ഭ്രൂണശാസ്ത്രം ഖുര്‍ആനില്‍

ബീജസങ്കലനം മുതല്‍ ഒരു ശിശുവിന്‍െറ ജനനം വരെയുള്ള സൃഷ്ടിപ്പിലെ അതിസങ്കീര്‍ണ ഘട്ടങ്ങളെക്കുറിച്ചുള്ള ഖുര്‍ആനിന്‍െറ വിശകലനം വളരെ ഗൗരവത്തോടെ ഇനിയും പഠനവിധേയമാക്കേണ്ട വിഷയമാണ്. വര്‍ഷങ്ങള്‍ക്കുമുമ്പ് സൗദി അറേബ്യയിലെ ചില പണ്ഡിതന്മാര്‍ ചേര്‍ന്ന് ലോകപ്രശസ്ത ഭ്രൂണശാസ്ത്ര വിദഗ്ധനും ടൊറന്‍േറാ യൂനിവേഴ്സിറ്റിയിലെ ഭ്രൂണശാസ്ത്ര വിഭാഗം പ്രഫസറുമായ ഡോക്ടര്‍ കീത്ത് മൂറിനെ റിയാദിലേക്ക് ക്ഷണിച്ചുകൊണ്ടുവന്നു. ഭ്രൂണശാസ്ത്ര സംബന്ധമായ എല്ലാ ഖുര്‍ആനിക ആയത്തുകളും അവര്‍ അദ്ദേഹത്തിന്‍െറ മുന്നില്‍വെച്ച് അഭിപ്രായമാരാഞ്ഞു. ഖുര്‍ആനിലെ ഭ്രൂണശാസ്ത്ര വിശകലനങ്ങള്‍ അദ്ദേഹത്തെ അങ്ങേയറ്റം അദ്ഭുതപ്പെടുത്തി എന്നുമാത്രമല്ല, അതിന്‍െറ അടിസ്ഥാനത്തില്‍ ഈ വിഷയത്തിലുള്ള തന്‍െറ ടെക്സ്റ്റ് ബുക്കുകള്‍ വരെ അദ്ദേഹം മാറ്റിയെഴുതുകയുണ്ടായി.

ഭ്രൂണത്തെ അട്ടയെപ്പോലെ ഒട്ടിപ്പിടിക്കുന്നത് (അലഖ്) എന്ന് ഖുര്‍ആന്‍ വിളിച്ചതാണ് അദ്ദേഹത്തെ ഇരുത്തി ചിന്തിപ്പിച്ചത്. അട്ടയുടെ ചിത്രമെടുത്ത് പരിശോധിച്ചപ്പോള്‍ മനുഷ്യ ഭ്രൂണവുമായുള്ള അതിന്‍െറ അസാധാരണമായ സാദൃശ്യം അദ്ദേഹത്തിന് ബോധ്യപ്പെട്ടു. ഭ്രൂണത്തിന്‍െറ ഫോട്ടോയോടൊപ്പം ടെക്സ്റ്റ് ബുക്കില്‍ അദ്ദേഹം അട്ടയുടെ ചിത്രവുമുള്‍പ്പെടുത്തി. ഖുര്‍ആനിക വിജ്ഞാനീയങ്ങളുടെ പശ്ചാത്തലത്തില്‍ അദ്ദേഹം രചിച്ച പുതിയ പുസ്തകം കാനഡയില്‍ വലിയ ചര്‍ച്ചാവിഷയമായി. ‘പൗരാണിക പ്രാര്‍ഥനാ ഗ്രന്ഥത്തില്‍ അദ്ഭുതകരമായ കാര്യം കണ്ടത്തെി’ എന്നായിരുന്നു ഒരുപത്രം നല്‍കിയ തലക്കെട്ട്. ഇത് ദൈവികമാകാതിരിക്കാന്‍ തരമില്ളെന്നായിരുന്നു ഡോ. കീത്ത് മൂറിന്‍െറ പ്രതികരണം.

കുഞ്ഞുണ്ടാകുന്നതെങ്ങനെ എന്ന ചോദ്യത്തിന് പൗരാണികകാലം മുതല്‍ മനുഷ്യന്‍ പല മറുപടിയും പറഞ്ഞിട്ടുണ്ട്. പുരുഷ ബീജത്തില്‍ അടങ്ങിയ മനുഷ്യന്‍െറ ചെറുപതിപ്പ് വളര്‍ന്നാണ് കുഞ്ഞുണ്ടാകുന്നതെന്നാണ് ഒരുവിഭാഗം പറഞ്ഞത്. സ്ത്രീയുടെ ആര്‍ത്തവ രക്തത്തില്‍നിന്നാണ് കുഞ്ഞുണ്ടാകുന്നതെന്നായിരുന്നു ചിലരുടെ നിഗമനം. 1668ലാണ് ശാസ്ത്രജ്ഞര്‍ ഈ വാദഗതികളെ ചോദ്യംചെയ്ത് പുതിയ പഠനങ്ങള്‍ നടത്തിയത്. ആണില്‍നിന്നും പെണ്ണില്‍നിന്നുമുള്ള ബീജത്തിന്‍െറയും അണ്ഡത്തിന്‍െറയും സങ്കലനത്തില്‍നിന്നാണ് കുഞ്ഞ് പിറക്കുന്നതെന്ന് വ്യക്തമാക്കിക്കൊണ്ട് അല്ലാഹു പറഞ്ഞു: ‘മനുഷ്യരേ തീര്‍ച്ചയായും നിങ്ങളെ നാം ഒരാണില്‍നിന്നും പെണ്ണില്‍നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു’ (വി.ഖു. 49:13).

‘കൂടിച്ചേര്‍ന്നുണ്ടായ സങ്കലിതബീജത്തില്‍നിന്നാണ് നാം തീര്‍ച്ചയായും മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത്’ (വി.ഖു. 76:2). പുരുഷന്‍ ഒരു പ്രാവശ്യം സ്രവിക്കുന്ന അനേകംകോടി ബീജങ്ങളില്‍ ഒന്ന് മാത്രമേ സ്ത്രീയുടെ അണ്ഡവുമായി കൂടിച്ചേരുന്നുള്ളൂവെന്ന് ഇന്ന് നമുക്കറിയാം. അല്ലാഹു ചോദിക്കുന്നു. ‘അവന്‍ സ്രവിക്കപ്പെടുന്ന ശുക്ളത്തില്‍നിന്നുള്ള ഒരു ബീജകണം മാത്രമായിരുന്നില്ളേ?’ (വി.ഖു. 75:37). ബീജസങ്കലനം കഴിഞ്ഞ സിക്താണ്ഡം വളര്‍ന്നാണ് ഭ്രൂണമായിത്തീരുന്നത്. ഭ്രൂണം പതുക്കെപ്പതുക്കെ അണ്ഡവാഹിനിക്കുഴലിലൂടെ ഗര്‍ഭാശയത്തിലത്തെുകയും അതിന്‍െറ ഭിത്തിയില്‍ അട്ടയെപ്പോലെ ഒട്ടിപ്പിടിച്ചു കിടക്കുകയും ചെയ്യുന്നു. ഖുര്‍ആനില്‍ ഭ്രൂണത്തിന് ‘അലഖ്’ അഥവാ ‘ഒട്ടിപ്പിടിക്കുന്ന വസ്തു’ എന്നാണ് പ്രയോഗിച്ചിരിക്കുന്നത്.

അലഖ് എന്ന പദത്തിന് അട്ട എന്നും അര്‍ഥമുണ്ട്. ‘മനുഷ്യനെ അവന്‍ അട്ടയെപ്പോലെ ഒട്ടിപ്പിടിക്കുന്ന വസ്തുവില്‍നിന്ന് സൃഷ്ടിച്ചിരിക്കുന്നു’ (വി.ഖു. 96:2). മുഹമ്മദ് നബിക്ക് ആദ്യമിറങ്ങിയ സൂക്തങ്ങളില്‍പെട്ട ഈ സൂക്തം ശാസ്ത്രലോകത്ത് വലിയ വൈജ്ഞാനിക വിസ്ഫോടനം സൃഷ്ടിക്കുമെന്ന് അന്ന് ആരോര്‍ത്തു? 27 ദിവസം കഴിഞ്ഞ ഭ്രൂണത്തെ കണ്ടാല്‍ ചവച്ചുതുപ്പിയ ഒരു ഇറച്ചിക്കഷണമാണെന്ന് തോന്നും. ഇതിന്‍െറ പ്രതലത്തില്‍ പല്ലിന്‍െറ അടയാളം പോലുമുണ്ടാകും. ഈ അവസ്ഥയെക്കുറിച്ച് ഖുര്‍ആന്‍ ‘മുള്ഗത്ത്’ അഥവാ ‘ചവച്ചരക്കപ്പെട്ടത്’ എന്നാണ് പ്രയോഗിച്ചിരിക്കുന്നത്. എത്ര കൃത്യമായാണ് ഗര്‍ഭപാത്രത്തിലെ ഭ്രൂണവളര്‍ച്ച ഖുര്‍ആന്‍ വിവരിക്കുന്നതെന്ന് നോക്കുക. ‘തീര്‍ച്ചയായും മനുഷ്യനെ നാം കളിമണ്ണിന്‍െറ സത്തുകൊണ്ട്  സൃഷ്ടിച്ചിരിക്കുന്നു. പിന്നീട് ബീജമാക്കി അവനെ നാം ഭദ്രമായ ഒരു സ്ഥാനത്തു വെച്ചു. പിന്നീട് ആ ബീജത്തെ ഒട്ടിപ്പിടിക്കുന്ന ഭ്രൂണമായി രൂപപ്പെടുത്തി.

അനന്തരം ആ ഭ്രൂണത്തെ ചവച്ചരച്ച ഒരു മാംസക്കഷണമാക്കി മാറ്റി. തുടര്‍ന്ന് ആ മാംസപിണ്ഡത്തെ അസ്ഥികൂടമായി പരിവര്‍ത്തിപ്പിച്ചു. പിന്നീട് ആ അസ്ഥികൂടത്തില്‍ നാം മാംസം പൊതിഞ്ഞു. അങ്ങനെ മറ്റൊരു സൃഷ്ടിയായി നാം അവനെ വളര്‍ത്തിയെടുത്തു. അപ്പോള്‍ ഏറ്റവും നല്ല സൃഷ്ടികര്‍ത്താവായ അല്ലാഹു എത്ര അനുഗ്രഹപൂര്‍ണന്‍’ (വി.ഖു. 23:12-14). കുട്ടി ആണോ പെണ്ണോ എന്ന് തീരുമാനിക്കുന്നത് പുരുഷ ബീജത്തിലെ ക്രോമസോമുകളാണെന്ന് ശാസ്ത്രം കണ്ടത്തെിയിരിക്കുന്നു. പക്ഷേ, കുട്ടി പെണ്ണായാല്‍ ഈ ആധുനിക ശാസ്ത്രയുഗത്തിലും പഴി കേള്‍ക്കേണ്ടിവരുന്നത് പെണ്ണിനുതന്നെ. ഈ വിഷയത്തില്‍ സ്ത്രീകളുടെ രക്ഷക്കത്തെിക്കൊണ്ട് ഖുര്‍ആന്‍ പറയുന്നത് നോക്കുക. ‘ഒരു പുരുഷബീജം സ്രവിക്കപ്പെടുമ്പോള്‍ അതില്‍നിന്ന് ആണ്‍, പെണ്‍ എന്നീ രണ്ട് ഇണങ്ങളെ അവനാണ് സൃഷ്ടിക്കുന്നത്’ (വി.ഖു. 53: 45,46).

സമ്പാദനം: ഫൈസല്‍ മഞ്ചേരി

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.