കോഴിക്കോട്: വിശുദ്ധ ഖുര്‍ആനെയും തിരുനബിയെയും സ്ത്രീവിരുദ്ധനായി ചിത്രീകരിക്കാനുള്ള ചിലരുടെ ശ്രമങ്ങള്‍ അഹന്തയില്‍നിന്ന് ഉടലെടുത്തതാണെന്ന് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ (കാന്തപുരം വിഭാഗം) കേന്ദ്ര മുശാവറ അഭിപ്രായപ്പെട്ടു.
മുസ്ലിം വ്യക്തിനിയമത്തിലൂടെ ശരീഅത്ത് നിയമങ്ങള്‍ ആചരിക്കാനുള്ള സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടന പൗരന് നല്‍കുന്ന മൗലികാവകാശമാണെന്നും ബഹുസ്വര സമൂഹത്തില്‍ ഇസ്ലാമിനെ വേര്‍തിരിച്ച് ആക്രമിക്കാനുള്ള ചിലരുടെ ശ്രമം വിലപ്പോവില്ളെന്നും പ്രസിഡന്‍റ് ഇ. സുലൈമാന്‍ മുസ്ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വ്യക്തമാക്കി. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു.
ഉത്തരവാദപ്പെട്ട പദവിയിലിരിക്കുന്നവര്‍ പ്രസ്താവനകള്‍ നടത്തുമ്പോള്‍ തങ്ങളുടെ പദവിയെപറ്റിയും പൊതുസമൂഹത്തോടുള്ള ഉത്തരവാദിത്തത്തെക്കുറിച്ചും ഓര്‍ക്കുന്നത് നല്ലതാണെന്ന് ജസ്റ്റിസ് കെമാല്‍ പാഷയുടെ ശരീഅത്ത് സംബന്ധമായ അഭിപ്രായങ്ങളെ പരാമര്‍ശിക്കവെ യോഗം അഭിപ്രായപ്പെട്ടു. വ്യക്തിപരമായ അഭിപ്രായങ്ങള്‍ ന്യായാധിപസ്ഥാനത്തുള്ള ഒരാള്‍ ഏകപക്ഷീയമായി പൊതുസമൂഹത്തില്‍ അവതരിപ്പിക്കുന്നതില്‍ അനൗചിത്യമുണ്ട്. വ്യക്തിനിയമത്തില്‍ മുസ്ലിം സ്ത്രീകള്‍ സന്തുഷ്ടരും സ്വാതന്ത്ര്യം അനുഭവിക്കുന്നവരുമാണ്.
ബഹുഭാര്യത്വംപോലെ ബഹുഭര്‍തൃത്വവും വേണ്ടേ എന്ന ചോദ്യം ശരീഅത്തിനെതിരെയുള്ള അസഹിഷ്ണുതയില്‍നിന്ന് ഉടലെടുത്തതാണെന്നും ഇന്ത്യയുടെ സെക്കുലറിസത്തെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന സുന്നിസമൂഹം ശരീഅത്തിനെതിരെയുള്ള ഏത് കടന്നാക്രമണത്തെയും ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്നും ഏക സിവില്‍കോഡിനുവേണ്ടിയുള്ള ഏത് ശ്രമങ്ങളെയും ഒറ്റക്കെട്ടായി എതിര്‍ക്കുമെന്നും മുശാവറ വ്യക്തമാക്കി.
അലി ബാഫഖി, ആലിക്കുഞ്ഞി മുസ്ലിയാര്‍ ശിറിയ, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, എ.പി. മുഹമ്മദ് മുസ്ലിയാര്‍, പേരോട് അബ്ദുറഹ്മാന്‍ സഖാഫി എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.