അടുത്ത അധ്യയനവര്‍ഷം മുതല്‍ ഒരു സ്കൂളിന് ഒരു തരത്തിലുള്ള യൂനിഫോം മാത്രം

തൃശൂര്‍: സംസ്ഥാനത്തെ എല്ലാ പൊതുവിദ്യാലയങ്ങളിലും അടുത്ത അധ്യാപന വര്‍ഷം മുതല്‍ ഒരു സ്കൂളിന് ഒരു തരത്തിലുള്ള യൂനിഫോം. സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കി.

ചില സ്കൂളുകളില്‍ ഓരോ ദിവസവും ഓരോ സ്പെഷല്‍ യൂനിഫോം നിര്‍ബന്ധമാക്കുന്ന നിയമമുണ്ടെന്നും ഇത് പാലിക്കാത്ത കുട്ടികളെ അന്നേ ദിവസം ക്ളാസിന് പുറത്താക്കുന്നുവെന്നും ഇതില്‍ ബാലാവകാശ കമീഷന്‍ ഇടപെടണമെന്നും കാണിച്ച് തൃശൂര്‍ കുരിയച്ചിറ സ്വദേശിയും വിവരാവകാശ പ്രവര്‍ത്തകനുമായ ജിജു ആന്‍േറാ താഞ്ചന്‍ കമീഷനെ സമീപിച്ചിരുന്നു. ഇക്കാര്യത്തില്‍ കമീഷന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. വ്യത്യസ്ത സാമ്പത്തിക ചുറ്റുപാടുകളില്‍ നിന്നും വരുന്നവര്‍ക്ക് വസ്ത്രങ്ങളുടെ പേരില്‍ മാനസിക വിഷമം ഉണ്ടാകാതിരിക്കാനാണ് ഒരേ തരത്തിലുള്ള വസ്ത്രങ്ങള്‍ ഏര്‍പ്പെടുത്തിയതെന്നും ഒരു സ്കൂളില്‍ വ്യത്യസ്ത ദിവസങ്ങളില്‍ വ്യത്യസ്ത യൂനിഫോം ധരിക്കണമെന്ന ഉത്തരവില്ളെന്നും ഡി.പി.ഐ കമീഷനെ അറിയിച്ചു.

രണ്ടുവര്‍ഷം മുമ്പ് ഒരു വിദ്യാര്‍ഥി യൂനിഫോം ധരിച്ച് ബസില്‍ കയറുകയും പെട്ടെന്ന് അന്നത്തെ യൂനിഫോം അല്ല ധരിച്ചതെന്ന് തിരിച്ചറിഞ്ഞ് ബസില്‍ നിന്ന് ഇറങ്ങുകയും വീട്ടില്‍ പോയി വസ്ത്രം മാറാന്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിച്ച് മരിക്കുകയും ചെയ്തിരുന്നുവെന്ന് ജിജു ആന്‍േറാ താഞ്ചന്‍ കമീഷന് നല്‍കിയ പരാതിയില്‍ ഈ വസ്തുതകള്‍ ചൂണ്ടിക്കാണിച്ചിരുന്നു. വ്യത്യസ്ത ദിവസങ്ങളില്‍ വ്യത്യസ്ത യൂനിഫോം ധരിക്കുന്ന രീതി പലപ്പോഴും യൂനിഫോം മാറി ധരിക്കുന്നതിന് ഇടയാക്കുന്നുവെന്നും അത് കുട്ടികളില്‍ മാനസിക പിരിമുറുക്കത്തിന് കാരണമാക്കുന്നുവെന്നും ബാലാവകാശ കമീഷന്‍ കുട്ടികളുമായി നടത്തിയ സംവാദങ്ങളില്‍ പലപ്പോഴും കുട്ടികള്‍ ചൂണ്ടിക്കാണിച്ചതായി കമീഷനംഗം എന്‍.ബാബു ഉത്തരവില്‍ പറയുന്നു. എല്ലാ പ്രധാനാധ്യാപകര്‍ക്കും ഏപ്രിലില്‍ ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്‍കിയ ഉത്തരവില്‍ പറയുന്നു. ഇതുസംബന്ധിച്ച് സ്വീകരിച്ച നടപടികള്‍ 30 ദിവസത്തിനകം അറിയിക്കാനും കമീഷന്‍ നിര്‍ദേശിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.