കോട്ടയം: കെ.എം. ജോര്‍ജിന്‍െറ മകന് രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാമെങ്കില്‍ എന്‍െറ മകനും ആകാമെന്ന് കെ.എം. മാണി. യൂത്ത് ഫ്രണ്ട് പ്രവര്‍ത്തകനായാണ് ജോസ് കെ. മാണി പൊതുരംഗത്ത് എത്തിയത്. വിമത പ്രവര്‍ത്തനം നടത്തി പാര്‍ട്ടിയില്‍നിന്ന് വിട്ടുപോയവര്‍ കേരള കോണ്‍ഗ്രസിനെ പിന്നില്‍നിന്ന് കുത്തുകയായിരുന്നുവെന്നും അദ്ദേഹം കോട്ടയത്ത് നടന്ന പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റി യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
വിമതര്‍ ചെയ്തത് വലിയ ചതിയാണ്.രണ്ടോ മൂന്നോ പേര്‍ പോയാല്‍ പാര്‍ട്ടിക്ക് ഒന്നും സംഭവിക്കില്ല. അവര്‍ക്ക് കേരള കോണ്‍ഗ്രസ് എമ്മിലേക്ക് തന്നെ തിരിച്ചുവരേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. വിട്ടുപോയവരെല്ലാം തിരിച്ചുവന്ന ചരിത്രമാണ് പാര്‍ട്ടിക്ക്. ഫ്രാന്‍സിസ് ജോര്‍ജിനെ പോലെയുള്ളവര്‍ നിയമസഭയില്‍ വരേണ്ടതാണെന്നും അവര്‍ക്ക് മികച്ച സീറ്റുകള്‍ നല്‍കണമെന്നും താന്‍ നേരത്തേ പറഞ്ഞിട്ടുള്ളതാണ്. വിമതര്‍ എവിടെ നിന്നെങ്കിലും മത്സരിക്കട്ടെ. അതിനെ ഭയക്കുന്നില്ല.
പൂഞ്ഞാര്‍, കുട്ടനാട് സീറ്റുകളില്‍ കേരള കോണ്‍ഗ്രസ് തന്നെ മത്സരിക്കും. കേരള കോണ്‍ഗ്രസിന്‍െറ സിറ്റിങ് സീറ്റുകളൊന്നും ആവശ്യപ്പെടില്ളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരനും ഉറപ്പുനല്‍കിയിട്ടുണ്ട്. ഞങ്ങള്‍ കോണ്‍ഗ്രസിന്‍െറ സീറ്റുകളും ആവശ്യപ്പെടില്ല. ചങ്ങനാശേരിയില്‍ പുതുമുഖം മത്സരിക്കുമോയെന്ന ചോദ്യത്തിന് സി.എഫ്. തോമസ് ഇപ്പോഴും പുതുമുഖമാണെന്നായിരുന്നു കെ.എം. മാണിയുടെ മറുപടി. തന്‍െറ അനുഗ്രഹത്തോടെയാണ് പാര്‍ട്ടി വിട്ടുപോയതെന്ന വിമതരുടെ പ്രസ്താവന ജനത്തെ തെറ്റിദ്ധരിപ്പിക്കാണെന്ന് മന്ത്രി പി.ജെ. ജോസഫ് വ്യക്തമാക്കി.
പാര്‍ട്ടിയിലെ പിളര്‍പ്പിനുശേഷം നടന്ന ആദ്യ സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ മാരത്തണ്‍ ചര്‍ച്ചകളാണ് നടന്നത്. അതിനിടെ, ഫ്രാന്‍സിസ് ജോര്‍ജും കൂട്ടരും വിട്ടുപോയത് നേതൃത്വത്തിന്‍െറ പിടിപ്പുകേടു കൊണ്ടാണെന്നും വിമര്‍ശമുണ്ടായി. ഇക്കാര്യത്തില്‍ കെ.എം. മാണി അടക്കമുള്ളവര്‍ സൂക്ഷ്മത കാട്ടണമായിരുന്നുവെന്നും ചിലര്‍ ആവശ്യപ്പെട്ടു. ഇതിനെതിരെ ചിലര്‍ രംഗത്തുവന്നതോടെ ആ വിഷയം ചര്‍ച്ച ചെയ്യേണ്ടെന്ന് കെ.എം. മാണി നിര്‍ദേശം നല്‍കി.
പിളര്‍പ്പിന്‍െറ പേരില്‍ സീറ്റുകള്‍ കുറക്കാനുള്ള ശ്രമം അനുവദിക്കരുതെന്നും അഭിപ്രായമുണ്ടായി. തൃശൂര്‍ ജില്ലാ പ്രസിഡന്‍റ് ഒഴികയുള്ള നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.