീ നോര്‍മലൈസേഷന്‍) പട്ടികയില്‍ നിന്ന് പ്രവേശാനുമതി നല്‍കണമെന്ന മാനേജ്മെന്‍റുകളുടെ ആവശ്യം അംഗീകരിക്കാനാകില്ളെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. ഇതിനെച്ചൊല്ലിയാണ് മൂന്ന് തവണയും ചര്‍ച്ച പൊളിഞ്ഞത്. എന്നാല്‍, ചൊവ്വാഴ്ച തിരുവനന്തപുരത്ത് നടന്ന അസോസിയേഷന്‍ യോഗത്തില്‍ സര്‍ക്കാര്‍ നിലപാട് അംഗീകരിക്കാന്‍ ധാരണയാവുകയായിരുന്നു. തുടര്‍ന്നാണ് ആദ്യം മുഖ്യമന്ത്രി പിണറായി വിജയനുമായും വൈകീട്ട് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥുമായും അസോസിയേഷന്‍ ഭാരവാഹികള്‍ ചര്‍ച്ച നടത്തിയത്.

വിദ്യാഭ്യാസമന്ത്രിയുമായുള്ള ചര്‍ച്ചയോടെ കരാറില്‍ ഒപ്പുവെക്കാനുള്ള തീരുമാനമായി. അതേസമയം, ഒഴിഞ്ഞുകിടക്കുന്ന സീറ്റുകള്‍ പ്ളസ് ടു മാര്‍ക്കിന്‍െറ അടിസ്ഥാനത്തില്‍ നികത്താനുള്ള അനുമതി നല്‍കണമെന്ന മാനേജ്മെന്‍റുകളുടെ ആവശ്യം നിവേദനമായി നല്‍കിയാല്‍ പരിശോധിക്കാമെന്ന് ചര്‍ച്ചയില്‍ സര്‍ക്കാര്‍ ഉറപ്പുനല്‍കിയതായി അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

എന്‍.ആര്‍.ഐ, എന്‍.ആര്‍.കെ സീറ്റുകള്‍ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തിയ നിവേദനം ബുധനാഴ്ച സര്‍ക്കാറിന് കൈമാറും. മൂന്ന് തവണ ചര്‍ച്ച നടത്തിയിട്ടും തീരുമാനമാകാതെ വന്നതോടെ അസോസിയേഷന്‍ ഭാരവാഹികള്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ എന്നിവരുമായും ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചക്ക് വഴിതുറന്നത്. എന്‍ജിനീയറിങ് കോളജുകളിലെ മെറിറ്റ് സീറ്റുകളിലേക്ക് ജൂണ്‍ 30നകം ആദ്യ അലോട്ട്മെന്‍റ് നടത്തണമെന്ന് എ.ഐ.സി.ടി.ഇ നിര്‍ദേശം നിലവിലിരിക്കെ കരാറില്‍ ഒപ്പിടാന്‍ വൈകുന്നത് മാനേജ്മെന്‍റുകളെയും സര്‍ക്കാറിനെയും പ്രതിസന്ധിയിലാക്കിയിരുന്നു.

ഈ പ്രതിസന്ധിയാണ് നീങ്ങിയത്. കരാര്‍ ഒപ്പിട്ടതോടെ പ്രവേശനടപടികള്‍ അതിവേഗം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. തിങ്കളാഴ്ച വരെ ലഭിച്ച ഓപ്ഷനുകളുടെ അടിസ്ഥാനത്തിലാണ് ട്രയല്‍ അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചിരിക്കുന്നതെന്ന് പ്രവേശപരീക്ഷാ കമീഷണര്‍ ബി.എസ്. മാവോജി പറഞ്ഞു. വ്യാഴാഴ്ച ഉച്ചവരെ ഓപ്ഷന്‍ സമര്‍പ്പിക്കാം. ഇതിന്‍െറ അടിസ്ഥാനത്തില്‍ ആദ്യ അലോട്ട്മെന്‍റ്പട്ടിക അന്ന് വൈകീട്ട് തന്നെ പ്രസിദ്ധീകരിക്കും.   
   

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.