ഭൂനികുതി കൂട്ടണം –ധനകമീഷന്‍

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളുടെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താന്‍ ഭൂനികുതിനിരക്ക് വര്‍ധിപ്പിക്കണമെന്ന് അഞ്ചാം ധനകമീഷന്‍ ശിപാര്‍ശ. പഞ്ചായത്ത് മുനിസിപ്പല്‍ ആക്ട് പ്രകാരം ഓരോ അഞ്ചുവര്‍ഷവും ഭൂനികുതി വര്‍ധിപ്പിക്കണം. നിയമപ്രകാരം അത് ചെയ്തില്ളെങ്കില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്കുണ്ടാകുന്ന വരുമാനനഷ്ടം സര്‍ക്കാര്‍ നികത്തണമെന്നും കമീഷന്‍ ശിപാര്‍ശ ചെയ്യുന്നു. റിപ്പോര്‍ട്ട് ധനകമീഷന്‍ ചെയര്‍മാന്‍ ഡോ. ബി.എ. പ്രകാശ് ഗവര്‍ണര്‍ക്ക് കൈമാറി.

2014-15ലെ വാര്‍ഷികപദ്ധതി നടത്തിപ്പ് പരിതാപകരമെന്ന് കമീഷന്‍ കുറ്റപ്പെടുത്തുന്നു. ഗ്രാമപഞ്ചായത്തുകള്‍ 46ശതമാനവും ബ്ളോക് പഞ്ചായത്തുകള്‍ 53ശതമാനവും ജില്ലാപഞ്ചായത്ത് 42ശതമാനവും മുനിസിപ്പാലിറ്റികള്‍ 40ശതമാനവും കോര്‍പറേഷനുകള്‍ 31ശതമാനവും മാത്രമേ വാര്‍ഷികപദ്ധതി തുക ചെലവാക്കിയിട്ടുള്ളൂ. പ്രാദേശിക സര്‍ക്കാറുകളുടേത് മൊത്തം പരിശോധിച്ചാല്‍ ചെലവ് 44 ശതമാനം മാത്രമാണ്. പദ്ധതികളുടെ ബാഹുല്യമാണ് വാര്‍ഷികപദ്ധതി മോശമാകാനുള്ള കാരണം. അതിനാല്‍ പദ്ധതികളുടെ എണ്ണം മൂന്നില്‍ രണ്ടായി കുറക്കണം.കേന്ദ്രസര്‍ക്കാറിന്‍െറ ഉടമസ്ഥതയിലുള്ള എല്ലാ കെട്ടിടങ്ങള്‍ക്കും വസ്തുനികുതി ബാധകമാക്കാന്‍ നടപടി സ്വീകരിക്കണം.

നിലവില്‍ അതിന് കഴിയാത്ത സാഹചര്യത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ നിയമങ്ങളില്‍ വരുത്താന്‍ കേന്ദ്രത്തോട് ആവശ്യപ്പെടണം. സ്വകാര്യ-അണ്‍എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും ബി.എസ്.എന്‍.എല്‍ വക കെട്ടിടങ്ങള്‍ക്കും വസ്തുനികുതി ബാധകമാക്കണം. നിലവില്‍ റവന്യൂവകുപ്പിന്‍െറ അധികാരപരിധിയിലുള്ളതും അവര്‍ പിരിച്ചെടുക്കുന്നതുമായ കെട്ടിടനികുതി തദ്ദേശസ്ഥാപനങ്ങളിലേക്ക് മാറ്റണം. നികുതിപിരിവ് കാര്യക്ഷമമാക്കുന്ന തദ്ദേശസ്ഥാപനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കണം. ഒരു സാമ്പത്തികവര്‍ഷം നിശ്ചയിച്ചിട്ടുള്ളതിന്‍െറ 97ശതമാനവും പിരിക്കുന്ന ഗ്രാമപഞ്ചായത്തുകള്‍ക്ക് അഞ്ചുലക്ഷം രൂപയും 95ശതമാനം പിരിക്കുന്ന മുനിസിപ്പാലിറ്റികള്‍ക്ക് 10 ലക്ഷം രൂപയും കോര്‍പറേഷനുകള്‍ക്ക് 12.50 ലക്ഷം രൂപയും ബോണസ് നല്‍കണമെന്നും കമീഷന്‍ ശിപാര്‍ശ ചെയ്യുന്നു.

പ്രഫഷനല്‍ നികുതിയുടെ പരിധി 2500 രൂപയില്‍ നിന്ന് 12,000 ആയി വര്‍ധിപ്പിക്കാനുള്ള പതിനാലാം ധനകമീഷന്‍െറ ശിപാര്‍ശ നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാറിനോട് ശിപാര്‍ശചെയ്യും. പ്രഫഷനല്‍ നികുതി ഇപ്പോള്‍ ഒരു ചെറിയവിഭാഗം മാത്രമേ നല്‍കുന്നുള്ളൂ. എല്ലാവിഭാഗം തൊഴില്‍ ചെയ്യുന്നവരെയും നികുതിയുടെ പരിധിയില്‍ കൊണ്ടുവരാന്‍ പഞ്ചായത്ത്-മുനിസിപ്പല്‍ ചട്ടങ്ങളില്‍ മാറ്റം വരുത്തണം. ഹൗസ് ബോട്ടുകള്‍, ടൂറിസം കേന്ദ്രങ്ങളിലെ പ്രവേശം എന്നിവക്ക് വിനോദനികുതി ചുമത്തണം. എല്ലാ കച്ചവട-വ്യാപാരസ്ഥാപനങ്ങളെയും ഡി.ആന്‍ഡ്.ഒ ലൈസന്‍സ് പരിധിയില്‍ കൊണ്ടുവരണമെന്നും റിപ്പോര്‍ട്ടില്‍  ശിപാര്‍ശ ചെയ്യുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.