തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറിയായിരുന്നു 1965ലേത്. മുഖ്യമന്ത്രിയായിരുന്ന ആര്‍. ശങ്കറെ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ മലര്‍ത്തിയടിച്ച കെ. അനിരുദ്ധന് ബി.ബി.സി ഉള്‍പ്പെടെ അന്തര്‍ദേശീയ മാധ്യമങ്ങള്‍ അന്ന് ചാര്‍ത്തിക്കൊടുത്തത് ‘ജയന്‍റ് കില്ലര്‍’ എന്ന വിശേഷണമായിരുന്നു.
തലസ്ഥാനത്തെ സംശുദ്ധ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്‍െറ പ്രതീകമായിരുന്നു ഞായറാഴ്ച അര്‍ധരാത്രി വിടവാങ്ങിയ അനിരുദ്ധന്‍. കനല്‍പ്പാതകളിലൂടെ ചെങ്കൊടി പ്രസ്ഥാനത്തെ നെഞ്ചേറ്റിയ അദ്ദേഹത്തിന്‍െറ പൊതുജീവിതം പുതുതലമുറക്ക് ആവേശം പകരുന്നതാണ്. 1924 സെപ്റ്റംബര്‍ എട്ടിന് തിരുവനന്തപുരം പൊട്ടക്കുഴിയില്‍ കൃഷ്ണന്‍ കോണ്‍ട്രാക്ടറുടെയും ചക്കി ഭഗവതിയുടെയും മകനായി ജനനം. തിരുവനന്തപുരം സെന്‍റ് ജോസഫ്സ് സ്കൂള്‍, എസ്.എം.വി സ്കൂള്‍, കന്യാകുമാരി ജില്ലയിലെ കോട്ടാര്‍ കവിമണി ദേശികവിനായകം പിള്ളൈ സ്കൂള്‍ എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.
സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതിന് സെന്‍റ് ജോസഫ്സ് സ്കൂള്‍, എസ്.എം.വി സ്കൂള്‍ എന്നിവിങ്ങളില്‍നിന്ന് പുറത്താക്കി. പിന്നീട് ജ്യേഷ്ഠന്‍െറ ശ്രമഫലമായി കോട്ടാര്‍ സ്കൂളില്‍ ചേര്‍ന്ന് മെട്രിക്കുലേഷന്‍ പാസായി. തിരുവനന്തപുരത്ത് മടങ്ങിയത്തെി ഇന്‍റര്‍മീഡിയറ്റ് പാസായി. തുടര്‍ന്ന് യൂനിവേഴ്സിറ്റി കോളജില്‍നിന്ന് രാഷ്ട്രതന്ത്രത്തില്‍ ബിരുദം നേടി. സര്‍ സി.പി. രാമസ്വാമി അയ്യര്‍ക്കെതിരായ വിദ്യാര്‍ഥി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി പൊലീസിന്‍െറ നോട്ടപ്പുള്ളിയായി. ഇതിന്‍െറ പേരില്‍ മുന്‍ മുഖ്യമന്ത്രി പി.കെ. വാസുദേന്‍നായര്‍ക്കൊപ്പം കൈവിലങ്ങുവെച്ച് കോളജില്‍നിന്ന് പുത്തന്‍ചന്ത പൊലീസ് സ്റ്റേഷന്‍ വരെ നടത്തിക്കുകയും മൂന്നു ദിവസം ലോക്കപ്പിലിടുകയും ചെയ്തു. എം.എന്‍. ഗോവിന്ദന്‍നായര്‍, പി.കെ. വാസുദേവന്‍നായര്‍ എന്നിവരുമായുള്ള ബന്ധത്തിലൂടെ അനിരുദ്ധന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് ആകൃഷ്ടനായി. മദ്രാസ് ലോ കോളജില്‍നിന്ന് ബി.എല്‍ ബിരുദവും നേടി. അവിടെ അദ്ദേഹത്തിന്‍െറ സഹപാഠിയായിരുന്നു കെ.എം. മാണി.
ഒട്ടേറെ അസംഘടിത തൊഴിലാളി വിഭാഗങ്ങളെ സംഘടിപ്പിച്ചുള്ള പോരാട്ടത്തിലൂടെയാണ് അനിരുദ്ധന്‍ എന്ന പൊതുപ്രവര്‍ത്തകന്‍ ഉയര്‍ന്നുവരുന്നത്. 1965 -66ല്‍ ഒന്നര വര്‍ഷവും 1975ല്‍ അടിയന്തരാവസ്ഥക്കാലത്ത് ഒന്നര വര്‍ഷവും ട്രാന്‍സ്പോര്‍ട്ട്, മിച്ച ഭൂമി സമരങ്ങളില്‍ പങ്കെടുത്തതിനുമായി മൊത്തം ആറു വര്‍ഷം ജയില്‍വാസമനുഷ്ഠിച്ചു.
മുഖ്യമന്ത്രിയായിരുന്ന പട്ടംതാണുപിള്ളയെ വിറപ്പിച്ചായിരുന്നു അനിരുദ്ധന്‍െറ തെരഞ്ഞെടുപ്പിലെ കന്നി അങ്കം. 1960ല്‍ തിരുവനന്തപുരം മണ്ഡലത്തില്‍ പട്ടം അനിരുദ്ധനോട് വിജയിച്ചത് കഷ്ടിച്ച് ആയിരത്തോളം വോട്ടിനായിരുന്നു. 1963ല്‍ പട്ടം പഞ്ചാബ് ഗവര്‍ണറായതോടെ നടന്ന ഉപതെരഞ്ഞെടുപ്പിലൂടെ അനിരുദ്ധന് നിയമസഭാ പ്രവേശമായി. 1965ല്‍ ജയില്‍ വാസമനുഷ്ഠിക്കവെ നടന്ന തെരഞ്ഞെടുപ്പിലാണ് അനിരുദ്ധന്‍ ആര്‍. ശങ്കറിനെ പരാജയപ്പെടുത്തുന്നത്. 1967ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ചിറയിന്‍കീഴിലും അനിരുദ്ധനും ആര്‍. ശങ്കറും ഏറ്റുമുട്ടി. അപ്പോഴും വിജയം അനിരുദ്ധനൊപ്പമായിരുന്നു.
എന്നാല്‍, 1977ല്‍ വയലാര്‍ രവിയോട് പരാജയപ്പെട്ടു. ‘79ല്‍ തിരുവനന്തപുരം ഈസ്റ്റില്‍നിന്ന് ഉപതെരഞ്ഞെടുപ്പിലൂടെ നിയമസഭയിലത്തെി. ‘80ല്‍ തിരുവനന്തപുരം നോര്‍ത്തില്‍നിന്ന് ജയിച്ചു. 1990ല്‍ ജില്ലാ കൗണ്‍സില്‍ രൂപവത്കരിച്ചപ്പോള്‍ ശ്രീകാര്യം ഡിവിഷനില്‍നിന്ന് ജയിച്ചു. മൂന്നു വര്‍ഷം പ്രഥമ ജില്ലാ കൗണ്‍സിലിന്‍െറ പ്രസിഡന്‍റായും സേവനമനുഷ്ഠിച്ചു.
1964 മുതല്‍ 67വരെ പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. അടിയന്തരാവസ്ഥാക്കാലത്ത് ദേശീയ സുരക്ഷിതത്വ നിയമമനുസരിച്ച് അറസ്റ്റ് ചെയ്യപ്പെട്ട് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ എ.കെ.ജിയുടെ മാതൃക പിന്തുടര്‍ന്ന് സ്വയം കേസ് വാദിച്ചു. അനിരുദ്ധനു ശേഷം മകന്‍ എ. സമ്പത്ത് ചിറയിന്‍കീഴില്‍നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പിതാവിനെയും മകനെയും വിജയിപ്പിച്ചെന്ന അപൂര്‍വ ബഹുമതി ഇതോടെ ചിറയിന്‍കീഴ് മണ്ഡലത്തിനായി.
കോളനി അസോസിയേഷന്‍െറ പ്രസിഡന്‍റായിരുന്ന അനിരുദ്ധന്‍ ചേരികളിലെ ജനങ്ങളുടെ ജീവനും മാനത്തിനും സ്വത്തിനും സംരക്ഷകനായും അക്കാലത്ത് നിലകൊണ്ടു. റിട്ട. കോളജ് അധ്യാപിക സുധര്‍മയാണ് ഭാര്യ. എ. സമ്പത്തിനു പുറമേ പ്രമുഖ ഡിസൈന്‍ എന്‍ജിനീയര്‍ എ. കസ്തൂരി മകനാണ്. ഹൈഡ്രോഗ്രാഫിക് സര്‍വേയര്‍ ലിസി സമ്പത്ത്, കേരള സര്‍വകലാശാലാ മുന്‍ അസിസ്റ്റന്‍റ് രജിസ്ട്രാര്‍ എസ്. ലളിത എന്നിവര്‍ മരുമക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.