സി.പി.എമ്മിൽ നിന്ന് അച്ഛൻ നേരിട്ട പീഡനങ്ങൾ നീ മറന്നോ; നികേഷിന് ജ്യേഷ്ഠന്‍റെ കത്ത്

കണ്ണൂർ: സി.പി.എമ്മിൽനിന്ന് എം.വി. രാഘവന് നേരിടേണ്ടിവന്ന പീഡനങ്ങൾ എണ്ണിപ്പറഞ്ഞ് അഴീക്കോടിലെ എൽ.ഡി.എഫ് സ്ഥാനാർഥി എം.വി. നികേഷ്കുമാറിന് ജ്യേഷ്ഠന്‍റെ തുറന്ന കത്ത്. എം.വി.ആറിന്‍റെ മൂത്തമകൻ എം.വി. ഗിരീഷ്കുമാറാണ് നികേഷിന് കത്തെഴുതിയത്. അച്ഛൻ സി.പി.എം നേതാവായിരിക്കേ അരിവാൾ ചുറ്റിക നക്ഷത്രം എന്ന ചിഹ്നം കുടുംബത്തെ പ്രചോദിപ്പിച്ചിട്ടുണ്ട്. എന്നാൽ, ബദൽരേഖ അവതരിപ്പിച്ചതിൽ പിന്നെ സി.പി.എം നമ്മുടെ കുടുംബത്തോടു കാട്ടിയ നെറികേടുകളും അക്രമങ്ങളും നിനക്ക് ഓർമയുണ്ടാകില്ല. മൽസരിക്കാൻ ഒരു സീറ്റ് കിട്ടിയപ്പോൾ നീയതൊക്കെ സൗകര്യപൂർവം മറന്നുപോയി എന്നു കരുതാനാണ് എനിക്കിഷ്ടമെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

ചെരുപ്പുമാലയിട്ടും കൂക്കിവിളിച്ചും കല്ലെറിഞ്ഞും ചിരട്ട കൊട്ടിയും പരിഹാസ്യനാക്കി മാർക്സിസ്റ്റുകാർ നമ്മുടെ അച്ഛനെ നടത്തിയ ദൃശ്യങ്ങൾ മകനെന്ന നിലയിലും ജനാധിപത്യ വിശ്വാസി എന്ന നിലയിലും എന്‍റെ മനസിൽ കല്ലിച്ചുകിടക്കുന്ന വേദനയാണ്. എം.വി.ആറിനോട് കാട്ടിക്കൂട്ടിയ പേക്കൂത്തുകളെക്കുറിച്ച് സി.പി.എം എവിടെയും ഇതുവരെ പശ്ചാത്തപിച്ചതായി അറിവില്ല. അച്ഛൻ കെട്ടിപ്പടുത്ത സ്ഥാപനങ്ങളുടെ നിയന്ത്രണമാണ് അവരുടെ ലക്ഷ്യമെന്ന് തിരിച്ചറിയാത്ത അത്രയും വിവേകമേ നിനക്കുള്ളോയെന്നും ഗിരീഷ് കത്തിൽ ചോദിക്കുന്നു.

യു.ഡി.എഫിന്‍റെയും ജനങ്ങളുടെയും പിന്തുണ ഇല്ലായിരുന്നെങ്കിൽ ടി.പി. ചന്ദ്രശേഖരന്‍റെ ഗതി വരില്ലായിരുന്നോ നമ്മുടെ അച്ഛനും? പട്ടാപ്പകൽ സ്വന്തം വീട് കത്തിച്ചാമ്പലായപ്പോൾ നിനക്കൊന്നും തോന്നിയില്ലേ? കൂത്തുപറമ്പ് വെടിവെപ്പ് അച്ഛൻ മൂലം ഉണ്ടായതാണെന്നു തോന്നുന്നുണ്ടോ? അങ്ങനെയെങ്കിൽ ഈ വർഷത്തെ കൂത്തുപറമ്പ് രക്തസാക്ഷിദിനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത് അച്ഛനെ തള്ളിപ്പറയാനുള്ള ആർജവം കാട്ടണമെന്നും നികേഷിനോട് കത്തിൽ ആവശ്യപ്പെടുന്നു.

ജീവിച്ചിരിക്കുന്ന കാലത്ത് അച്ഛനെ കീഴ്പ്പെടുത്താൻ അവർക്കായില്ല. രാഘവന്റെ മക്കളെ തെരഞ്ഞെടുപ്പിൽ മൽസരിപ്പിച്ച് തോൽപ്പിച്ച് ഇല്ലാതാക്കാനുള്ള ഗൂഢാലോചനയാണിത്. ആ പദ്ധതിയിൽ ആദ്യം വീണത് നമ്മുടെ സഹോദരി ഗിരിജയാണ്. ഇപ്പോൾ നീയുമെന്നും ഗിരീഷ് ചൂണ്ടിക്കാട്ടി.

ബദൽരേഖ വിവാദം മുതൽ സി.എം.പി രൂപീകരണം, പരിയാരം മെഡിക്കൽ കോളജ് സ്ഥാപനം, കൂത്തുപറമ്പ് വെടിവെപ്പ് തുടങ്ങി ഓരോ ഘട്ടങ്ങളിലും സി.പി.എം എം.വി.ആറിനോടും കുടുംബത്തോടും ചെയ്തത് എന്താണെന്നറിയാൻ അദ്ദേഹത്തിന്‍റെ ആത്മകഥയായ ഒരു ജൻമം വായിക്കണമെന്നു ഗിരീഷ് നികേഷിനെ ഓർമിപ്പിക്കുന്നുണ്ട്. സി.പി.എം നേതാക്കൾ നി‌യമസഭക്കുള്ളിൽ വെച്ച് എം.വി.ആറിനെ ആക്രമിച്ച സംഭവത്തെക്കുറിച്ചും കത്തിൽ പരാമർശിക്കുന്നു.

സി.പി.എം പുറത്താക്കിയ ഘട്ടത്തിൽ രാഷ്ട്രീയ അഭയവും സഹായവും നൽകിയ കോൺഗ്രസിനും മുസ്‌ലിം ലീഗിനുമെതിരെയാണു നിന്‍റെ മൽസരമെന്നത് അഴീക്കോട്ടെ ജനങ്ങൾ പരിഹാസത്തോടെയാണു കാണുന്നത്. ആരുടെ മുമ്പിലും തലകുനിക്കാത്ത എം.വി.ആറിന്‍റെ ചിത്രം അഴീക്കോട്ടുകാരുടെ മനസ്സിലുണ്ട്. ആ രാഷ്ട്രീയ പൈതൃകത്തിന്‍റെ പേരിൽ വോട്ടുചോദിക്കാനുള്ള ധാർമികതയും അവകാശവും നികേഷിനില്ലാത്തതുകൊണ്ട് വിജയാശംസകൾ നേരാൻ മടിക്കുന്നു – കത്തിൽ പറയുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.