സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയില്ല; 1643 കോടി രൂപ മിച്ചമുണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയില്ളെന്നും  മികച്ച സാമ്പത്തിക മാനേജ്മെന്‍റാണെന്നും  മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.  ഖജനാവില്‍ 1643 കോടി രൂപ മിച്ചണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.  സാമ്പത്തിക പ്രതിസന്ധിമൂലം പെന്‍ഷന്‍ വിതരണവും ശമ്പള വിതരണവും മുടങ്ങിയെന്ന ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു  മുഖ്യമന്ത്രി.

റിസര്‍വ് ബാങ്കിന്‍റെ കണക്കു പ്രകാരം 2016 മാര്‍ച്ച് 31ന് 1643 കോടി രൂപ മിച്ചത്തിലാണ് 2015-16 സാമ്പത്തിക വര്‍ഷം അവസാനിച്ചത്.  സര്‍ക്കാര്‍ ട്രഷറികളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ മുന്‍കാലങ്ങളില്‍ എന്നപോലെ സുഗമമാണ്. ശമ്പളം, പെന്‍ഷന്‍ എന്നിവയുടെ  വിതരണം, ക്ഷേമ പെന്‍ഷന്‍ വിതരണം, യൂണിവേഴ്സിറ്റി നോ പ്ളാന്‍ ഫണ്ട് വിതരണം  എന്നിവ സുഗമമായി നടക്കുന്നു. ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ളെന്നും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിന്‍റെ ആദ്യപാദ വായ്പാ പരിധിയായ 4300 കോടി രൂപയില്‍ 1000 കോടി രൂപ മാത്രമാണ് സര്‍ക്കാര്‍ ഇതുവരെ വിനിയോഗിച്ചത്. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് റിസര്‍വ് ബാങ്ക് അനുവദിച്ച വേയ്സ് ആന്‍ഡ് മീന്‍സ് പരിധിയുടെ പകുതിപോലും സര്‍ക്കാരിന് ഈ മാസം വരെ ഉപയോഗിക്കേണ്ടി വന്നില്ല.
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പുതുക്കിയ നിരക്കിലുള്ള ശമ്പളം ഏതാണ്ട് പൂര്‍ണമായി വിതരണം ചെയ്തു.

ശമ്പളവും പെന്‍ഷനും മേയ് മാസം മുതല്‍ റിസര്‍വ് ബാങ്കിന്‍റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ ബാങ്ക് വഴിയാക്കിയിരിക്കുകയാണ്. ഈ  ഓലൈന്‍ സംവിധാനത്തിലേക്ക് ആദ്യമായി മാറിയപ്പോള്‍ ഉണ്ടായ ചില സാങ്കേതിക തകരാര്‍ മൂലമാണ് ഏതാനും പേരുടെ ശമ്പളവും പെന്‍ഷനും നല്‍കുന്നതില്‍ കാലതാമസം ഉണ്ടായത്. ഇതു ശ്രദ്ധയില്‍പ്പെട്ട ഉടനെ ട്രഷറിയിലും ധനകാര്യ വകുപ്പിലും പ്രത്യേക ഹെല്‍പ്പ് ഡസ്ക് തുടങ്ങുകയും സമയ ബന്ധിതമായി പരാതികള്‍ പരിഹരിച്ചുവരുകയും ചെയ്യുന്നുണ്ട്. ഹെല്‍പ്പ് ഡെസ്കില്‍ പരിഹരിക്കപ്പെടാതെ വന്നാല്‍ ധനകാര്യ സെക്രട്ടറിക്കു നേരിട്ടു പരാതി നല്‍കാമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.